Categories: Samskriti

ദേവീമാഹാത്മ്യാമൃതം

Published by

ദേവീമാഹാത്മ്യം എന്ന പേരില്‍ പ്രസിദ്ധമായിട്ടുള്ള ദുര്‍ഗാസപ്തശതി എന്ന ഗ്രന്ഥം ദേവീഭക്തന്മാര്‍ക്ക്‌ നിത്യപാരായണത്തിന്‌ ഉപയോഗിക്കുന്ന ഒന്നാണ്‌. നവരാത്രി, കാളിപൂജ മുതലായ വിശേഷങ്ങളില്‍ എല്ലാ വിധികളോടുംകൂടി ഇത്‌ പാരായണം ചെയ്യുന്നത്‌ പുണ്യകര്‍മ്മമായി കരുതുന്നു.

സര്‍വ്വേശ്വരനെ മാതൃകാരൂപത്തില്‍ ആരാധിക്കുക എന്നത്‌ ഹിന്ദുമതത്തിന്റെ ഒരു പ്രത്യേകതയാണ്‌. മാനുഷിക ബന്ധങ്ങളില്‍ ഏറ്റവും മുഖ്യമായിട്ടുള്ളത്‌ അമ്മയോടുള്ള ബന്ധമാകയാല്‍ മാതൃഭാവത്തിലുള്ള ഈ ഈശ്വരാരാധന സത്യസാക്ഷാത്കാരത്തെ ഏറ്റവും സുഗമവും സുഖകരവും ആക്കിത്തീര്‍ക്കുന്നു. കലികാലത്തേക്ക്‌ ദേവീരൂപത്തിലുള്ള ആരാധനയാണ്‌ നന്ന്‌ എന്ന്‌ പ്രത്യക്ഷമായി കാണിച്ചുതന്ന ആളാണ്‌ ശ്രീരാമകൃഷ്ണദേവന്‍. ദേവീമാഹാത്മയത്തില്‍ ദേവിയെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്നുഭാവങ്ങളില്‍ സങ്കല്‍പിച്ച്‌ ആരാധിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. അതിനുവേണ്ടി കഥയെ മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പൂര്‍വഭാഗത്തില്‍ മധുകൈടഭ വധവും മദ്ധ്യഭാഗത്തില്‍ മഹിഷാസുരവധവും ഉത്തരഭാഗത്തില്‍ ശുംഭനിശുംഭ വധവുമാണ്‌ പ്രധാന പ്രതിപാദ്യം.
പൂര്‍വഭാഗത്തില്‍ ശ്രീമഹാകാളിയായും മദ്ധ്യഭാഗത്തില്‍ ശ്രീമഹാലക്ഷ്മിയായും ഉത്തരഭാഗത്തില്‍ ശ്രീമഹാസരസ്വതിയായും സങ്കല്‍പിച്ച്‌ ധ്യാനിച്ചുകൊണ്ടാണ്‌ പാരായണം ആരംഭിക്കുന്നത്‌. അതനുസരിച്ച്‌ നവരാത്രി കാലത്ത്‌ ആദ്യത്തെ മൂന്നുദിവസം കാളിയെയും അടുത്ത മൂന്നുദിവസം ലക്ഷ്ണിയും അവസാനത്തെ മൂന്നുദിവസം സരസ്വതിയെയുമാണ്‌ ആരാധിക്കുന്നത്‌. ഈ കല്‍പനയില്‍ ജീവിതലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗത്തിന്റെ സൂചകം അടങ്ങിയിരിക്കുന്നു.

മനുഷ്യജീവിതത്തിന്റെ പ്രധാനലക്ഷ്യം ജീവന്റെ പരമാത്മാവുമായുള്ള അഭേദ്യപ്രാപ്തിയാണ്‌. അതിന്‌ പ്രതിബന്ധമായി തീരുന്നത്‌ നമ്മുടെ മനസ്സിലെ മാലിന്യമാണ്‌. മനസ്സിനെ മലിനമാക്കുന്ന രാഗം, ദ്വേഷം, കാമം, ക്രോധം, ലോപം മുതലായ അസുരഭാവങ്ങളെ നശിപ്പിച്ച്‌ മനസ്സിനെ ശുദ്ധവും നിര്‍മ്മലവും ആക്കിത്തീര്‍ക്കാന്‍ ശക്തിയുടെയും വീര്യത്തിന്റെയും വിളനിലമായ കാളിയെയാണ്‌ നാം പൂജിക്കേണ്ടത്‌. ഭക്തന്മാരിലുള്ള ദുഷ്ടഭാവങ്ങളെ നശിപ്പിക്കുന്നതില്‍ കാളീദേവിക്ക്‌ യാതൊരു ദാക്ഷണ്യവുമില്ല. അങ്ങനെ അസുരഭാവങ്ങളെ അകറ്റിക്കഴിഞ്ഞാല്‍ പിന്നെ ആദ്ധ്യാത്മിക പുരോഗതിക്ക്‌ ആവശ്യമാണ്‌ ദൈവീകമായ സമ്പത്തിനെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ്‌ ചെയ്യേണ്ടത്‌. അതിന്‌ നമ്മെ സഹായിക്കുന്നത്‌ ഐശ്വര്യദായകമാണ്‌ ഭാവത്തെ പ്രതിനിധാനം ചെയ്യുന്ന മഹാലക്ഷ്മിയാണ്‌.
സാത്വികമായ സദ്ഭാവനകളെ വളര്‍ത്തി ദുര്‍വാസനകളെ ഉന്മൂലനം ചെയ്ത്‌ ശോഭനവും നിര്‍മലവുമായ മനസില്‍ പരമാര്‍ത്ഥ ജ്ഞാനത്തിന്റെ പ്രകാശമുണ്ടാക്കുന്നതിന്‌ സഹായിക്കുന്നത്‌ ജ്ഞാനസ്വരൂപിണിയായ സരസ്വതി ആകുന്നു. അതുകൊണ്ട്‌ ജ്ഞാനവിജ്ഞാനങ്ങളുടെ മൂര്‍ത്തീഭാവമായ മഹാസരസ്വതിയെ നാം മൂന്നാമതായി ആരാധിക്കുന്നത്‌. സരസ്വതീ പ്രസാദം കൊണ്ട്‌ നമുക്കുണ്ടാകുന്ന പരമാര്‍ത്ഥ ജ്ഞാന ലബ്ധിയെയാണ്‌ വിജദശമിയായി ആഘോഷക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by