Categories: Ernakulam

ശുചിത്വോത്സവം-2011: വകുപ്പ്‌ മേധാവികളും തദ്ദേശ ഭരണസ്ഥാപനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ 30നകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍

Published by

കൊച്ചി: ഒക്ടോബര്‍ മുതല്‍ നവംബര്‍ നാല്‌ വരെ നടക്കുന്ന ശുചിത്വോത്സവം-2011 ന്റെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പ്‌ മേധാവികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ സാനിറ്റേഷന്‍ സമിതിക്ക്‌ 30നകം സമര്‍പ്പിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ രണ്ടിന്‌ തുടങ്ങുന്ന പരിപാടിയുടെ ഭാഗമായി ഒന്നിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശുചിത്വ ബാനറില്‍ ഒപ്പ്‌ വെക്കും.

എല്ലാ വിഭാഗം ജനങ്ങളിലും ശുചിത്വ മനോഭാവവും ശീലവും വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വയജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ ശുചിത്വോല്‍സവം. ഓരോ വകുപ്പും ശുചിത്വോത്സവത്തിന്‌ പ്രത്യേക കര്‍മ്മ പരിപാടികള്‍ തയ്യാറാക്കണം. വകുപ്പ്‌ മേധാവി കീഴിലുള്ള ഓഫീസുകളില്‍ നിന്നും കര്‍മ്മ പരിപാടി തയ്യാറാക്കി ക്രോഡീകരിച്ച്‌ ജില്ലാതല പ്രവര്‍ത്തന പരിപാടി തയ്യാറാക്കണം. ഓരോ ഓഫീസിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ നോഡല്‍ ഓഫീസറെ നിശ്ചയിച്ചാവും പ്രവര്‍ത്തനം. എല്ലാ വകുപ്പിലേയും ഓഫീസുകള്‍ ശുചീകരിക്കുന്നതിനൊപ്പം പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യും.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 12-ന്‌ കോലഞ്ചേരി സെന്റ്‌ പീറ്റര്‍ സ്കൂളില്‍ ശുചിത്വ പാര്‍ലമെന്റ്‌ സംഘടിപ്പിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പാര്‍ലമെന്റില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ 10- നകം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്കോ, ശുചിത്വ മിഷന്‍ എന്നിവര്‍ക്കോ സമര്‍പ്പിക്കാം. ജനങ്ങളുടെ ചോദ്യത്തിന്‌ ജനപ്രതിനിധികള്‍ മറുപടി പറയും.

ഇതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ശുചിത്വ റോഡ്‌ ഷോ, ഓഫീസ്‌ ശുചിത്വ അവാര്‍ഡുകള്‍, പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ശുചിത്വ പാര്‍ലമെന്റ്‌, ജില്ലാതല മത്സരങ്ങളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിക്കും. ബ്ലോക്ക്‌ തലത്തില്‍ ശുചിത്വ സന്ദേശ യാത്ര, ശുചിത്വ പ്രശ്ന പഠന പരിപാടി, വിവിധ സ്ഥാപന ഉടമകളുമായുള്ള ചര്‍ച്ച, ശുചിത്വ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, തുടങ്ങിയവയും സംഘടിപ്പിക്കും.

വാര്‍ഡ്‌ തലത്തില്‍ ശുചിത്വ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കും. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജില്ലയെ മാലിന്യ മുക്തമാക്കാന്‍ കഴിയണമെന്ന്‌ ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ തല സ്റ്റേക്ക്‌ ഹോള്‍ഡര്‍മാരുടെ വര്‍ക്ക്ഷോപ്പ്‌ ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിക്കും. നഗരങ്ങളിലെ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആശുപത്രി ശുചീകരിക്കും. പകര്‍ച്ച വ്യാധികള്‍ക്കെതിരെ കൂടുതല്‍ നടപടികളും സ്വീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂള്‍ തലത്തില്‍ രക്ഷകര്‍ത്താക്കളെ ഉള്‍പ്പെടുത്തി ശുചിത്വ പ്രാധാന്യ പ്രചരണവും ശില്‍പശാലകളും സംഘടിപ്പിക്കും. എല്ലാ കോളനികളിലും പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടപ്പാക്കും.

ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ അദ്ധ്യക്ഷത വഹിച്ച ശുചിത്വോത്സവം പ്രവര്‍ത്തന കര്‍മ്മ പരിപാടി രൂപീകരണത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, വിവിധ വകുപ്പ്‌ മേധാവികള്‍, ഐ.എം.എ പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍ മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by