Categories: Ernakulam

മാലിന്യമുക്ത രോഗവിമുക്ത നഗരത്തിനായി മൂവാറ്റുപുഴ നഗരസഭ

Published by

മൂവാറ്റുപുഴ: സംസ്ഥാനത്തൊട്ടാകെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്‌ പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാലിന്യമുക്ത രോഗവിമുക്ത നഗരം എന്ന ലക്ഷ്യവുമായി നഗരസഭ മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടി ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചതായി നഗരസഭ ചെയര്‍മാന്‍ യു. ആര്‍. ബാബു അറിയിച്ചു.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മലിനീകരണത്തിനെതിരായ പ്രചാരണം ശക്തിപ്പെടുകയും എല്ലാ വാര്‍ഡുകളിലും മാലിന്യ വിമുക്ത സമിതികള്‍ രൂപീകരിക്കുകയും പരിസരശുചീകരണത്തിന്‌ ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ച്‌ വരുകയും ചെയ്യുന്നതിനാലാണ്‌ ജില്ലയിലൊട്ടാകെ പകര്‍ച്ചവ്യാധികള്‍ രൂക്ഷമായപ്പോഴും മൂവാറ്റുപുഴ നഗരത്തില്‍ രോഗങ്ങള്‍ പടര്‍ന്ന്‌ പിടിക്കാത്തതെന്ന്‌ ചെയര്‍മാന്‍ അവകാശപ്പെട്ടു. കാവുങ്കരയില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെട്ടു എന്ന നിലയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നഗരസഭ എപ്പിഡെമിക്‌ സെല്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ്‌ കാഴ്ചവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രി, ആയുര്‍വ്വേദ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവടങ്ങളില്‍ മരുന്നു ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്‌.

ഒക്ടോബര്‍ 2മുതല്‍ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പരിസരശുചീകരണ സേവന വാരമായി നഗരസഭയില്‍ ആചരിക്കുവാനും തീരുമാനിച്ചു. 50വീടിന്‌ ഒരു സന്നദ്ധ ഭടനെന്ന നിലയില്‍ എല്ലാ വാര്‍ഡുകളിലും പൊതു സ്ഥലങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തുവാനും റോഡിനിരുവശവും കാടുവെട്ട്‌, വെള്ളക്കെട്ട്‌ ഇല്ലാതാക്കല്‍ എന്നിവ നടത്തുവാനും തീരുമാനമായി.

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക്‌ ഫൈന്‍ ചുമത്തുന്നതിനൊപ്പം ഇവരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക്‌ പാരിതോഷികവും നല്‍കും. കാല്‍നടയായി വന്ന്‌ റോഡരുകിലേക്ക്‌ മാലന്യം വലിച്ചെറിയുന്നവര്‍ക്ക്‌ 500രൂപ പിഴ ഈടാക്കുമ്പോള്‍ ഇത്തരക്കാരെ ചൂണ്ടികാണിക്കുന്നവര്‍ക്ക്‌ 250രൂപ പാരിതോഷികം നല്‍കും. വാഹനത്തിലെത്തി മാലിന്യം വലിച്ചെറിഞ്ഞാല്‍ 1000രൂപയും , പുഴയിലേക്ക്‌ എറിയുന്നവര്‍ക്ക്‌ 10,000രൂപയും ഈടാക്കും, ഇത്തരത്തിലുള്ളവ ചൂണ്ടികാണിച്ചാല്‍ 300, 1000 നിരക്കില്‍ പാരിതോഷികവും നല്‍കുമെന്ന്‌ പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by