ശാഖാ മാനേജരായി യൂക്കോ ബാങ്ക്, കോഴിക്കോട് ശാഖയില്‍ സേവനം ചെയ്തുവരവെ, 1981 സപ്തംബറില്‍ ഒരു സായാഹ്നത്തില്‍ ശാഖയിലെ ജീവനക്കാരനും അയാളുടെ പ്രായമായ ഒരു ബന്ധുവും മാനേജരുടെ മുറിയില്‍ വന്നു. ബന്ധുവിനെ ജീവനക്കാരന് എന്നെ പരിചയപ്പെടുത്തിയശേഷം അദ്ദേഹത്തെ കൂടെ കൊണ്ടുവന്നതിന്റെ കാരണം വിശദീകരിച്ചു.
മാവൂര്‍ റോഡില്‍ അദ്ദേഹത്തിന് പത്ത് സെന്റ് സ്ഥലത്ത് ഓടിട്ട പഴയ വീടുണ്ട്. ഊഹിക്കാത്തതിലും വലിയ ഒരു വിലയ്ക്ക് ആ വസ്തു വിലയ്ക്ക് വാങ്ങുവാന്‍ ഒരു മലപ്പുറത്തുകാരനെത്തിയെന്ന് ജീവനക്കാരന് എന്നോട് പറഞ്ഞശേഷം, അദ്ദേഹത്തിന്റെ ബന്ധു പതിഞ്ഞ സ്വരത്തില്‍ എന്നോട് പറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു.
“സാറെ, ലക്ഷങ്ങളാണ് കിട്ടേണ്ടത്. അവയില്‍ കള്ളനോട്ടുകളുമുണ്ടാകും. നല്ല നോട്ടും കള്ളനോട്ടും തിരിച്ചറിയാന്‍ എന്നെപ്പോലുള്ള സാധാരണക്കാരന് പ്രയാസമാണ്. സാറിന്റെ കാഷ്യറെ വീട്ടിലയച്ച് നോട്ടുകള്‍ എണ്ണിയെടുത്താല്‍ ഉപകാരമാകും. ലഭിക്കുന്ന വിലയുടെ മുക്കാല്‍ പങ്കും ദീര്‍ഘകാല നിക്ഷേപമായി സാറിന്റെ ബാങ്കില്‍ വയ്ക്കാം”, എന്നാണ് അദ്ദേഹം പറഞ്ഞത്.
ബാങ്ക് ചീഫ് കാഷ്യറെതന്നെ ആ കാര്യത്തിനായി നിയോഗിച്ച കാര്യം അറിഞ്ഞുകൊണ്ടാണെന്നു കരുതുന്നു, കള്ളനോട്ടുകളൊന്നും കൂട്ടത്തില്‍ തിരുകിവയ്ക്കുവാന് മലപ്പുറത്തുകാരന് ധൈര്യപ്പെട്ടില്ല.
മൂന്ന് ദശകങ്ങള്‍ കടന്നുപോയി, ആ സംഭവത്തിനുശേഷം ഇടയ്ക്കിടയ്ക്ക് കള്ളനോട്ടുകള്‍ പിടിച്ചെടുത്തുവെന്ന് വാര്‍ത്താ മാധ്യമങ്ങളില്‍നിന്നും നമ്മള് മനസ്സിലാക്കുന്നു. എന്നാല്‍ നമ്മളറിയുന്നത്, ഭീമാകാരമായ ഒരാനയുടെ വാലിന്റെ വ്യാപ്തിയോളമേ വരുന്നുള്ളൂ.
വിലപ്പെരുപ്പം ഉണ്ടാകുന്നതില്‍ കള്ളനോട്ടുകള്‍ക്ക് നല്ലൊരു പങ്കുണ്ട്. സാധാരണ ജനങ്ങളുടെ കൈകളില്‍പ്പോലും അവരുടെ ആവശ്യത്തേക്കാള്‍ എത്രയോ ഇരട്ടി ധനമെത്തുമ്പോള്, നിത്യോപയോഗ വസ്തുക്കള്‍ക്ക് അവയുടെ വില എത്രയാണെന്ന് അറിയുവാന്‍ അവര്‍ മെനക്കെടുന്നില്ല. വില കൂടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കാര്‍ഷികവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധാരണ കര്‍ഷകര്‍ക്ക് കൂടിയ വിലയുടെ പങ്ക് ലഭിക്കുന്നുമില്ല. കടത്തില്‍ മുങ്ങിയ അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആത്മഹത്യയല്ലാതെ വേറൊരു വഴിയില്ലാതെയാകുന്നു.
അഴിമതിയിലൂടെയും കൈക്കൂലിയിലൂടെയും സമ്പാദിച്ച ധനമാണ് വിലപ്പെരുപ്പത്തിനുള്ള വേറൊരു പ്രധാന ഘടകം. സാമ്പത്തിക മേഖല ആഗോളീകരിക്കപ്പെട്ടതിനെത്തുടര്ന്ന്, ഈ ഇനത്തിലെ സമ്പാദ്യത്തിന്റെ വ്യാപ്തി ആകാശംമുട്ടെയായിക്കൊണ്ടിരിക്കുകയാണ്. 2ജി സ്പെക്ട്രം ഇടപാടിന്റെ വ്യാപ്തിയറിഞ്ഞ് തലകറങ്ങിവീണ സത്യസന്ധര്‍ ഏറെയാണ്. അഴിമതിയിലൂടെ ലഭ്യമാക്കിയ കള്ളപ്പണം എങ്ങനെയൊക്കെ വിനിയോഗിച്ചുവെന്നും ജനങ്ങളറിഞ്ഞു.
ഭരണം നിലനിര്‍ത്തുവാനായി, മുഖ്യമായി കൂട്ടുമന്ത്രിസഭാ കക്ഷികള്‍, എന്ത് അഴിമതി ചെയ്താലും ഭരണകര്‍ത്താക്കള്‍ നിസ്സംഗരായി കഴിയുന്ന അവസ്ഥയാണിന്ന്, നമ്മുടെ ഭാരതത്തില്‍. അഴിമതി ഇല്ലാതാക്കാനോ, കള്ളനോട്ടുകളുടെ സ്രോതസ് നശിപ്പിക്കാനോ ഈ ഭരണകര്‍ത്താക്കള്‍ മെനക്കെടുന്നില്ല. മുന്നണിയിലെ കൂട്ടുകക്ഷികളെയും സ്വന്തം കക്ഷിയിലെ പ്രബലരെയും പേടിച്ച് അധികാരം നഷ്ടപ്പെടാതിരിക്കുവാന്‍ സര്‍ക്കാരിനെ നയിക്കുന്നവര്‍, വിലപ്പെരുപ്പത്തെ നിയന്ത്രിക്കുവാന്‍ എന്തെങ്കിലും ചെയ്തുവെന്ന് ജനങ്ങളെ ബോധിപ്പിക്കുവാന്‍ ചെയ്യുന്ന നടപടികളിലൊന്നാണ് ബാങ്ക് വായ്പാ പലിശ വര്‍ധിപ്പിക്കുവാന്‍ കാരണമാകുന്ന റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ ബാങ്ക് പലിശനിരക്കെന്ന ‘വടി’പ്രയോഗം.
റിസര്‍വ്ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍, ബാങ്കുകള്‍ തങ്ങളുടെ വായ്പാ നിരക്കുകളും വര്‍ധിപ്പിക്കല്‍ നടപടിയാരംഭിക്കുന്നു. പ്രതിമാസം പലിശയും മുതലും തിരിച്ച് ലഭിക്കുന്ന ഗൃഹനിര്‍മാണം, വാഹനം വാങ്ങല്‍ എന്നീ വായ്പകളിന്മേലാണ് ബാങ്കുകളധികവും പലിശ വര്‍ധനവിന്റെ ഭാരച്ചുമട് വയ്ക്കുന്നത്. പലിശനിരക്ക് വര്‍ധനവ് പുതിയ വായ്പയെടുപ്പുകാരെ തല്ക്കാലം പിന്തിരിപ്പിച്ചേക്കും. എന്നാല്‍ വീണ്ടും വര്‍ധിക്കുന്നതിന് മുമ്പ് തങ്ങളുടെ ആവശ്യം നിറവേറ്റാമെന്ന തീരുമാനത്താല്‍ അധികപലിശക്ക് ഇവര്‍ ഗൃഹനിര്‍മാണ/വാഹനവാങ്ങള് വായ്പയെടുക്കും. ഇക്കാരണത്താല്‍ പലിശനിരക്ക് വര്‍ധിപ്പിച്ചതുകൊണ്ട് സമ്പദ്വ്യവസ്ഥയില്നിന്നും പണപ്രവാഹം കുറയുന്നില്ല. വിലപ്പെരുപ്പം നിയന്ത്രിക്കുവാന്‍ പണപ്പെരുപ്പം കുറക്കുന്നതിലേക്കായി പലിശനിരക്ക് കൂട്ടുന്ന രീതി ഫലപ്രദമാവുന്നില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ വാണിജ്യബാങ്കുകളും പൊതുജനങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ലഭ്യമായ നിക്ഷേപത്തുകയുടെ ഒരുഭാഗം റിസര്‍വ്ബാങ്കില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥയാണ് ക്യഷ് റിസര്‍വ് റേഷ്യോ. റൊക്കപണമില്ലാതെ ബാങ്കുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതി വരാതിരിക്കുവാനാണ്, റൊക്കപണമായി റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ കരുതല്‍ ധനശേഖരം വെക്കണമെന്ന നിബന്ധന വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ ബാങ്ക് വായ്പാ പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെത്തുടര്‍ന്ന്, മിക്ക ബാങ്കുകളും അവരുടെ നിക്ഷേപങ്ങളില്‍ കൊടുക്കുന്ന പലിശനിരക്കും വര്‍ധിപ്പിക്കുന്നതിനാല്‍ ബാങ്കുകളിലേക്കുള്ള ധനമൊഴുക്ക് കുറയുന്നില്ല. ഇങ്ങനെ ലഭ്യമാകുന്ന നിക്ഷേപധനം, വ്യാപാര-വ്യവസായ ആവശ്യത്തിനും ഉപഭോഗ ആവശ്യത്തിനുമായ വായ്പകളായി വീണ്ടും സമ്പദ്വ്യവസ്ഥയില് എത്തുകയാണ്. ഇത് വിലപ്പെരുപ്പത്തിന് കാരണമാകുന്നു.
സാധാരണ ജനങ്ങള്‍ക്കും സ്ഥിരമായ/ക്ലിപ്ത വരുമാനമുള്ളവര്‍ക്കും സാധാരണ ജീവിതം നയിക്കുവാനായി, നിത്യോപയോഗ സാധനങ്ങളുടെ വിലപ്പെരുപ്പം നിയന്ത്രിക്കേണ്ടത് ഭരണാധികാരികളുടെ ധര്‍മമമാണ്. അതിനായി, ഈ ലേഖനം തയ്യാറാക്കിയ എളിയവന്റെ എളിയ നിര്‍ദേശങ്ങളാണ്
അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കുവാനുള്ള ദൃഢമായ തീരുമാനങ്ങളും നടപടിക്രമങ്ങളും ഭരണാധികാരികള്‍ കര്‍ക്കശമായി നപ്പിലാക്കുക. അഴിമതിയിലൂടെ സ്വായത്തമാക്കിയ കള്ളപ്പണം കണ്ടുപിടിച്ച് അവ സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കുന്ന നടപടിയെടുക്കുക. ബാങ്കുകളില്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയില്‍ കരുതലായി വെക്കേണ്ട റൊക്കം പണത്തിന്റെ തോത് ആവശ്യാനുസാരം വര്‍ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുക. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് യുക്തമായ വില ലഭ്യമാക്കുക (ഇത്തരുണത്തില്‍ കേരളാ ഹൈക്കോടതി പാലിന്റെ വില കൂട്ടുന്നതില്‍ യോജ്യമായ വിധി പ്രസ്താവിച്ചത് കണക്കിലെടുക്കണം). നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം വരാതെ അവയുടെ ലഭ്യത ഉറപ്പാക്കുക (ഉള്ളിയുടെ വില പലപ്പോഴും കൂടുന്നത്, കയറ്റുമതി ചെയ്യുന്നതിനാലുള്ള ലഭ്യത കുറവിനാലാണ്). പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുവാനായി ജനങ്ങളെ ആത്മാര്‍ത്ഥമായി ഉദ്ബോധിപ്പിക്കുക.
ഒരു സാമ്പത്തിക വിദഗ്ധനല്ല ഈ ലേഖകന്‍. ബാങ്കില്‍ സേവനം നടത്തിയതിന്റെ അനുഭവങ്ങളാണ് ലേഖനത്തിനാധാരമെന്ന് എളിമയോടെ അറിയിക്കട്ടെ.
വാ.ലക്ഷ്മണപ്രഭു
പ്രതികരിക്കാൻ ഇവിടെ എഴുതുക: