ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയൂര്‍ദൈര്‍ഘ്യമുളള സംസ്ഥാനമാണ് കേരളം. 73 വയസ്സാണ് ഒരു കേരളീയന്റെ ശരാശരി ആയുസ്സ്. 1998ല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെപെന്ഷന് പ്രായം 60 വയസ്സായി വര്‍ദ്ധിപ്പിച്ചത്.
അതിന്റെ തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുളള പതിനൊന്നു സംസ്ഥാനങ്ങള്‍ അവിടുത്തെ ജീവനക്കാരുടെ പെന്ഷന് പ്രായം 60 വയസ്സായി ഉയര്‍ത്തുകയുണ്ടായി. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങി കേരളം ഒഴികെയുളള മേറ്റ്ല്ലാ സംസ്ഥാനങ്ങളിലും ജീവനക്കാരുടെ പെന്ഷന് പ്രായം 58 വയസ്സാണ്. കേരളത്തില്‍ തന്നെ സംസ്ഥാന ഖജനാവില്‍ നിന്നും ശമ്പളം പറ്റുന്ന മെഡിക്കല്‍ കോളേജ് അധ്യാപകര്‍, ജഡ്ജിമാര്‍ തുടങ്ങി ഒരു വിഭാഗം ജീവനക്കാര്‍ക്കു പെന്ഷന് പ്രായം 60 വയസ്സായി ഉയര്‍ത്തിയിട്ടുമുണ്ട്. കേരളത്തിലെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്ഷന് പ്രായം 58 വയസ്സായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ താമസിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് 60 വയസ്സുവരെ സര്‍വ്വീസില്‍ തുടരുമ്പോള്‍ അതേ വീട്ടിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന് 55 വയസ്സില്‍ വിരമിക്കുന്ന അവസ്ഥ തികച്ചും വിവേചനപരമാണ്. കേരളത്തിലെ പല വകുപ്പുകളുടെയും മേധാവികള്‍ ഐഎഎസ്, ഐപിഎസ് തലത്തിലുളള ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് 60 വയസ്സുവരെ സര്‍വ്വീസില്‍ തുടരുവാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍, ശിപായിമാര്‍ വരെയുളള ജീവനക്കാര്‍ 55 വയസ്സിലാണ് വിരമിക്കേണ്ടത്. 60 വയസ്സായ ഒരു വകുപ്പ് മേധാവി 55 വയസ്സില്‍ റിട്ടയര്‍ ചെയ്യുന്ന തന്റെ കീഴുദ്യോഗസ്ഥന് യാത്ര അയപ്പ് നല്കി പറഞ്ഞു വിടുന്ന സാഹചര്യം ഈ വൈരുദ്ധ്യത്തിന് ഉദാഹരണമാണ്.
കേന്ദ്രത്തിലും കേരളം ഒഴികെയുളള മറ്റ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ പെന്ഷന് പ്രായവര്‍ദ്ധനവ് 13 വര്‍ഷം കഴിഞ്ഞിട്ടും കേരളത്തില്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ല, അല്ലെങ്കില്‍ സമ്മതിക്കില്ല എന്ന് പറയുന്നതിന് യാതൊരു ന്യായീകരണവുമില്ല. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്ഷന് തീയതി ഏകീകരണം വഴി, ജീവനക്കാര്‍ക്ക് ഒരു മാസം മുതല്‍ 11 മാസം വരെ അവരുടെ സര്‍വ്വീസ് നീട്ടികിട്ടിയിട്ടുണ്ട്. വളഞ്ഞ വഴിയിലൂടെ പെന്ഷന് പ്രായം 56 വയസ്സാക്കാനുളള പ്രസ്തുത ശ്രമം ഫലത്തില്‍ ഒരു പരാജയമായിരുന്നു എന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പെന്ഷന് തീയതി ഏകീകരണം വഴി ജീവനക്കാര്‍ക്കും സര്‍ക്കാരിനും തൊഴില്‍ രഹിതര്‍ക്കും യാതൊരു മെച്ചവും ഉണ്ടായില്ല. ജീവനക്കാരെ സംബന്ധിച്ച് സീനിയറും ജൂനിയറുമായ ജീവനക്കാര്‍ ഒരേ ദിവസം വിരമിക്കുന്നതു കാരണം സര്‍വ്വീസിന്റെ അവസാന കാലത്ത് ലഭിച്ചിരുന്ന പ്രമോഷന് സാധ്യതകളാണ് നഷ്ടപ്പെട്ടത്. അത് അവരുടെ പെന്ഷന് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങളില്‍ വന്‍ കുറവാണുണ്ടാക്കിയത്. സര്‍ക്കാരിനെ സംബന്ധിച്ച് ഒരു വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഏകദേശം 16000 ത്തോളം വരുന്ന ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങളായി 3200 കോടിയോളം രൂപ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ കൊടുത്തു തീര്‍ക്കേണ്ടി വരുന്നതു മൂലം വന്‍ സാമ്പത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നത്. മുമ്പ് ഇത് അതാത് മാസങ്ങളിലായി കുറേശ്ശെ കൊടുത്തു തീര്‍ത്താല്‍ മതിയായിരുന്നു. തൊഴില്‍രഹിതരെ സംബന്ധിച്ച് എല്ലാ ഒഴിവുകളും യഥാസമയം റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധിക്കാത്തതു കാരണം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അടിക്കടി ദീര്‍ഘിപ്പിക്കുന്നത് മൂലമുണ്ടായ ആശയക്കുഴപ്പം റാങ്ക് ഹോള്‍ഡേഴ്സിനും അതുപോലെ തന്നെ യഥാസമയം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ കഴിയാതെ വന്ന സാഹചര്യം പിഎസ്സിയെയും ആശങ്കയിലാക്കുകയാണ് ചെയ്തത്. സൂപ്പര്‍ ന്യൂമറി തസ്തികകളിലെ നിയമനത്തിലെ അവ്യക്തതയും അതോടൊപ്പം തന്നെ കാണേണ്ട വസ്തുതയാണ്. തൊഴിലില്ലായ്മയെ കുറിച്ചുളള സങ്കല്‍പ്പത്തില്‍ വന്ന മാറ്റങ്ങളും കാണാതിരുന്നുകൂടാ. ഒരു കാലത്ത് അതിരൂക്ഷമായിരുന്ന തൊഴിലില്ലായ്മ, ഇന്ന് നമ്മുടെ സമൂഹത്തെ അലട്ടുന്ന പ്രശ്നമല്ലാതായി തീര്‍ന്നിട്ടുണ്ട്. അതിന് ഒരു പ്രധാന കാരണം സ്വകാര്യ മേഖലയില്‍ ഉണ്ടായ തൊഴിലവസരങ്ങളാണ്. ഇന്ന് തൊഴിലിനു വേണ്ടി ഒരു യുവജനപ്രസ്ഥാനങ്ങളും സമരം ചെയ്യുന്നത് നമുക്ക് കാണുവാന്‍ സാധിക്കില്ല. രാഷ്ട്രീയ പ്രേരിതമായ സമരങ്ങള്‍ മാത്രമാണ് ഇന്ന് നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരുടെ കണക്ക് യഥാര്‍ഥത്തിലുളള തൊഴില്‍ രഹിതരുടെ എണ്ണമല്ല, മറിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിക്കാത്തവരുടെ എണ്ണമാണ്. ഇതില്‍ തന്നെ ലക്ഷക്കണക്കിന് യുവാക്കള്‍ വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ഒരു വര്‍ഷം ഉണ്ടാക്കുന്ന 16000ത്തോളം ഒഴിവുകള്‍ കൊണ്ട് ഇതിന് പരിഹാരം കാണുവാന്‍ സാധിക്കില്ല.
പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കുന്നത് മൂലം പ്രതിവര്‍ഷം 3200 കോടി രൂപയുടെ നീക്കിയിരിപ്പ് സര്‍ക്കാരിന് ഉണ്ടാക്കുവാന്‍ സാധിക്കും. 5 വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ 16,000 കോടി രൂപ കണ്ടെത്തുവാന്‍ കഴിയും. ഈ രൂപ കൊണ്ട് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി പോലുളള സംരംഭങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനും അതുവഴി കേരളത്തില്‍ പുതിയ ഒരു തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുക്കുവാനുമാണ് ശ്രമിക്കേണ്ടത്. പെന്ഷന് പ്രായം 60 വയസ്സായി വര്‍ദ്ധിപ്പിക്കുന്നത് മൂലം തുടര്‍ന്ന് വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നടക്കാതെ വരും. അതിന് പരിഹാരമെന്നനിലയില്‍ ജോലിക്ക് അപേക്ഷിക്കാവുന്ന പരമാവധി വയസ്സില്‍ ആനുപാതികമായ ഇളവ് അനുവദിക്കേണ്ടതാണ്.
55 വയസ്സായവരെ ഒരു ജോലിയും ചെയ്യാതെ വീട്ടിലിരുത്തി പെന്ഷന് നല്‍കുന്നതിന് പകരം അഞ്ച് വര്‍ഷം കൂടി അവരുടെ സേവനം സമൂഹത്തിന് ലഭ്യമാക്കുന്നതിനുളള സുവര്‍ണ്ണാവസരമാണ് പെന്ഷന് പ്രായം 60 വയസ്സാക്കുന്നതിലൂടെ ലഭിക്കുന്നത്. യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ യാഥാര്‍ഥ്യബോധത്തോടുകൂടിയ സമീപനം സ്വീകരിക്കുവാന്‍ തയ്യാറാകണം. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലെ ജീവനക്കാരന് 60 വയസ്സുവരെ ജോലിചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ല, ഒരു മതിലിനപ്പുറത്ത് സെക്രട്ടറിയേറ്റിലെ ജീവനക്കാരന് 55 വയസ്സുവരെയേ ജോലി ചെയ്യുവാന്‍ പാടുളളൂ എന്നുളള നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടികളും യുവജനസംഘടനകളും ഇക്കാര്യത്തില്‍ സൗഹാര്‍ദ്ദപരമായ സമീപനം സ്വീകരിക്കുവാന്‍ തയ്യാറാകേണ്ടതും സര്‍ക്കാര്‍ അടിയന്തരമായി തീരുമാനം എടുക്കേണ്ടതും അത്യാവശ്യമാണ്.
പി. സുനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: