കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന് കുന്നുകൂടുന്ന, മാലിന്യസംസ്കരണം എന്ന സംസ്കാരം എന്തെന്നറിയാത്ത സമൂഹമാണ്. ഈ മാലിന്യക്കൂമ്പാരങ്ങളാണ് കേരളത്തെ പകര്‍ച്ചപ്പനികളും മഞ്ഞപ്പിത്തവും ബാധിക്കാന്‍ കാരണമായത്. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി ഇവിടെ എലിപ്പനി ബാധിച്ച് മരിക്കുന്നവരില്‍ നല്ലൊരു വിഭാഗം മദ്യപാനികളാണെന്ന് കേന്ദ്രസംഘം കണ്ടെത്താനുള്ള അടിസ്ഥാന കാരണം മദ്യസാക്ഷരതയില്‍ മുന്നില്‍നില്‍ക്കുന്ന കേരളീയന്റെ 8.2 ലിറ്റര്‍ പ്രതിശീര്‍ഷ മദ്യപാനമാണ്. പകര്‍ച്ചപ്പനി ബാധമൂലം 180 പേരിലധികം സംസ്ഥാനത്ത് ഇതിനകം മരണമടഞ്ഞുകഴിഞ്ഞു. മഞ്ഞപ്പിത്തം പടരുന്നത് വെള്ളത്തില്‍ക്കൂടിയാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും മലയാളികള്‍ മലിനമാക്കാത്ത ഒരു ജലസ്രോതസ്സുപോലും 44 നദികളും അനേകം കിണറുകളും കുഴികളും തോടുകളുമുള്ള കേരളത്തിലില്ല.
ഇപ്പോള്‍ മാലിന്യമുക്ത കേരളത്തിന് ഒരു വര്‍ഷത്തെ കര്‍മപദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ചുവര്‍ഷമായി തുടര്‍ച്ചയായി പനിഗ്രസ്തമാണ് കേരളം എന്ന് ഇപ്പോള്‍ തിരിച്ചറിയുന്ന സര്‍ക്കാര്‍ ഈ സാഹചര്യമൊഴിവാക്കാന്‍ നിര്‍ദ്ദേശം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമ്പോഴും അലക്ഷ്യമായ മാലിന്യനിക്ഷേപം ശിക്ഷാര്‍ഹമാക്കാന്‍ നടപടി എടുക്കുന്നില്ല. ആധുനിക രീതിയില്‍ ഖരമാലിന്യസംസ്കരണത്തിന് പ്ലാന്റ് സ്ഥാപിക്കുമെന്നും മറ്റുമുള്ള പ്രഖ്യാപനം പ്രഖ്യാപന ഘോഷയാത്രയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതല്ലാതെ പ്രായോഗിക തലത്തില്‍ എത്തിച്ചേരുന്നില്ല. ശുചിത്വം ദൈവികത്വത്തിന് സമാനമാണെന്നാണ് ചൊല്ല്. ശുചിത്വബോധം ലവലേശമില്ലാത്ത മലയാളിയുടെ നാട് സാത്താന്റെ നാടാകുന്നതില്‍ എന്തിനതിശയിക്കണം!
ഇപ്പോള്‍ കേരളവും കൊച്ചിയും വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് പരിപാടികള്‍ ആസൂത്രണംചെയ്യുകയാണ്. വിദേശികള്‍ കേരളത്തിലെത്തുമ്പോള്‍ അവരെ സ്വാഗതംചെയ്യുന്നത് ദുര്‍ഗന്ധപൂരിതമായ വായുവും പൊട്ടിപ്പൊളിഞ്ഞ റോഡുകളുമാണ്. വിനോദസഞ്ചാരികള്‍ ദശകങ്ങളായി ചൂണ്ടിക്കാണിക്കുന്നത് പൊതുവായ ശുചിത്വമുള്ള ടോയ്ലറ്റുകളുടെയും കംഫര്‍ട്ട് സ്റ്റേഷനുകളുടെയും അഭാവമാണ്. ബസ്സ്റ്റാന്റുകളിലെ മൂത്രപ്പുരകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സ്ത്രീയാത്രക്കാര്‍ മാത്രമല്ല ദുരിതമനുഭവിക്കുന്നത്, ഇവ ഉപയോഗിക്കാന്‍ ആവശ്യമുള്ള വിനോദസഞ്ചാരികള്‍ കൂടിയാണ്. പല ഹോട്ടലുകളിലെ ടോയ്ലറ്റുകള് പോലും ശുചിത്വമില്ലാത്തവയാണ്. പബ്ലിക് ടോയ്ലറ്റുകള് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കടലാസില്‍ ഒതുങ്ങുന്നു.
വിനോദസഞ്ചാരികളെ പിന്തിരിപ്പിക്കുന്ന മറ്റൊരു കാര്യം കേരളത്തിലെ റോഡുകളാണ്. കേരളത്തിലെ റോഡുകളുടെ അവസ്ഥ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതാണെന്നും റോഡുകള്‍ നന്നാക്കാത്ത നടപടി ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നുമാണ് ഹൈക്കോടതി നിരീക്ഷണം. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മൂന്നാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം വേണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷയിലാണ് റോഡുകള്‍ നാണക്കേടാണെന്ന് കോടതി നിരീക്ഷിച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കര്‍മപദ്ധതി (എന്ന പ്രഖ്യാപനം) തയ്യാറാക്കിയിട്ടുണ്ടെന്നും ആയിരം കോടി രൂപ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ ഉല്‍ബോധിപ്പിച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കുഴികള്‍ അടയ്ക്കാനും യാത്ര സുഗമമാക്കാനും ഒരു മാസത്തിനകം നടപടിയെടുക്കും എന്ന സര്‍ക്കാര്‍ വാഗ്ദാനം വര്‍ഷങ്ങളായി തകര്‍ന്ന് കുഴികളായി റോഡുകള്‍ നിലനിന്നുവരുന്ന കേരളത്തിന് എത്ര വിശ്വാസാര്‍ഹമാണ്.
അയല്‍ സംസ്ഥാന റോഡുകള്‍ മാസങ്ങളോളമോ വര്‍ഷങ്ങളോളമോ തകരാതെ നിലനില്‍ക്കുന്നത് കാണുന്ന അധികൃതര്‍ കേരളത്തില്‍ ഇന്ന് റോഡുപണി അഴിമതിക്കുള്ള സ്രോതസായി മാത്രമാണ് കാണുന്നത്. കോണ്ട്രാക്ടര്മാരും കോര്പ്പറേഷന്-പിഡബ്ല്യുഡി അധികൃതരും ഒത്തുകളിച്ച് കള്ളക്കണക്കുണ്ടാക്കി നടത്തുന്ന ഉപരിതല മിനുക്കുപണിയെയാണ് കേരളസര്‍ക്കാര്‍ റോഡ് അറ്റകുറ്റപ്പണി തീര്‍ക്കല്‍ എന്ന് വിശേഷിപ്പിക്കുന്നത്. 23,000 കിലോമീറ്റര്‍ പിഡബ്ല്യൂഡി റോഡില്‍ 8070 കിലോമീറ്റര്‍ കുഴിസമൃദ്ധമാണെന്ന് അധികാരികള്‍തന്നെ പറയുന്നു. കുഴിയടയ്ക്കാനും അറ്റകുറ്റപ്പണികള്‍ക്കും ടെണ്ടര്‍ നല്കി എന്നും വെളിപ്പെടുത്തുന്നു. എല്ലാ ടെണ്ടറുകളും ഒത്തുകളിയാകുമ്പോള്‍ മിനിമം നിലവാരത്തില്‍ പോലും റോഡുകള്‍ നിര്‍മിക്കപ്പെടുന്നില്ല. ചാനല്‍ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഒന്നരയിഞ്ചോ മറ്റോ ഘനത്തില്‍ മെറ്റല്‍ ഇടുന്നതിന് പകരം അര സെന്റീമീറ്റര്‍ പോലും മെറ്റല്‍ ഇടാതെയാണ് കുഴികള്‍ നികത്തുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും എന്നാണ്. വൈയ്ക്കോല്‍ ഇട്ട് കുഴിയടച്ച് മുകളില്‍ ടാര്‍ ചെയ്യുമ്പോള്‍ കുഴികള്‍ വീണ്ടും രൂപീകൃതമാകാതിരിക്കുന്നതെങ്ങിനെ?
നിശ്ചിതമായ അളവില്‍ മെറ്റലും ടാറും ഉപയോഗിക്കണമെന്ന കര്‍ശനമായ നിബന്ധനകള്‍ നിലനില്‍ക്കേയാണ് ഈ വിധം മിനുക്കുതന്ത്രങ്ങള്‍. റോഡു പണിതാല്‍ ഇത്ര വര്‍ഷത്തിന് ഗ്യാരന്റി വേണമെന്നും നിബന്ധനയുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. കലൂര്‍-കടവന്ത്ര റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിലെ അപാകതകള്‍ക്കെതിരെ പ്രതിഷേധിച്ച് ജനങ്ങള്‍ സത്യഗ്രഹം ഇരുന്നശേഷമാണ് ആ റോഡ് ഈ മഴ കഴിഞ്ഞിട്ടും യാത്രായോഗ്യമായി നിലനില്‍ക്കുന്നത് ജനജാഗ്രതയുടെ തെളിവാണ്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെ തെരഞ്ഞെടുപ്പ് ചട്ടം നിലവിലുണ്ടായിരുന്നതും അതിനുശേഷം വന്ന കനത്ത മഴയുമാണ് റോഡിന്റെ ഇപ്പോഴത്തെ ശോച്യാവസ്ഥക്ക് കാരണം എന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിശദീകരണം. എല്‍ഡിഎഫും യുഡിഎഫും ഈ വിഷയത്തില്‍ തികഞ്ഞ ഐക്യദാര്‍ഢ്യത്തോടെയാണ് കോടതി പറഞ്ഞതുപോലുള്ള ജനങ്ങളെ അവഹേളിക്കുന്ന നയം തുടരുന്നത്. ടൂറിസം വികസനത്തിന് ഷോകേസ് ചെയ്യാന്‍ നല്ല റോഡുകളും ശൗച്യാലയങ്ങളും അനിവാര്യമാണ്. ഒപ്പം റോഡ് മരണങ്ങളിലും കേരളം ദേശീയ റെക്കോഡ് സ്ഥാപിക്കുന്നത് മദ്യപിച്ചുള്ള വാഹനഓട്ടവും തകര്‍ന്ന് കുഴിനിറഞ്ഞ റോഡുകളുമാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിബദ്ധത വേണ്ടത് അവരെ തെരഞ്ഞെടുത്ത് അയച്ചവരോടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: