Categories: Vicharam

മുഖം നഷ്ടപ്പെടുന്ന മോഡി വിമര്‍ശകര്‍

Published by

പല രാഷ്‌ട്രീയനേതാക്കളും ഇന്ത്യക്കുപുറത്തുള്ള ലോകത്തെ കാര്യങ്ങള്‍ അറിയുന്നത്‌, വിദേശത്തു കഴിയുന്ന പഴയ പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നോ, ഓവര്‍സീസ്‌ സിറ്റിസണ്‍ഷിപ്‌ കാര്‍ഡ്‌ അഭിമാനപൂര്‍വം കൈവശം സൂക്ഷിക്കുന്ന മകനില്‍ നിന്നോ മകളില്‍ നിന്നോ, അല്ലെങ്കില്‍ അയല്‍പക്കക്കാരന്റെ ഫസ്റ്റ്കമ്പിയില്‍ നിന്നോ ഒക്കെ നേരിട്ടാണ്‌. ഇതു കാരണമാണ്‌ അവരുടെ ലോക രാഷ്‌ട്രീയവീക്ഷണങ്ങള്‍ അരവട്ടത്തരമായി തീരുന്നത്‌.

അമേരിക്കയുടെ തെക്കുഭാഗത്തുള്ള ഒരു കൊച്ചു ടൗണില്‍ 26 കൊല്ലമായി കഴിയുന്ന ഒരു എന്‍ആര്‍ഐ പറഞ്ഞ മണ്ടത്തരം ഞാന്‍ ഓര്‍ത്തു പോകയാണ്‌. അയാളുടെ രാഷ്‌ട്രീയക്കാരനായ സഹോദരന്‌ വിദേശകാര്യങ്ങള്‍ മനസിലാക്കാനുള്ള പ്രധാന ബുദ്ധിജീവിസ്രോതസ്‌ ഇ പ്രവാസി ആയിരുന്നു. ഒരിക്കല്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെ വന്‍ ജനപിന്തുണയുണ്ടെന്ന്‌ ഞാന്‍ തര്‍ക്കിക്കുന്നത്‌ കേട്ട്‌ അയാള്‍ക്ക്‌ വലിയ അരിശമുണ്ടായി ബുഷിനെ പിന്തുണയ്‌ക്കുന്ന ഒരു അമേരിക്കക്കാരനെപ്പോലും ഞാന്‍ കണ്ടുമുട്ടിയിട്ടില്ല എന്നു അയാള്‍ എന്നെ അറിയിച്ചു. താങ്കളുടെ സാമൂഹിക ബന്ധങ്ങളും അനുഭവങ്ങളും പരിമിതമായിരിക്കാം. എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ പ്രവാസിക്ക്‌ വലിയനീരസമാണുണ്ടായത്‌.

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുള്ള ഉത്തരവ്‌ നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നു ആക്ടിവിസ്റ്റുകള്‍ ക്ഷുഭിതരായ പോയ വാരത്തില്‍ മേല്‍പറഞ്ഞ സംഭവം എന്റെ ഓര്‍മയില്‍ തെളിഞ്ഞുകൊണ്ടേയിരുന്നു. ചമ്മിനാശമായ ആക്ടിവിസ്റ്റുകളുടെ ക്ഷോഭം ഭയങ്കരമായ ക്രോധാഗ്നിയായി ആളിക്കത്തവേ, നിറപ്പകിട്ടും രംഗപ്പകിട്ടും ഏറെ ഇഷ്ടപ്പെടുന്ന നരേന്ദ്രമോഡി മതസൗഹാര്‍ദ്ദത്തിനായി മൂന്നു ദിവസം ഉപവസിക്കുവാന്‍ തീരുമാനിച്ചു.

മാധ്യമരംഗത്ത്‌ പ്രമുഖസ്ഥാനമുള്ള ഒരു സുഹൃത്ത്‌ എന്നോട്‌ പറഞ്ഞത്‌ മോഡിയുടെ പുതിയ കാമ്പയിനിനെ പിന്തുണക്കുന്ന ഒരൊറ്റയാളിനെപോലും അവള്‍ക്കു കാണാനായില്ല എന്നാണ്‌.

” ആളുകളെ നിറുത്തേണ്ടിടത്ത്‌ നിറുത്തണമല്ലോ നമ്മുടെ വീട്ടില്‍ വിളിച്ചു കയറ്റാന്‍ കൊള്ളുന്ന തരക്കാരല്ല മോഡിയുടെ അനുയായികള്‍” അവള്‍ തുടര്‍ന്നു പറഞ്ഞു.

ഒരു ബുഷ്‌ അനുയായിയെ പോലും ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത പ്രവാസിയും (അതിനാല്‍ ബുഷിനെ അനുയായികളേ ഇല്ല എന്നാണയാളുടെ നിഗമനം) മോഡിയനുകൂലികളെ പരിസരത്ത്‌ അടുപ്പിക്കാത്ത മാന്യമഹിളയും തമ്മില്‍ പൊതുവായുള്ളത്‌ ഒരു നിഷേധാത്മക ബോധമാണ്‌.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വ്യക്തിനിഷ്ഠങ്ങളായ അനുഭവങ്ങളല്ല യഥാര്‍ഥ ലോകത്തെ രൂപപ്പെടുത്തുന്നത്‌. അതുപോലെ തന്നെ, പണം,പോപ്സംസ്കാരം, മോടിയായ വസ്ത്രധാരണം തുടങ്ങിയ ഉപരിപ്ലവകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പശ്ചാത്യവത്ക്കരിക്കപ്പെട്ട ഒരു കൂട്ടം പരിഷ്കാരികള്‍ കൂത്താടുന്ന ഇന്ത്യന്‍ മാധ്യമരംഗമല്ല ഇന്ത്യന്‍ മനോഭാവത്തെ നിശ്ചയിക്കുന്നത്‌. അതാണു നടക്കുന്നതെങ്കില്‍,നരേന്ദ്രമോഡി ഇന്ന്‌ ഇന്ത്യാസമുദ്രത്തിലെ ജീവനയോഗ്യമല്ലാത്ത ഏതെങ്കിലും ദ്വീപില്‍ കിടന്നു ഇഞ്ചിഞ്ചായി ക്ഷയിച്ചേനെ. പക്ഷേ, അതല്ല സംഭവിക്കുന്നത്‌. മാധ്യമങ്ങള്‍ എത്രത്തോളം മോഡിയെ ഒരു ഭയങ്കരനായ രക്തരക്ഷസ്സായി ദുഷ്ചിത്രീകരണം നടത്തുന്നുവോ, അത്രത്തോളം ശക്തനും ജനപ്രിയനുമായി ഉയരുകയാണ്‌ അദ്ദേഹം.

മോഡിയുടെ ഗ്രാഫ്‌ ഉയര്‍ന്നുപോകുന്ന കാഴ്ച ഹൃദയാപഹാരിയാകുന്നു. 2001-ല്‍, ബിജെപി പോലും എഴുതിത്തള്ളിയ ഒരു സര്‍ക്കാരിനെ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ , ആറുവര്‍ഷത്തെ ഇടവേളക്കുശേഷം അദ്ദേഹം ഗുജറാത്തിന്റെ രാഷ്‌ട്രീയഭൂമിയില്‍ പാരച്ചൂട്ടിലെന്നപോലെ ഉറക്കപ്പെട്ടു. അടുത്തവര്‍ഷം മാര്‍ച്ചില്‍, ഗോധ്രാനന്തര കലാപത്തെ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ സുനാമിയില്‍ അദ്ദേഹം ശത്രുക്കള്‍ക്കു ഏകലക്ഷ്യമായി. ഏതൊരു നേതാവിനെയും എന്നെന്നേക്കുമായി രാഷ്‌ട്രീയ വിസ്മൃതിയിലേക്കു എടുത്തെറിയാന്‍ തക്ക വണ്ണം പ്രചണ്ഡമായിരുന്നു ലഹളയോടുബന്ധപ്പെട്ട മോഡിക്കെതിരെ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങള്‍. ആ ആസന്നദുരന്തത്തിനെ കണ്ഠാശ്ലേഷം ചെയ്തു പിടിച്ചു നേരെ തിരിച്ചു നിറുത്തിയവന്‍ നരേന്ദ്രമോഡി. ആ അനുഭവത്തില്‍ നിന്നും മോഡി പാഠം പഠിച്ചു. ആ അഗ്നിപരീക്ഷണത്തില്‍ നിന്നും പൂര്‍വാധികം ശക്തനായി ഉയര്‍ന്നു വന്നു.

2002 ഡിസംബര്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പായപ്പോള്‍, സംസ്ഥാനത്തു വിജയക്കൊടി നാട്ടുമെന്ന്‌ ഉറപ്പായും കോണ്‍ഗ്രസ്‌ വിശ്വസിച്ചിരുന്നു. മോഡിക്കെതിരെ കുരിശുയുദ്ധം നടത്തി വന്ന സര്‍ക്കാരേതര സംഘങ്ങള്‍ കൊടുത്ത വിവരങ്ങളായിരുന്നു കോണ്‍ഗ്രസിന്റെ കടുത്ത ശുഭാപ്തി വിശ്വാസത്തിനും നിദാനം. ഒപ്പത്തിനൊപ്പമുള്ള മത്സരമാണ്‌ നടക്കുന്നതെന്നാ ഘോഷിച്ചു കൊണ്ട്‌ തെരഞ്ഞെടുപ്പ്‌ സര്‍വേകള്‍ ബിജെപിയുടെ ആസന്നവിജയത്തെ കുറച്ചുകാണിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. ആര്‍ക്കു വോട്ടുചെയ്യണം എന്നു തീരുമാനിച്ചിട്ടില്ല എന്നു പറഞ്ഞവരെ കൂടി കോണ്‍ഗ്രസിന്റെ പെട്ടിയിലിട്ട്‌ ‘ഔട്ട്ലുക്ക്‌’ വാരികയുടെ വിദഗ്ധ സര്‍വ്വേക്കാരന്‍ മോഡിയുടെ പരാജയം സുനിശ്ചിതമാണെന്ന്‌ പ്രവചിച്ചു.

2007 ലും നാടകം ആവര്‍ത്തിച്ചു. ആതവണ മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുക്കയും ഉദാസീനരായ ജനങ്ങളെയാണ്‌ മോഡി യോഗങ്ങളില്‍ അഭിസംബോധന ചെയ്യുന്നതെന്ന്‌ എഴുതിപ്പിടിപ്പിക്കയും ചെയ്തു.

തെരഞ്ഞെടുപ്പ്‌ അപഗ്രഥനവിദഗ്ധന്‍ യോഗേന്ദ്രയാദവ്‌ മോഡി തോല്‍ക്കപ്പെടാമെന്നു പ്രഖ്യാപിച്ചു കളഞ്ഞു.

പോയിന്റ്‌ ലളിതമാണ്‌. മഞ്ഞക്കണ്ണടയിലൂടയേ മോഡിയെ വീക്ഷിക്കാവു. 2002 ലഹളയെ എന്നു ജ്വലിച്ചു നിറുത്താന്‍ ആഗോള ടെന്‍ഡറുകള്‍ വിളിക്കപ്പെട്ടിരിക്കുന്നു. കോടതിവ്യവഹാരങ്ങളുടെ പാറ്റേണ്‍ ശ്രദ്ധിക്കു. ആദ്യം ആരോപിക്കപ്പെട്ടത്‌ ഗുജറാത്ത്‌ പോലീസ്‌ പക്ഷപാതപമായി പ്രവര്‍ത്തിച്ചു എന്നാണ്‌. പിന്നെ, പക്ഷപാതം ഗുജറാത്ത്‌ ജുഡീഷ്യറിയുടെ മേല്‍കെട്ടിവെച്ചു. തുടര്‍ന്നു സുപ്രീം കോര്‍ട്ട്‌ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചു അന്വേഷിപ്പിച്ചു. എന്നാല്‍ ട്രീസ്റ്റാസെതല്‍ വാദ്‌, മല്ലികാ സാരാഭായി തുടങ്ങിയ ആക്ടിവിസ്റ്റുകളുടെ അവകാശവാദങ്ങളുടെ പരമാര്‍ത്ഥത്തില്‍ എസ്‌ഐടി സംശയം പ്രകടിപ്പിക്കയും സാക്ഷികളായി ചമഞ്ഞ്‌ എത്തുന്നവര്‍ പറയുന്നത്‌ വെറും കള്ളസാക്ഷ്യങ്ങള്‍ മാത്രമാണെന്നു സൂചിപ്പിക്കയും ചെയ്തപ്പോള്‍, സുപ്രീം കോടതിയാല്‍ നിയുക്തമായ പ്രസ്തുത അന്വേഷണസംഘത്തിന്റെ ആര്‍ജവവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു.

കോടതിയുടെ വിചാരണ മാധ്യമവിചാരണയായി മാറാന്‍ തക്ക ഒരു സാഹചര്യം ഒരുക്കപ്പെടാന്‍ ശ്രമമുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച, മോഡിയുടെ രാജി അനിവാര്യമാകത്തക്ക വിധത്തിലുള്ള ഒരു പ്രതികൂല ഉത്തരവ്‌ സുപ്രീം കോടതി പുറപ്പെടുവിക്കുമെന്ന ശുഭപ്രതീക്ഷയില്‍ ഇളിച്ച ചിരിയുമായി മാധ്യമങ്ങള്‍ കാത്തിരുന്നു. സുപ്രീംകോടതിയിലെ ന്യായാധിപന്‍മാര്‍ നിയമത്തെ മുറുകെ പിടിച്ചു കൊണ്ടും അവരുടെ മേലുള്ള സമ്മര്‍ദ്ദങ്ങളെ അവഗണിച്ചുകൊണ്ടും മോഡിക്കെതിരെയുള്ള ഭ്രാന്തമായ ദുരാരോപണങ്ങളെ മുഴുവന്‍ ബൈബിള്‍വാക്യങ്ങളായി അംഗീകരിക്കുവാന്‍ വിസമ്മതിച്ച ശേഷവും മോഡീവിരുദ്ധര്‍ക്കു കുസലില്ല. നാണം ലേശവുമില്ലാതെ, മോഡിക്കു ക്ലീന്‍ ചിറ്റൊന്നും കൊടുത്തിട്ടില്ല എന്നു മാത്രമുരുവിട്ടു നടക്കയാണവര്‍. അവരുടെ മയമെന്തെന്നാല്‍ ഹെഡ്‌വീണാല്‍ ഞാന്‍ ജയച്ചു. ടെയില്‍സാണെങ്കില്‍ നീ തോറ്റു എന്നതാണ്‌.

കഴിഞ്ഞ പതിറ്റാണ്ടില്‍ ഗുജറാത്തിന്റെ ശരാശരി ജിഡിപി ഗ്രോത്ത്‌ മൊത്തവരുമാനം പത്തുശതമാനമാണ്‌ രാജ്യത്ത്‌ ഒന്നാമത്‌ സംസ്ഥാനത്തിന്റെ കാര്‍ഷിക വളര്‍ച്ചയും പത്തുശതമാനം തന്നെ. മുടന്തിനീങ്ങുന്ന ഇന്ത്യന്‍ കാര്‍ഷികരംഗത്തിനു അത്യത്ഭുതകരമായ നേട്ടമാണിത്‌. എന്നിട്ടും, മാധ്യങ്ങളില്‍ വരുന്ന ഗുജറാത്ത്‌ വാര്‍ത്തകള്‍ ട്രീസ്റ്റാസെതല്‍വാദ്‌ സപ്ലെ ചെയ്യുന്നത്‌ മാത്രം.

ഒരു വാര്‍ത്താ ഏജന്‍സി എന്ന നിലയില്‍ ടീസ്റ്റ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയും, തത്ഫലമായി അവള്‍ പത്മാ പുരസ്കാരസമ്മാനിതയായി തീരുകയും ചെയ്തിരിക്കുന്നു. ഇതിനു സമാന്തരമായി നരേന്ദ്രമോഡി കൈവരിച്ച പുരോഗതി ശ്രദ്ധിച്ചാലും ഒമ്പതു സംവല്‍സരങ്ങള്‍ക്കു മുമ്പ്‌, അടല്‍ബിഹാരി വാജ്പേയിയുടെ എതിര്‍പ്പിനെ നേരിട്ട്‌ മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ മോഡിക്കു എങ്ങനെ കഴിഞ്ഞു എന്നത്‌ നമ്മള്‍ ഊഹിച്ചു മനസിലാക്കേണ്ട ഒരു കാര്യമായിരുന്നു. ഈ ആഴ്ച മോഡിയെ കുറിച്ചുള്ള വര്‍ത്തമാനം 2014 ല്‍ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നതിനെ ചുറ്റിപറ്റിയാണ്‌.

മുന്‍ കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ , ചിലര്‍ മോഡിക്കു നേരെ വാതില്‍ കൊട്ടിയടക്കുന്നത്‌ നല്ലതെന്നു വേണം കരുതാന്‍.

സ്വപന്‍ ദാസ്ഗുപ്ത

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by