തലസ്ഥാനത്ത് പാര്‍വതീപുത്തനാറിലെ ദുരന്തം ഒരിക്കല്‍ക്കൂടി കേരളത്തെ കണ്ണീരിലാഴ്ത്തി. കഴക്കൂട്ടത്തിനടുത്ത് കഠിനംകുളം ചാന്നാങ്കര പാലത്തില്‍ നിന്നും സ്കൂള്‍ വാന്‍ പാര്‍വതീപുത്തനാറിലേക്ക് മറിഞ്ഞ് നാല് പിഞ്ചുകുഞ്ഞുങ്ങള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. അപകടത്തില്‍പ്പെട്ട ഒരു കുട്ടി പിന്നീട് മരിക്കുകയായിരുന്നു. 20ഒാളം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് പാര്‍വതീപുത്തനാര്‍ മരണക്കയമായി മാറിയത്. കഴിഞ്ഞ ഫെബ്രുവരി 17 ന് കരിക്കകത്ത് വച്ച് സ്കൂള്‍ വാന്‍ പാര്വതീപുത്തനാറിലേയ്ക്ക് മറിഞ്ഞ് ആറ് കുട്ടികള്‍ക്കും ആയയ്ക്കും ജീവന് നഷ്ടപ്പെട്ടതിന്റെ ദുരന്തസ്മരണകള്‍ വിസ്മൃതിയിലാകുന്നതിനു മുന്‍പേയാണ് വീണ്ടും കേരളം കണ്ണീര്തൂകുന്നത്. മരണനിരക്കിന്റെ എണ്ണം കുറഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മണല്‍ വാരാനായി ആറിലുണ്ടായിരുന്ന വള്ളത്തിന്റെ മുകളിലേയ്ക്ക് വാന്‍ മറിഞ്ഞതു കാരണമാണ് വാന്‍ പൂര്‍ണമായും മുങ്ങുന്നതിനു മുന്‍പ് ഭൂരിഭാഗം കുട്ടികളെയും രക്ഷപ്പെടുത്താനായത്. സംഭവസ്ഥലത്തെത്തിയ നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലുകളും ദുരന്തത്തിന്റെ ആഴം കുറച്ചു. എങ്കിലും ദുരന്തങ്ങള്‍ കൗതുക കാഴ്ചകളായി ആസ്വദിക്കുന്ന ജനസമൂഹത്തെ ഇവിടെയും കാണേണ്ടിവന്നത് ആശാസ്യമല്ല.
അശ്രദ്ധയും അവഗണനയും മൂലം ദുരന്തങ്ങളുണ്ടാകുന്നത് ഇന്ന് നിത്യസംഭവമായിരിക്കുകയാണ്. തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നതും നിരപരാധികളുടെ ജീവന് പൊലിയുന്നതും നാം കണ്ടുകൊണ്ടേയിരിക്കുന്നു. തട്ടേക്കാട്,തേക്കടി,കരിക്കകം ദുരന്തങ്ങളും കഴിഞ്ഞ ദിവസം നടന്ന കഠിനംകുളം സംഭവവും അനുഭവങ്ങളില്‍ നിന്നുംപാഠം പഠിക്കാന്‍ നാം തയ്യാറായില്ല എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. ദുരന്തത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുകയും സഹായധനം പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചു എന്ന മനോഭാവമാണ് അധികാരവര്‍ഗത്തിന്റേത്. കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനോ എന്തിന് ചര്‍ച്ച ചെയ്യുന്നതിനോ പോലും സമയം കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പൊതുജനങ്ങളും മാധ്യമങ്ങളും സൗകര്യപൂര്‍വം പഴയത് മറക്കുകയും ചെയ്യുന്നു. ഇരകളുടെ ദീനരോദനം മാത്രം ബാക്കി. നിയമം ഇല്ലാത്തതല്ല നമ്മുടെപ്രശ്നം, അത് നടപ്പിലാക്കാന്‍ ആര്‍ജ്ജവമുള്ള നേതൃത്വമില്ലാത്തതാണ്.
പാര്‍വതീപുത്തനാറിലെ അപകടങ്ങളുടെയും മൂലകാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയായിരുന്നു. വാഹനങ്ങള്‍ അമിത വേഗത്തിലായിരുന്നെന്നും വ്യക്തമാണ്. രണ്ടു ദിവസം മുമ്പും ഈ വാന്‍ ചെറിയൊരു അപകടത്തില്‍പെട്ടിരുന്നു. കരിക്കകം ദുരന്തമന്വേഷിച്ച ഐജി പത്മകുമാര്‍ സ്കൂള്‍ബസ്സുകളുടെ സുരക്ഷ സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. സ്കൂള്‍ വാഹനങ്ങള്‍ക്ക് വാഹന വകുപ്പിന്റെ എജ്യുക്കേഷന്‍ ഇന്സ്റ്റിറ്റിയൂഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നായിരുന്നു അതില്‍ ഒന്നാമത്തേത്. ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണന്നും പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന സ്കൂള്‍ വാഹനങ്ങളില്‍ എത്രയെണ്ണത്തിന് ഈയൊരു സാധുതയുണ്ടെന്ന് ചിന്തിച്ചാല്‍ അവഗണനയുടെ ബലിയാടാക്കപ്പെടുകയായിരുന്നു പിഞ്ചുകുട്ടികള്‍ എന്നു വ്യക്തമാകും.
വിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരണം ‘കുട്ടികളെ പിടിക്കാന്‍’ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മത്സരിക്കുന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികളെ കിട്ടാന്‍ ഒടുമിക്കവരും വാഹന സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നു.സ്കൂളിന്റെ നിലവാരം നിര്‍ണയിക്കുന്ന തരത്തിലേയ്ക്ക് സ്കൂള്‍ ബസ്സുകള്‍ മാറിയിരിക്കുന്നു. എന്നാല്‍ ഈ പുറം മോടിക്കപ്പുറം യാഥാര്ത്ഥ്യങ്ങളിലെത്താന് സ്കൂളധികൃതരോ രക്ഷിതാക്കളെ തയ്യാറാകുന്നില്ല എന്നതാണ് സത്യം. രാവിലെ വാഹനങ്ങളില്കുട്ടികളെ കയറ്റി ബാക്കിയെല്ലാം ഈശ്വരന് വിടുന്ന രക്ഷിതാക്കളും ഇതില്‍ കുറ്റക്കാരാണ്. കഴിഞ്ഞ ദിവസം അപകടമുണ്ടായ വാഹനം തങ്ങളുടേതല്ലെന്നും രക്ഷിതാക്കള്‍ തന്നെ ഏര്‍പ്പാട് ചെയ്തവയാണെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.ഈ വാന്‍ വേറെയും നിരവധി സര്‍വ്വീസുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. സ്കൂള്‍ബസ്സുകള്‍ സ്കൂളിന്റേതുതന്നെയായിരിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് സ്കൂളധികൃതര്‍ തന്നെ തങ്ങളുടെ അനാസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. ഉത്തരവാദിത്വത്തില്‍ നിന്നു കൈകഴുകാന്‍ അവര്‍ക്കും സാധ്യമല്ല.
എത്ര കുട്ടികള്‍ വാനിലുണ്ടായിരുന്നുവെന്ന് ഡ്രൈവര്‍ക്കോ ക്ലീനര്‍ക്കോ അറിവുണ്ടായിരുന്നില്ലെന്നത് ക്രൂരമായപരിഹാസം പോലെയാണ്. അതു കാരണം രാത്രി വൈകിയും തിരച്ചില്‍ തുടരേണ്ടിവന്നു. സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റാന്പാടില്ലെന്നിരിക്കെയാണ് കുട്ടികളുടെ എണ്ണംപോലുമറിയാത്ത അവസ്ഥ. പ്രഖ്യാപനങ്ങള്‍ പാഴ്വാക്കുകളായി മാറുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഈ ദുരന്തവും. കരിക്കകം അപകടത്തെത്തുടര്‍ന്ന് ആറിന്റെയും തോടുകളുടെയും ഭാഗത്ത് കൈവരി കെട്ടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാര്‍വതീപുത്തനാറിലെ വെള്ളത്തോടൊപ്പം ഒലിച്ചുപോയി. കരിക്കകത്തുനിന്നും പാഠംപഠിക്കാത്ത നമ്മള് കഠിനംകുളത്തുനിന്നും പഠിക്കുമെന്ന് പ്രതീക്ഷിക്ക വയ്യ. കുട്ടികളുടെ ജീവന്വച്ചുപന്താടുന്ന ഈ ചൂതാട്ടം ഇവിടെ മാത്രം ഒതുങ്ങുന്നതുമല്ല. ഇന്ന് കഠിനംകുളത്ത് സംഭവിച്ചത് ഏറിയും കുറഞ്ഞും മേറ്റ്വിടെയും സംഭവിക്കാം. വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചു പോകുന്ന സ്കൂള്‍ വാഹനങ്ങളും ഇതുതന്നെയാണ് വിളിച്ചുപറയുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തത്തില്‍ നിസ്സംഗതയല്ല, നിതാന്തജാഗ്രതയാണ് ആവശ്യം. നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി അധികാരികള്‍ നടപ്പാക്കുകയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും പ്രത്യേക ശ്രദ്ധപതിപ്പിക്കുകയും ചെയ്യണം. നിരന്തരമായ കുറ്റപ്പെടുത്തലുകളും പ്രഖ്യാപനങ്ങളും ദുരന്തത്തിനറുതിയാവില്ല എന്ന് ഒരിക്കല്‍കൂടി ഞങ്ങള്‍ ഓര്‍മിപ്പിക്കട്ടെ.
അഴിമതി ഭൂഷണമാകുന്നു
അഴിമതിക്ക് മറ്റൊരു പേര് പറയണമെന്നുണ്ടെങ്കില്‍ അത് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ എന്നായിക്കഴിഞ്ഞിരിക്കുന്നു. മന്മോഹന്സര്ക്കാറില് നിന്ന് ഓരോരുത്തരായി തിഹാര്‍ജയിലിന്റെ സുഖസൗകര്യങ്ങളി ലേക്ക് നടന്നുനീങ്ങുകയാണ്. സംശയത്തിന്റെ വിരല്‍ നീളാത്തവര്‍ ആരുമില്ലെന്നായിരിക്കുന്നു. ഒടുവില്‍ ചിദംബരവും അഴിയെണ്ണാനുള്ളപരുവത്തിലായി. ഡിഎംകെ മന്ത്രിമാര്‍ ജയിലിലായതു മുതല്‍ മറ്റുള്ളവര്‍ സുരക്ഷിതരായി എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഡിഎം.കെ., കുന്തമുന മന്മോഹന് സര്ക്കാരിനുനേരെതിരിച്ചിരിക്കയാണ്. സ്പെക്ട്രം അഴിമതിയിടപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ മുന്‍ ടെലികോം മന്ത്രി എ.രാജ നേരിട്ട് ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്.വന്‍ അഴിമതിക്ക് വഴിതെളിച്ചസ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനിറ്റ്സ് സഹിതം ചിദംബരത്തെ കോടതിയില്‍ വിളിച്ചുവരുത്തണമെന്നാണ് രാജ ആവശ്യപ്പെട്ടിരിക്കുന്നത്.
ആകെ പ്രതിസന്ധിയിലായ യുപിഎ സര്‍ക്കാര്‍ എങ്ങനെയും ചിദംബരത്തെ രക്ഷിക്കാന്‍ തയാറെടുക്കുകയാണ്. സോണിയയും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ നേരിട്ടുതന്നെ രംഗത്തിറങ്ങിക്കഴിഞ്ഞു. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ മാത്രമുള്ള പ്രശ്നമൊന്നും ഇല്ലെന്ന തരത്തിലാണ് സര്‍ക്കാര്‍ ഭാഷ്യം. അന്വേഷണ ഏജന്‍സിയും ഏതാണ്ട് ആ വഴിക്കു തന്നെ നീങ്ങുന്നു. ആകെ മുങ്ങിയാല്‍ കുളിരില്ല എന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഇനിയും എത്രനാള്‍ ഈ സര്‍ക്കാരിനെ സഹിക്കേണ്ടിവരും എന്നാണ് ജനങ്ങള്‍ സങ്കടപ്പെടുന്നത്. അണ്ണഹസാരെയും രാംദേവും പേടിസ്വപ്നമായി നില്‍ക്കുന്നുണ്ടെങ്കിലും അധികാര ദണ്ഡ് കൈവശമുണ്ടല്ലോ എന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിന്റെ ബലം. ഏതായാലും ഭാരതത്തെ സര്‍വത്ര അഴിമതിയില്‍ മുക്കിയ സര്‍ക്കാര്‍ എന്ന ഖ്യാതി മന്മോഹന് സംഘത്തിനു സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: