Categories: Ernakulam

കൃത്രിമ കുത്തിവെപ്പ്‌: ഇറച്ചികള്‍ മാരകരോഗങ്ങള്‍ക്ക്‌ കാരണമാകുന്നു

Published by

ആലുവ: ഇറച്ചിയുടെ തൂക്കം വര്‍ധിപ്പിക്കാന്‍ വിദേശത്തുനിന്നും കൊണ്ടുവരുന്ന ചില മരുന്നുകള്‍ വ്യാപകമായി മൃഗങ്ങളില്‍ കുത്തിവയ്‌ക്കുന്നു. ഇതുമൂലം ഇത്തരം മൃഗങ്ങളുടെ ഇറച്ചിയും മറ്റും ഭക്ഷിക്കുന്ന മനുഷ്യര്‍ക്ക്‌ നിരവധി ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുന്നു. വീടുകളില്‍ വാത്സല്യത്തോടെ വളര്‍ത്തുന്ന പൂച്ചക്കും നായക്കും ആരോഗ്യമുണ്ടാകുന്നതിന്‌ വേണ്ടി കുത്തിവയ്‌ക്കുന്ന ഇത്തരം മരുന്നുകളാണ്‌ ആട്‌, പന്നി, പശു, പോത്ത്‌ തുടങ്ങിയ മൃഗങ്ങളില്‍ വരെ കുത്തിവയ്‌ക്കുന്നത്‌. 200 രൂപ വരെ വിലയുള്ള ഈ മരുന്ന്‌ 60 മൃഗങ്ങളില്‍ വരെ കുത്തിവയ്‌ക്കാന്‍ കഴിയും. ഏതാനും ദിവസം ഇത്തരത്തില്‍ കുത്തിവച്ചാല്‍ 20 കിലോവരെ തൂക്കം വര്‍ദ്ധിക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരത്തില്‍ തൂക്കമുണ്ടാകുന്ന മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നവര്‍ക്ക്‌ മാരകമായ രോഗങ്ങളാണ്‌ ക്രമേണ ഉണ്ടാകുന്നത്‌. ശരീരത്തിന്റെ പ്രതിരോധശേഷിയെ വരെ ഇത്‌ ബാധിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം ഇത്തരം മരുന്നുകളുമായെത്തിയ പാലക്കാട്‌ സ്വദേശിയായ ഒരാളെ കസ്റ്റംസ്‌ വിഭാഗം പിടികൂടിയപ്പോഴാണ്‌ ഇത്തരത്തില്‍ മരുന്നുപയോഗം വ്യാപകമാണെന്ന്‌ കണ്ടെത്തിയത്‌. അമേരിക്കയിലും ആസ്ട്രേലിയയിലുമാണ്‌ ഈ മരുന്ന്‌ കൂടുതലായി ഉത്പാദിപ്പിക്കുന്നത്‌. മരുന്നിന്‌ യാതൊരു വിധത്തിലുള്ള നിയന്ത്രണവും നിലവിലില്ലെന്നതിനാല്‍ ഇതിന്റെ വ്യാപനം തടയുവാനും കഴിയുന്നില്ല. ഇത്തരത്തിലുപയോഗിക്കുന്ന ഇല്ലിയം ബോള്‍ഡ്‌ എബാള്‍ എന്ന മരുന്നിന്റെ കവറിന്‌ പുറത്ത്‌ ഇറച്ചിക്കുപയോഗിക്കുന്ന മൃഗങ്ങളില്‍ യാതൊരു കാരണവശാലും ഇത്‌ കുത്തിവയ്‌ക്കരുതെന്ന്‌ കര്‍ശന മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്‌.

ഭക്ഷ്യവസ്തുക്കളെന്ന ലേബലില്‍ വ്യാപകമായി ഇത്തരം മരുന്നുകള്‍ കേരളത്തിലേക്ക്‌ കൊണ്ടുവരുന്നുണ്ടെന്നാണ്‌ കസ്റ്റംസിന്റെ പ്രാഥമികാന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്‌. എല്ലാ ബാഗേജുകളും തുറന്ന്‌ പരിശോധിക്കുക പ്രായോഗികമല്ലെന്നതിനാല്‍ പെട്ടെന്ന്‌ കണ്ടെത്താനും കഴിയുകയില്ല. മരുന്ന്‌ കൊണ്ടുവന്ന പാലക്കാട്‌ സ്വദേശി അബ്ദുള്‍ മജീദ്‌ ഇത്‌ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങുമെന്ന്‌ അറിയിച്ചിരുന്ന ഉമ്മര്‍ എന്നയാളെ വിമാനത്താവളത്തില്‍ വന്നിറങ്ങിയശേഷം വിളിച്ചിരുന്നു. എന്നാല്‍ മജീദ്‌ പിടിയിലായയുടന്‍ ഇയാള്‍ മുങ്ങുകയായിരുന്നു. എയര്‍പോര്‍ട്ടുമായി ബന്ധമുള്ള മറ്റേതെങ്കിലും ഏജന്‍സികളില്‍പ്പെട്ടവര്‍ക്ക്‌ ഈ റാക്കറ്റുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്‌. ഉമ്മറിന്റെ മൊബെയില്‍ നമ്പര്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ ഇയാളെ പിടികൂടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇയാളെ പിടികൂടിയാല്‍ മാത്രമേ ഈ റാക്കറ്റിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന്‌ കസ്റ്റംസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by