Categories: Vicharam

വനിതാ കോഡ്‌ ബില്ലിനെതിരെ വാളോങ്ങുന്നവരോട്‌

Published by

കുട്ടികള്‍ രണ്ട്‌ മതി എന്ന ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണസമിതി സമര്‍പ്പിച്ച കേരള വിമന്‍സ്‌ കോഡ്‌ ബില്‍ 2011 ചിലരുടെ മതവികാരങ്ങള്‍ ഉണര്‍ത്തി വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുകയാണ്‌. സംസ്ഥാനത്ത്‌ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്‌. സ്ത്രീകളുടെയും കുട്ടികളുടെയും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയും കമ്മറ്റി കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌. ഈ ബില്ലിലെ ശുപാര്‍ശകള്‍ക്കെതിരെ ക്രൈസ്തവ-മുസ്ലീം മതസംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നു. ഇത്‌ മനുഷ്യാവകാശ ലംഘനവും ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും സ്വകാര്യതയിലേക്കുള്ള പ്രവേശനവും മതധര്‍മത്തിന്‌ വിരുദ്ധവും ആണെന്ന്‌ ക്രൈസ്തവസഭകള്‍ ആരോപിക്കുന്നു. കുട്ടികള്‍ എത്ര വേണമെന്ന്‌ നിശ്ചയിക്കേണ്ടത്‌ ദമ്പതിമാരാണെന്നും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത്‌ ശിക്ഷാര്‍ഹമാകുന്നത്‌ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നാണ്‌ ക്രിസ്തീയ സഭകളുടെ നിലപാട്‌. വിവിധ മുസ്ലീം സംഘടനകള്‍ വാദിക്കുന്നത്‌ ഇത്‌ മുസ്ലീം ശരിയത്തിനെതിരാണെന്നാണ്‌. നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല ശക്തമായ ബോധവല്‍ക്കരണമാണ്‌ വേണ്ടത്‌ എന്നും അവര്‍ വാദിക്കുന്നു. ഇരുണ്ട യുഗത്തിലേക്കുള്ള മടങ്ങിപ്പോക്കായും പ്രകൃതിവിരുദ്ധമായും ഈ ബില്‍ ചിത്രീകരിക്കപ്പെടുന്നു. “നാം രണ്ട്‌ നമുക്ക്‌ രണ്ട്‌” എന്ന നയം പ്രോത്സാഹിപ്പിക്കണമെന്നാണ്‌ കമ്മീഷന്‍ നിര്‍ദ്ദേശം. ദേശീയ ജനസംഖ്യാനയത്തിന്‌ അനുസൃതമായ ജനസംഖ്യ നിയന്ത്രണമാണ്‌ കമ്മീഷന്‍ ലക്ഷ്യമിടുന്നത്‌. രണ്ട്‌ കുട്ടികള്‍ എന്ന വ്യവസ്ഥ മനുഷ്യാവകാശലംഘനമായും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായും ചിത്രീകരിക്കുന്നവര്‍ എത്ര കുട്ടികളെ ഉല്‍പാദിപ്പിക്കണം എന്ന്‌ നിശ്ചയിക്കേണ്ടത്‌ ദമ്പതികളാണെന്ന്‌ ചൂണ്ടിക്കാണിക്കുന്നു. .

ജനസംഖ്യ നിയന്ത്രണാതീതമാകുമ്പോഴും അതിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ പ്രകൃതിവിഭവശേഷി വര്‍ധിക്കുന്നില്ല എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നു. ജനസംഖ്യ കൂടുമ്പോള്‍ അവര്‍ക്കാവശ്യത്തിനുള്ള വിഭവങ്ങള്‍ പ്രകൃതിയില്‍ ഇല്ലെങ്കില്‍ ദാരിദ്ര്യമുണ്ടാക്കില്ലേ? ലോകത്ത്‌ കുട്ടികളുടെ എണ്ണം ഏഴ്‌ ബില്യണ്‍ ആയതായി വേള്‍ഡ്‌ പോപ്പുലേഷന്‍ റിപ്പോര്‍ട്ട്‌ സ്ഥിരീകരിക്കുന്നു. ഇത്‌ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നത്‌ ജനസംഖ്യാനുപാതം താഴുമ്പോഴാണ്‌. മെക്സിക്കോയിലും ബംഗ്ലാദേശില്‍പോലും പുഷ്കലത്വം നിയന്ത്രണവിധേയമായത്‌ വികസന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്‌. ജനസംഖ്യ കുറഞ്ഞാല്‍ അത്‌ വിഭവങ്ങള്‍ക്കുമേലുള്ള സമ്മര്‍ദ്ദം കുറക്കുന്നു. കുട്ടികള്‍ കൂടുമ്പോഴും കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആയുര്‍ദൈര്‍ഘ്യം കണക്കിലെടുക്കുമ്പോള്‍ വൃദ്ധരുടെ എണ്ണത്തിലും വളര്‍ച്ച കാണും എന്നതാണ്‌ മറ്റൊരു കാര്യം. നല്ല സാമൂഹിക രീതികളിലൂടെ നിയന്ത്രണവിധേയമായ ജനസംഖ്യാനുപാതം നിലനിര്‍ത്താനാകും. ഇത്‌ പറയുമ്പോഴും ഏഷ്യാറ്റിക്‌ സമൂഹം വ്യത്യസ്തമാണ്‌ എന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന ന്യൂനപക്ഷ ആവശ്യം അവരുടെ ജനസംഖ്യാവര്‍ധനയെ ലക്ഷ്യമിട്ടാണ്‌. ഗര്‍ഭഛിദ്രം ദൈവനീതിക്ക്‌ വിരുദ്ധമാണെന്ന്‌ മുറവിളി ഉയരുമ്പോഴും കേരളത്തില്‍ പെണ്‍ഭ്രൂണഹത്യ വ്യാപകമാണെന്ന്‌ ഇക്കഴിഞ്ഞ സെന്‍സസ്‌ കണക്കുപോലും തെളിയിക്കുന്നു. സ്ത്രീധനം കൊടുക്കുന്നത്‌ ഒഴിവാക്കാന്‍ പെണ്‍ഭ്രൂണഹത്യ നടക്കുന്നത്‌ ദൈവനീതിക്കെതിരല്ലേ? സ്ത്രീധനനിയന്ത്രണം സമൂഹം ചര്‍ച്ചപോലും ചെയ്യുന്നില്ല. കേരളത്തെ ആഗോള വികസന മാതൃകയാക്കി നോബല്‍ ജേതാവ്‌ അമര്‍ത്യാസെന്‍ ചിത്രീകരിച്ചത്‌ ഇവിടുത്തെ അണുകുടുംബ വ്യവസ്ഥയും സാക്ഷരതയും എല്ലാം കണക്കിലെടുത്താണ്‌.

കേരളത്തിലെ ജനസംഖ്യ ഇപ്പോള്‍ത്തന്നെ നിയന്ത്രണവിധേയമായി നിലനില്‍ക്കുന്നതിന്‌ കാരണം സ്ത്രീസാക്ഷരതയാണെന്നും അമര്‍ത്യാ സെന്‍ പ്രസ്താവിച്ചിരുന്നു. മറ്റൊരു വസ്തുത കേന്ദ്ര പ്ലാനിംഗ്‌ ബോര്‍ഡിന്റെ എപിഎല്‍ ശുപാര്‍ശയായിരുന്നു. പ്രതിദിനം 20 രൂപ വരുമാനമുള്ളവരെ ദാരിദ്ര്യരേഖക്ക്‌ മുകളില്‍ കാണണം എന്നായിരുന്നു പ്ലാനിംഗ്‌ ബോര്‍ഡ്‌ ശുപാര്‍ശ. യഥാര്‍ത്ഥത്തില്‍ ദരിദ്രര്‍ക്കും ഈ ചെലവില്‍ ജീവിക്കാനാകില്ല. പക്ഷെ ദാരിദ്ര്യരേഖ എന്ന ചോദ്യം ഉയരുന്നതുതന്നെ ജനസംഖ്യാനുപാതത്തിനസൃതമായി വിഭവശേഷി ഇല്ലാത്തതിനാലാണ്‌. ഇന്ത്യയില്‍ 77 ശതമാനം പേരും 20 രൂപയില്‍ താഴെ വരുമാനമുള്ളവരാണെന്ന്‌ 2007 ല്‍ അര്‍ജുന്‍ സെന്‍ഗുപ്ത ചൂണ്ടിക്കാണിച്ചിരുന്നു. ജനസംഖ്യാനിയന്ത്രണം ആവശ്യമാണ്‌. ജനസംഖ്യാ വിസ്ഫോടനത്തില്‍ ഇന്ത്യ ചൈനയെ പിന്തള്ളുന്ന സ്ഥിതിയിലെത്തുകയാണ്‌. ജനന-മരണ നിരക്കുകള്‍ നിയന്ത്രണാധീനമാക്കണം. അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വാഗതാര്‍ഹമാണെങ്കിലും കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടയ്‌ക്കണമെന്ന ശുപാര്‍ശയെക്കുറിച്ച്‌ രണ്ടഭിപ്രായമുണ്ടാകാം. സുരക്ഷിതമായ ഗര്‍ഭഛിദ്രം ആശുപത്രികള്‍ വഴി സൗജന്യമായി അനുവദിക്കണമെന്ന ശുപാര്‍ശ ഇന്ന്‌ സമൂഹത്തില്‍ പെണ്‍കുട്ടികളുടെ ഇടയിലുള്ള അനാശാസ്യം പ്രോത്സാഹിപ്പിക്കാനേ ഉതകൂ. കമ്മീഷന്റെ വിവാഹമോചനം സുഗമമാക്കുന്നതിനുള്ള നിര്‍ദ്ദേശവും കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിച്ച്‌ മാര്യേജ്‌ ഓഫീസര്‍ നിയമനവും നല്ല നിര്‍ദ്ദേശങ്ങളാണ്‌. കുട്ടികളുടെ ക്ഷേമത്തിന്‌ സംസ്ഥാന കമ്മീഷന്‍, ലൈംഗിക അക്രമങ്ങള്‍ക്കിരയായവര്‍ക്ക്‌ പുനരധിവാസ ഷെല്‍ട്ടര്‍ഹോം മുതലായതും സ്വാഗതാര്‍ഹമാണ്‌. നല്ലതും ചീത്തയുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌. ഇത്‌ വ്യാപകമായ സാമൂഹിക ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളൂ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by