Categories: Ernakulam

ഡോക്ടര്‍മാര്‍ നൂതനമായ പരിജ്ഞാനം ഉള്‍ക്കൊള്ളണം: മന്ത്രി കെ.ബാബു

Published by

കൊച്ചി: ഡോക്ടര്‍മാര്‍ ഏറ്റവും നൂതനമായ പരിജ്ഞാനത്തെ ഉള്‍ക്കൊണ്ട്‌ രോഗികള്‍ക്ക്‌ സഹായകരമായ ശസ്ത്രക്രിയ നടത്തിക്കൊടുക്കണമെന്ന്‌ മന്ത്രി കെ.ബാബു പറഞ്ഞു. നാലാമത്‌ അന്തര്‍ദേശീയ ലൈവ്‌ അഡ്‌വാന്‍സ്ഡ്‌ എന്‍റോസ്കോപ്പി വര്‍ക്ഷോപ്പും കോണ്‍ഫറന്‍സും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുപോലുള്ള വര്‍ക്ക്ഷോപ്പ്‌ ഡോക്ടര്‍മാരുടെ വിദ്യ പരിപോഷിപ്പിക്കുന്നതിനും രോഗികളുടെയും ബന്ധുക്കളുടെയും ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുവാനും വളരെയേറെ ഫലപ്രദമാകുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സമ്മേളനത്തിന്റെ ആദ്യത്തെ രണ്ട്‌ ദിവസങ്ങളിലായി ഇരുപത്തഞ്ചോളം നൂതന ലാപ്‌റോസ്കോപ്പി ഒവേറിയന്‍ ട്രില്ലിംഗ്‌ ഉള്‍പ്പെടെയുള്ള തത്സമയ സര്‍ജറികള്‍ ടെലിക്കാസ്റ്റ്‌ ചെയ്യപ്പെട്ടു. മൂന്നാമത്തെ ദിവസം ഫ്രീ പേപ്പര്‍ അവതരണം, ചര്‍ച്ചകള്‍, ഡിബേറ്റ്‌ എന്നിവ നടക്കും. ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച വിദഗ്ധ ഡോക്ടര്‍മാരായ ഡോ. ഗീത അര്‍ജുന്‍, ഡോ. പി.കെ.ശേഖരന്‍, ഡോ. സുനിത ടണ്ഡുല്‍ വഡ്കര്‍ എന്നിവര്‍ക്ക്‌ ഇമേജസ്‌ മാസ്റ്റര്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു.

നാല്‍പ്പതോളം ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള പ്രഗത്ഭ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. ഈജിപ്തിലെ അലക്സാണ്ട്രിയ യൂണിവേഴ്സിറ്റിയിലെ ഡോ. ഹാസന്‍ സലാം, ഡോ. രോഹിണി മര്‍ച്ചന്റ്‌ മെമ്മോറിയല്‍ പ്രഭാഷണം നടത്തി. 350 ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്ത ത്രിദിന സമ്മേളനത്തില്‍ ഡോ. പോള്‍സ്‌ ഹോസ്പിറ്റലില്‍ നടത്തിയ ലളിതവും സങ്കീര്‍ണവുമായ ആധുനിക ശസ്ത്രക്രിയകള്‍ വേദിയില്‍ നേരിട്ട്‌ സംപ്രേഷണം ചെയ്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by