Categories: Ernakulam

തൊഴിലിടങ്ങളില്‍ സുരക്ഷാ ഓഡിറ്റ്‌ ഉറപ്പാക്കും: മന്ത്രി ഷിബു ബേബിജോണ്‍

Published by

കൊച്ചി: തൊഴിലിടങ്ങളില്‍, പ്രത്യേകിച്ച്‌ നിര്‍മാണ മേഖലകളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സുരക്ഷാ ഓഡിറ്റ്‌ സംവിധാനം നടപ്പാക്കുമെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കാക്കനാട്‌ നിര്‍മാണ മേഖലയില്‍ സുരക്ഷാ നടപടികള്‍ സംബന്ധിച്ച്‌ നേരിട്ട്‌ വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച്‌ ധാരാളം പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ആയിരക്കണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലെ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നുണ്ട്‌. തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതും സുരക്ഷാ നടപടികള്‍ കൈക്കൊളളുന്നതും സംബന്ധിച്ച്‌ നിരവധി പ്രശ്നങ്ങളാണ്‌ ഈ മേഖലയില്‍ ഉയര്‍ന്നു വരുന്നത്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 500 ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ്‌ നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നത്‌. എന്നാല്‍ കഴിഞ്ഞ മൂന്നു മാസത്തിനകം 15000 തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇനിയും ബഹുദൂരം ഇതിനായി പിന്നിടേണ്ടതുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

നിര്‍മാണ മേഖല ഇന്ന്‌ കേരളത്തിലെ സുപ്രധാന വ്യവസായ രംഗമായി വളര്‍ന്നിട്ടുണ്ട്‌. അതിന്റെ സുഗമമായ വളര്‍ച്ചയ്‌ക്ക്‌ അനുരോധമായി തൊഴില്‍ മേഖലയിലും സുരക്ഷാ രംഗത്തും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണ്‌. ഇതിന്റെ ഭാഗമായി മൂന്നു മാസത്തിനകം സുരക്ഷാ മാന്വലും ഇന്‍സ്പെക്ഷന്‍ ചാര്‍ട്ടും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായി നിര്‍മാണ സ്ഥാപനങ്ങളും സുരക്ഷാ ഓഡിറ്റിനുളള സാഹചര്യം ഒരുക്കണമെന്ന്‌ മന്ത്രി നിര്‍ദേശിച്ചു. തൊഴില്‍ വകുപ്പും സ്ഥാപന ഉടമകളും ഇതിനായി ഏകോപനത്തിലൂടെ പ്രവര്‍ത്തിക്കണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു.

കാക്കനാട്‌ കേന്ദ്ര ഭവന്‌ സമീപമുളള ഡി.എല്‍.എഫ്‌ കെട്ടിട സമുച്ചയത്തിലാണ്‌ മന്ത്രി സന്ദര്‍ശനം നടത്തിയത്‌. നിര്‍മാണ പ്രവൃത്തികള്‍ നേരിട്ട്‌ കണ്ട്‌ വിലയിരുത്തിയ മന്ത്രി തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. ലേബര്‍ കമ്മീഷണര്‍ റ്റി.റ്റി.ആന്റണി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ എന്‍.എല്‍.അനില്‍കുമാര്‍, ടോണി വിന്‍സെന്റ്‌, ജോയിന്റ്‌ ലേബര്‍ കമ്മീഷണര്‍ വിന്‍സെന്റ്‌ അലക്സ്‌, ഡപ്യൂട്ടി ലേബല്‍ കമ്മീഷണര്‍ ശശിപ്രകാശ്‌, ജില്ലാ ലേബര്‍ ഓഫീസര്‍ ഇ.വി.നാരായണന്‍ നമ്പൂതിരി, എന്‍ഫോഴ്സ്മെന്റ്‌ വിഭാഗം ജില്ലാ ലേബര്‍ ഓഫീസര്‍ എം.കെ.മോഹന്‍കുമാര്‍, അസി.ലേബര്‍ ഓഫീസര്‍മാരായ കെ.റ്റി.സരള, നസീര്‍ഖാന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by