Categories: Kerala

പാമോയിലില്‍ വഴുതി വീഴുന്നവര്‍

Published by

തിരുവനന്തപുരം : കഴുകിയാല്‍ പോകുന്നതല്ല പാമോയിലിന്റെ മെഴുക്ക്‌. രണ്ട്‌ പതിറ്റാണ്ടായി കേരള രാഷ്‌ട്രീയത്തില്‍ ഒഴുകിയെത്തിയ പാമോയില്‍ ഒരു കാലത്ത്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കിംഗ്‌ മേക്കറായ കെ. കരുണാകരനെപ്പോലും മുട്ടുകുത്തിച്ചു. മരിക്കും മുമ്പ്‌ കുറ്റമുക്തനാകാന്‍ സുപ്രീം കോടതിവരെ ചെന്നിട്ടും കരുണാകരന്‌ രക്ഷ കിട്ടിയില്ല. രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമെല്ലാം പ്രതികളായ പാമോയില്‍ ഇറക്കുമതി കേസ്‌ കെട്ടടങ്ങിയെന്ന്‌ ധരിക്കുമ്പോഴൊക്കെ കത്തിപ്പടര്‍ന്നതാണ്‌ ചരിത്രം. മലയാളിയായ ഐഎഎസ്‌ ഓഫീസര്‍ പി.ജെ. തോമസിന്റെ മുഖ്യ വിജിലന്‍സ്‌ കമ്മീഷണര്‍ പദവി തെറുപ്പിച്ചത്‌ പാമോയില്‍ കേസാണ്‌. ഏറ്റവും ഒടുവിലത്തെ വിവാദങ്ങള്‍ പതഞ്ഞുപൊങ്ങുമ്പോള്‍ കസേര തെറിക്കുന്നത്‌ ആര്‍ക്കൊക്കെ എന്നേ അറിയേണ്ടതുള്ളൂ. അത്‌ ചീഫ്‌ വിപ്പിന്റേതാകുമോ അതോ മുഖ്യമന്ത്രി തന്നെ പുറത്തുപോകേണ്ടിവരുമോ എന്നാണ്‌ സര്‍വ്വരും ഉറ്റുനോക്കുന്നത്‌. കേസ്‌ കേള്‍ക്കുന്നതില്‍ നിന്നും വിജിലന്‍സ്‌ പ്രത്യേക കോടതി ജഡ്ജി പി.കെ. ഹനീഫ്‌ പിന്‍വാങ്ങിയതോടെ കേസിന്റെ ശക്തി കൂടിയിട്ടേയുള്ളൂ. ടി.എച്ച്‌ മുസ്തഫയ്‌ക്കും, പി.സി. ജോര്‍ജ്ജിനും ഇതിലുള്ള പങ്ക്‌ ആരും ചെറുതായി കാണില്ല.

ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയും കെ. കരുണാകരന്‍ മുഖ്യമന്ത്രിയുമായിരുന്നപ്പോള്‍ ഇറക്കുമതി ചെയ്തതാണ്‌ പാമോയില്‍. ദീപാവലി ആഘോഷത്തിനാണ്‌ തിരക്കിട്ട്‌ പാമോയില്‍ ഇറക്കുമതി ചെയ്തതെന്നാണ്‌ ഔദ്യോഗിക ഭാഷ്യം. ഈ ഇറക്കുമതി സംസ്ഥാന ഖജനാവിന്‌ കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന്‌ അക്കൗണ്ടന്റ്‌ ജനറലാണ്‌ കണ്ടെത്തിയത്‌. രണ്ടു പതിറ്റാണ്ടായി കേസ്‌ തുടരുകയാണ്‌. പാമോയില്‍ പോലെ കേസും വഴുവഴുപ്പനായി നീളവെയാണ്‌ അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച്‌.മുസ്തഫയ്‌ക്ക്‌ ബുദ്ധി വൈകി ഉദിച്ചത്‌. ‘അന്നത്തെ ധനകാര്യമന്ത്രിക്കുള്ള പങ്കേ പാമോയില്‍ ഇറക്കുമതിയില്‍ എനിക്കുമുള്ളൂ. എന്നിട്ടും ഞാന്‍ പ്രതി.’ മുസ്തഫ ഈ സംശയം ഉന്നയിച്ചത്‌ കോടതിയിലാണ്‌. തക്കം നോക്കി ഇടത്‌ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കെ ഇടതിന്‌ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നുറപ്പായപ്പോള്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കത്തക്ക തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട്‌ പക്ഷേ കോടതിയെ തൃപ്തിപ്പെടുത്തിയില്ല. റിപ്പോര്‍ട്ട്‌ തള്ളി. പുനരന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്തു. ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ റിപ്പോര്‍ട്ട്‌ തള്ളിയ ജഡ്ജി കമ്മ്യൂണിസ്റ്റു സഹയാത്രികനാണെന്ന്‌ ആരോപിച്ചു. ജോര്‍ജിന്റെ ആക്ഷേപം കോടതി അലക്ഷ്യമായി കോടതിയിലെത്തി. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചപ്പോഴാണ്‌ ജോര്‍ജ്‌ ജഡ്ജിക്കെതിരെ രാഷ്‌ട്രപതിക്ക്‌ പരാതി നല്‍കിയത്‌.

പാമോയില്‍ കേസ്‌ പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക ജഡ്ജി പി.കെ.ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ചായിരുന്നു പരാതി. സപ്തംബര്‍ പത്തിന്‌ നല്‍കിയ പരാതിയുടെ പകര്‍പ്പ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌.കപാഡിയ, കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ.ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ്‌ പയസ്‌ സി.കുര്യാക്കോസ്‌ എന്നിവര്‍ക്കും കൈമാറിയിരുന്നു. ഇതോടൊപ്പം ജഡ്ജി ഹനീഫ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ അടുത്തയാളാണെന്ന നിലയിലുള്ള പരാമര്‍ശങ്ങളും ജോര്‍ജ്‌ നടത്തിയിരുന്നു.

പാമോയില്‍ ഇടപാട്‌ നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കഴിഞ്ഞ ആഗസ്ത്‌ എട്ടിനാണ്‌ വിജിലന്‍സ്‌ കോടതി നിര്‍ദേശം നല്‍കിയത്‌. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിട്ട വിജിലന്‍സ്‌ കോടതി വിധിക്കെതിരെ കേസില്‍ അഞ്ചാം പ്രതിയായ ജിജി തോംസണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സപ്തംബര്‍ 26ന്‌ പരിഗണിക്കാനിരിക്കുകയാണ്‌. അന്വേഷണം പൂര്‍ത്തിയാക്കിയതിന്‌ ശേഷവും തുടരന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ നിയമവിരുദ്ധമാണെന്നും ഈ ഉത്തരവ്‌ പിന്‍വലിക്കണമെന്നുമാണ്‌ ജിജി തോംസണിന്റെ ആവശ്യം. സംഭവം നടക്കുമ്പോള്‍ സിവില്‍ സ്പ്ലൈസ്‌ കോര്‍പ്പറേഷന്‍ എംഡിയായിരുന്നു ഇദ്ദേഹം. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും ലഭിച്ചില്ലെന്നും ജിജി പരിഭവപ്പെട്ടിരുന്നു. കേസിന്റെ പുറകെ സഞ്ചരിക്കുന്നത്‌ വി.എസ്‌.അച്യുതാനന്ദനാണ്‌. അദ്ദേഹം പി.സി. ജോര്‍ജ്ജിനെ രൂക്ഷമായാണ്‌ വിമര്‍ശിക്കുന്നത്‌. സര്‍ക്കാരിന്റെ ക്വട്ടേഷന്‍ സംഘം പോലെയാണ്‌ ജോര്‍ജ്ജ്‌ പെരുമാറുന്നതെന്നാണ്‌ വി.എസ്‌. കുറ്റപ്പെടുത്തിയത്‌. അതേ സമയം പി.സി ജോര്‍ജ്ജിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയടക്കമുള്ള യുഡിഎഫ്‌ നേതാക്കള്‍ തയ്യാറായിട്ടില്ല. എന്നാല്‍ അനുകൂലിക്കുന്നുമില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങുകയാണ്‌. പ്രതിപക്ഷത്തിന്‌ ആഘോഷിക്കാനുള്ള നല്ല വിഷയമായി പാമോയില്‍ മാറുകയാണ്‌.

കെ. കുഞ്ഞിക്കണ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by