Categories: Ernakulam

പനിക്ക്‌ ശമനമില്ല; ജനം ആശങ്കയില്‍

Published by

കൊച്ചി: ജില്ലയില്‍ പനിയും പകര്‍ച്ചവ്യാധിയും പടരുന്നു, ജനം ആശങ്കയില്‍. ഇന്നലെയും രണ്ട്‌ മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ആരോഗ്യവകുപ്പ്‌ പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടും മഞ്ഞപ്പിത്തവും എലിപ്പനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ വ്യാപിച്ചതാണ്‌ ജനങ്ങളെ ആശങ്കയിലാക്കിയത്‌. ജില്ലയില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണം 84 ആയി. പകര്‍ച്ചവ്യാധിയെതുടര്‍ന്ന്‌ 548 പേര്‍ ഇതുവരെ ചികിത്സതേടിയിട്ടുണ്ട്‌. 43 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്‌. നേരത്തെ മഞ്ഞപ്പിത്തം പടര്‍ന്ന്‌ പിടിച്ച കോതമംഗലം, കുട്ടമ്പുഴ, രായമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളെ കൂടാതെ ഇപ്പോള്‍ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ കൂടി രോഗം പടര്‍ന്നിരിക്കുകയാണ്‌. കൊച്ചി കോര്‍പ്പറേഷനില്‍ ഇന്നലെ ഒരാള്‍ പകര്‍ച്ചപ്പനിയെ തുടര്‍ന്ന്‌ ചികിത്സതേടിയിട്ടുണ്ട്‌. ആലുവ, രണ്ട്പേരും മുളന്തുരുത്തി മൂന്ന്‌, മണീട്‌ ഒന്ന്‌, ചൂര്‍ണിക്കരയില്‍ ഒരാളും ഇന്നലെ ചികിത്സതേടിയെത്തിയിരുന്നു. താല്‍ക്കാലിക പ്രതിരോധനടപടികള്‍ മാത്രം സ്വീകരിക്കാനെ ആരോഗ്യവകുപ്പ്‌ അധികൃതര്‍ക്ക്‌ ആയിട്ടുള്ളൂ. രോഗം പടരുന്നതിന്‌ കാരണമായ കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ആരോഗ്യവകുപ്പില്‍ പുതിയ ഡോക്ടര്‍മാരെ നിയമിക്കുമ്പോള്‍ അവരാവശ്യപ്പെടുന്ന ജില്ലകളില്‍ സേവനം നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുമെന്ന്‌ ആരോഗ്യ വകുപ്പുമന്ത്രി അടുര്‍ പ്രകാശ്‌ പറഞ്ഞു. കോതമംഗലത്ത്‌ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോതമംഗലം നഗരമധ്യത്തിലൂടെ ഒഴുകുന്ന ശുദ്ധജലസ്രോതസ്സായിരുന്ന കരൂര്‍തോട്ടിലെ മാലിന്യ നിക്ഷേപം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്‌ മന്ത്രി അടിയന്തര നിര്‍ദ്ദേശം നല്‍കി. സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള മോണിറ്ററിംഗ്‌ കമ്മറ്റിക്ക്‌ രൂപം നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ എവിടെയും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ ഐ എം എയുടെ പൂര്‍ണ സഹകരണം ലഭ്യമാക്കുമെന്നും സ്വകാര്യ ആശുപത്രികളില്‍ പനി വാര്‍ഡുകള്‍ ആരംഭിക്കുന്നതിന്‌ ഐഎംഎ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പൈങ്ങോട്ടൂര്‍, കുട്ടമ്പുഴ, പല്ലാരിമംഗലം, നേര്യമംഗലം പ്രഥമികാരോഗ്യ കേന്ദ്രങ്ങലെ അപ്ഗ്രേഡ്‌ ചെയ്ത്‌ ഡോക്ടര്‍മാരുടെ ഒഴിവ്‌ പിഎസ്സി വഴിക്ക്‌ കിട്ടുന്ന മുറക്ക്‌ നികത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പിഎസ്സി ലിസ്റ്റില്‍ ക്രമീകരിക്കാന്‍ പ്രത്യേകം പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റിക്ക്‌ മാലിന്യം, അറവുശാലകളില്‍നിന്നുള്ള മാലിന്യം എന്നിവ ജലസ്രോതസുകളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീത്‌ വ്യക്തമാക്കി. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത്‌ നിക്ഷേപിക്കുന്നത്‌ തടയാന്‍ നടപടി സ്വീകരിക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ മാലിന്യ സംസ്ക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതി ചര്‍ച്ചചെയ്യാന്‍ അടുത്ത ആഴ്‌ച്ച ദല്‍ഹിയില്‍ നിന്നുള്ള സംഘം കൊച്ചിയിലെത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കും ഹോട്ടലുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. മിന്നല്‍ പരിശോധനയെതുടര്‍ന്ന്‌ 689 ഹോട്ടലുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ജില്ലയില്‍ 316 ഹോട്ടലുകള്‍ ലൈസന്‍സ്‌ ഇല്ലാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കണ്ടെത്തിയതായും കളക്ടര്‍ പറഞ്ഞു. കോതമംഗലം റോട്ടറി ക്ലബില്‍ നടന്ന ഉന്നതതലയോഗത്തിനുശേഷം ആരോഗ്യമന്ത്രി അടുര്‍ പ്രകാശ്‌ കോതമംഗലം സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചു.

ജില്ലയിലെ മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും ആരോഗ്യ കാര്‍ഡ്‌ നല്‍കാന്‍ ആരോഗ്യ വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി പറഞ്ഞു. അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതിന്റെ പശ്ചാത്തലത്തിലാണിത്‌.

ജില്ലയില്‍ മികച്ച പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി സാംക്രമിക രോഗങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്‌. ജില്ലയില്‍ 530 പേര്‍ക്ക്‌ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ആറു പേര്‍ മരിച്ചതുമായാണ്‌ ഔദ്യോഗിക കണക്ക്‌. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ ആരോഗ്യ മന്ത്രിയുമായി സംസാരിച്ചു. ധനസഹായം കൊടുക്കുന്നത്‌ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന്‌ മന്ത്രി ഉറപ്പ്‌ നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ്‌ പറഞ്ഞു.

ഈ മാസം 26 മുതല്‍ ഒക്ടോബര്‍ രണ്ട്‌ വരെ തട്ടുകടകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന തുടങ്ങും. പരിശോധനയുടെ പേരില്‍ ആരേയും ഉപദ്രവിക്കാനല്ല ഉദ്ദേശ്യം. മോശം അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ മാത്രമേ നടപടി ഉണ്ടാകൂ. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹോട്ടലുകളിലും പരിശോധന ശക്തമാക്കും. മികച്ച രീതിയല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക്‌ മണ്ഡലാടിസ്ഥാനത്തില്‍ സമ്മാനങ്ങള്‍ നല്‍കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by