കൊച്ചി: ഗവണ്മെന്റ് ക്വാര്‍ട്ടേഴ്സുകളിലുള്ള അനധികൃത താമസക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. അനധികൃതരെ കണ്ടെത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. അതിനായി റീഡിംഗ് എടുക്കുന്ന സമയത്ത് തന്നെ താമസക്കാരുടെ റിട്ടയര്‍മെന്റ് തീയതിയും പരിശോധിക്കുമെന്ന് എഡിഎം ഇ.കെ.സുജാത പറഞ്ഞു.
ഗവണ്മെന്റ് ഫ്ലാറ്റുകളിലുള്ള ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യും. ഒഴിവുകള്‍ കണ്ടെത്തിയാല്‍ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന പഴയ ക്വാര്‍ട്ടേഴ്സുകളിലുള്ള താമസക്കാരെ ഫ്ലാറ്റുകളിലേക്ക് മാറ്റി പുനരധിവസിപ്പിക്കും. ക്വാര്‍ട്ടേഴസുകളില്‍ വരുന്ന ഒഴിവുകള്‍ പൊതുമരാമത്ത് വകുപ്പ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം. താമസയോഗ്യമല്ലാത്ത ക്വാര്‍ട്ടേഴ്സുകള്‍ കണ്ടെത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ക്വാര്‍ട്ടേഴ്സുകളുടെ പരിപാലനത്തിനായി ലഭ്യമായ ഫണ്ടുപയോഗിച്ച് യഥാസമയം ജോലികള്‍ ചെയ്യണം. ഗവണ്മെന്റ് ക്വാര്‍ട്ടേഴ്സുകള്‍ക്ക് അപേക്ഷ നല്‍കിയവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി അലോട്ട്മെന്റ് കമ്പ്യൂട്ടറൈസ് ചെയ്യും. ക്വാര്‍ട്ടേഴ്സുകള്‍ ഒഴിയുന്ന സമയത്ത് വിവരം കെഎസ്ഇബി അറിയിക്കണം. തൃക്കാക്കര മുന്‍സിപ്പല്‍ അതിര്‍ത്തിയിലുള്ള പഴയ ക്വാര്‍ട്ടേഴ്സുകളിലെ താമസയോഗ്യമല്ലാത്തവരെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് കെട്ടിട വിഭാഗം പൊതുമരാമത്ത് അസി.എഞ്ചീനിയര്‍ക്ക് നിര്‍ദ്ദേശം നല്കി.
ക്വാര്‍ട്ടേഴ്സ് മാറ്റം അനുവദിക്കുന്നതിനായി ജില്ലാ കളക്ടറില്‍ നിന്നും മാറ്റിയ അധികാരം തിരിച്ചു നല്‍ക്കണമെന്ന യോഗത്തിന്റെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. എഡിഎം ഇ.കെ.സുജാതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധകള്‍, ക്വാര്‍ട്ടേഴ്സ് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: