Categories: Kerala

മദിനീനിയെ റിമാന്റ്‌ ചെയ്തു

Published by

തൃശൂര്‍ : നാനോ എക്സെല്‍ തട്ടിപ്പ്‌ കേസില്‍ അറസ്റ്റിലായ കമ്പനി എം.ഡി ഹരീഷ്‌ മദിനീനിയെ ഒക്ടോബര്‍ നാല്‌ വരെ റിമാന്റ്‌ ചെയ്തു. തൃശൂര്‍ സിജെഎം കോടതിയാണ്‌ ഇതിന്‌ ഉത്തരവിട്ടത്‌.

കഴിഞ്ഞ പത്ത്‌ ദിവസമായി പോലീസ്‌ കസ്റ്റഡിയിലായിരുന്ന മദിനീനിയെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കിയതായിരുന്നു. മദിനീനിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ കോടതിക്ക്‌ അപേക്ഷ നല്‍കി. വയനാട്‌ പോലീസും ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. രാവിലെ കനത്ത സുരക്ഷയോടെയായിരുന്നു മദിനീനിയെ പോലീസ്‌ കോടതിയിലെത്തിച്ചത്‌. ഇയാളുടെ ഹൈദരാബാദില്‍ നിന്നുള്ള സംഘം തൃശൂരില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ടെന്ന ഇന്റലിജെന്റ്സ്‌ വിവരത്തെ തുടര്‍ന്ന്‌ പ്രത്യേക സുരക്ഷയും കോടതി പരിസരത്ത്‌ ഒരുക്കിയിരുന്നു.

വടക്കാഞ്ചേരി പോലീസ്‌ കസ്റ്റഡിയിലെടുത്ത ഇയാളെ ചുരുങ്ങിയ ദിവസം കൊണ്ട്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. നാനോ എക്സെല്‍ കേസ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി സുനില്‍കുമാറും സംഘവുമാണ്‌ മദനേനിയെ കസ്റ്റഡിയില്‍ വാങ്ങാനെത്തിയത്‌. കോട്ടയം എസ്പികണ്ണനാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണ ചുമതല. കമ്പനിയില്‍നിന്ന്‌ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കിയ പ്രമോട്ടര്‍മാര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പോലീസ്‌ ഊര്‍ജ്ജിതമാക്കി. പ്രമോട്ടര്‍മാര്‍ അധികവും കേരളത്തിന്‌ പുറത്തേക്ക്‌ കടന്നതായാണ്‌ സൂചന. ഇവര്‍ക്കുവേണ്ടി പോലീസ്‌ പ്രത്യേക സംഘങ്ങളായിതിരിഞ്ഞ്‌ അന്വേഷണം നടത്തുന്നുണ്ട്‌.

ചോദ്യംചെയ്യലില്‍ പ്രത്യേക അന്വേഷണ സംഘത്തോട്‌ മദിനീനി പറഞ്ഞത്‌ പലതും തെറ്റായ വിവരങ്ങളാണെന്ന്‌ അന്വേഷണസംഘം തിരിച്ചറിഞ്ഞു. നാനോ എക്സെല്‍ കമ്പനിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത്‌ തകരാറിലായ സമയത്ത്‌ മദിനീനി പ്രമോട്ടര്‍മാര്‍ക്ക്‌ സ്വന്തം മെയിലില്‍നിന്ന്‌ അയച്ച വിവരങ്ങളാണ്‌ നിര്‍ണായകമായത്‌. പ്രമോട്ടര്‍മാരുടെ ആവശ്യങ്ങള്‍ പലതും അംഗീകരിച്ച്‌ മദിനീനി അയച്ച ഇ-മെയില്‍ സന്ദേശങ്ങളാണ്‌ പോലീസിന്‌ ലഭിച്ചത്‌. ഇതിനിടെ കഴിഞ്ഞ വര്‍ഷം ആലുവയില്‍ വെച്ച്‌ റവന്യൂ ഇന്റലിജന്‍സ്‌ സംഘം പിടികൂടിയ 63 ലക്ഷം രൂപ നിക്ഷേപകര്‍ക്ക്‌ തിരിച്ചു കൊടുക്കാന്‍ നിയമം അനുവദിക്കുമോ എന്നതും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by