Categories: Ernakulam

പാക്കിംഗിലെ അപാകതമൂലം 40 ശതമാനം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യമാകുന്നു

Published by

കൊച്ചി: ശരിയായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും സംഭരിക്കുകയും പാക്ക്‌ ചെയ്യുകയും ചെയ്യാതിരിക്കുന്നതുമൂലം 40 ശതമാനത്തോളം ഭക്ഷ്യസാധനങ്ങള്‍ ഉപയോഗശൂന്യമാകുന്നുണ്ടെന്ന്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാക്കേജിംഗ്‌ ചെയര്‍മാന്‍ എ.വി.വി.എസ്‌. ചക്രവര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഴവര്‍ഗങ്ങളും പച്ചക്കറികളുമാണ്‌ ഏറെ നഷ്ടമാകുന്നത്‌. ഇന്ത്യയില്‍ ഉണ്ടാകുന്ന തക്കാളിയുടെ മൂന്ന്‌ ശതമാനം മാത്രമാണ്‌ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. പാലുല്‍പാദനത്തില്‍ ലോകത്തിലെ പ്രഥമസ്ഥാനം ഇന്ത്യക്കാണ്‌. അരി, ഗോതമ്പ്‌, പഞ്ചസാര, പഴവര്‍ഗങ്ങള്‍, പച്ചക്കറി എന്നിവയുടെ ഉല്‍പാദനത്തില്‍ രണ്ടാംസ്ഥാനവും പഞ്ഞി ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനവും മത്സ്യസംസ്കരണത്തില്‍ ഏഴാംസ്ഥാനവും ഇന്ത്യക്കുണ്ട്‌. എന്നാല്‍ ഇവയെല്ലാം ശരിയായി സംസ്കരിച്ച്‌ അനുയോജ്യമായ പാക്കറ്റുകളില്‍ വിപണനം ചെയ്യുന്നതില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാക്കിംഗ്‌ ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചുവരികയാണെന്നും ചക്രവര്‍ത്തി പറഞ്ഞു.

കേരളത്തിലെ ഇടത്തരം, ചെറുകിട വ്യവസായസ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സെമിനാര്‍ഇന്ന്‌ രാവിലെ 10 മണിക്ക്‌ പനമ്പിള്ളിനഗര്‍ ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടക്കും. ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായും ഗുണമേന്മ നഷ്ടപ്പെടാതെയും എങ്ങനെ പാക്ക്‌ ചെയ്ത്‌ വിപണിയില്‍ എത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും പ്രഭാഷണവും സെമിനാറില്‍ നടക്കും. സംസ്ഥാന വ്യവസായവകുപ്പ്‌ സെക്രട്ടറി എസ്‌. ശ്രീനിവാസ്‌ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നും താല്‍പര്യമുള്ളവര്‍ക്ക്‌ സൗജന്യമായി പങ്കെടുക്കാമെന്നും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡപ്യൂട്ടി ഡയറക്ടര്‍ ബി.കെ. കര്‍ണ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by