ചില പുരസ്കാരങ്ങള്‍ ചിലര്‍ക്കു ലഭിക്കുമ്പോഴാണ് അതു മഹത്വമുള്ളതായി മാറുന്നത്. അര്‍ഹതയുള്ളവര്‍ക്ക് പുരസ്കാരം ലഭിക്കുമ്പോള്‍ ആ പുരസ്കാരം തന്നെ മഹത്വമുള്ളതായി മാറുന്നു. എത്ര ചെറിയ പുരസ്കാരമായാലും ജ്ഞാനപീഠത്തെ പോലെ വലിയ പുരസ്കാരമായാലും ഇതു ബാധകമാണ്. പുരസ്കാരങ്ങള്‍ ലഭിക്കാന്‍ ചരടുവലികള്‍ നടത്തുന്ന കാലമാണിത്. വലുതും ചെറുതുമായ പുരസ്കാരങ്ങള്‍ക്കായി നമ്മള് മഹാന്മാരെന്നും മനസ്സിനു വലിപ്പമുള്ളവരെന്നും കരുതുന്ന സാഹിത്യ സാംസ്കാരിക നായകര്‍ ചരടുവലികള്‍ നടത്തുന്നു.
ഭാരതത്തില്‍ സാഹിത്യത്തിനു നല്‍കിവരുന്ന പ്രശസ്തമായ പുരസ്കാരമാണ് ജ്ഞാനപീഠം. ഏഴുലക്ഷം രൂപയും വാഗീശ്വരിയുടെ ശില്പവുമടങ്ങുന്ന പുരസ്കാരം ലഭിക്കാന്‍ ഏതൊരു സാഹിത്യകാരനും സാഹിത്യകാരിയും കൊതിക്കുന്നുണ്ടാകും. കൊതിക്കുന്നതെല്ലാം എല്ലാവര്ക്കും ലഭിക്കണമെന്നില്ലല്ലോ. ജ്ഞാനപീഠവും ലഭിച്ചിരുന്നെങ്കിലെന്ന് കൊതിക്കുന്ന വലിയൊരു സമൂഹം എഴുത്തുകാര്‍ ഭാരതത്തിലുമുണ്ട്. അവര്‍ അതിനായി ശ്രമിക്കുകയും ചെയ്യുന്നു. ചിലരുടെ ശ്രമങ്ങള്‍ വിജയിക്കുകയും മറ്റുചിലരുടേത് പരാജയപ്പെടുകയും ചെയ്യും. പരാജയപ്പെട്ടവര്‍ വിജയിക്കുന്നതു വരെ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കും.
ജാഞ്ഞാനപീഠ പുരസ്കാരം സര്‍ക്കാര്‍ നല്‍കിവരുന്നതാണന്ന് ധരിച്ചിരിക്കുന്ന നിരവധിപേരുണ്ട്. എന്നാല്‍ അതൊരു സ്വകാര്യ സമിതി നല്‍കുന്നതാണ്. ജ്ഞാനപീഠത്തിനു നല്‍കിവരുന്ന സമ്മാനത്തുകയല്ല അതിന്റെ പ്രിയം കൂട്ടുന്നത്. ഏഴുലക്ഷം രൂപ നല്ല ഒരെഴുത്തുകാരന് അത്രവലിയ തുകയല്ലല്ലോ. ആ പുരസ്കാരത്തിന് ജനങ്ങളുടെയിടയിലുള്ള വിശ്വാസ്യതയാണ് അതിന്റെ വലിപ്പം കൂട്ടുന്നത്. 1961ല്‍ ‘ടൈംസ് ഓഫ് ഇന്ത്യ’ യുടെ ഉടമസ്ഥരായ സാഹുജയിന്‍ കുടുംബമാണ് ജ്ഞാനപീഠ പുരസ്കാരം ഏര്‍പ്പെടുത്തിയത്. അക്കാലത്ത് സാഹിത്യത്തിന് വിലയും നിലയുമുള്ള മറ്റൊരു പുരസ്കാരം നല്‍കുന്നുണ്ടായിരുന്നില്ല. 1961 ല്‍ രൂപീകൃതമായെങ്കിലും 1965 മുതലാണ് പുരസ്കാരം നല്കിത്തുടങ്ങിയത്. മലയാള കവി ജി.ശങ്കരക്കുറുപ്പിനാണ് ആദ്യത്തെ ജ്ഞാനപീഠം നല്‍കിയത്. ശങ്കരക്കുറുപ്പിന്റെ ‘ഓടക്കുഴല്‍’ എന്ന കാവ്യസമാഹാരത്തിനായിരുന്നു ആദ്യത്തെ ജ്ഞാനപീഠം. എതിരഭിപ്രായങ്ങളൊന്നുമില്ലാതെയാണ് ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠത്തിനായി തെരഞ്ഞെടുത്തത്.
1966ല്‍ ബംഗാളില്‍ നിന്നുള്ള താരാശങ്കര്‍ ബന്ദോപാധ്യായയുടെ ‘ഗണദേവത’ എന്ന നോവലിനും 1967ല്‍ കന്നടയില്‍ നിന്നുള്ള കെ.വി.പുട്ടപ്പയുടെ ‘ശ്രീരാമായണ ദര്‍ശന’മെന്ന മഹാകാവ്യത്തിനും ജ്ഞാനപീഠം ലഭിച്ചു. ഇതെല്ലാം എതിരഭിപ്രായങ്ങള്ക്കിടനല്കാത്ത തെരഞ്ഞെടുപ്പായിരുന്നു. ഹിന്ദി കവി സുമിത്രാനന്ദപന്ത്, ഉറുദു കവി ഫിറാഖ് ഗൊരഖ്പുരി, തെലുങ്കു കവി വിശ്വനാഥ സത്യനാരായണ, ബംഗാളി കവി ബിഷ്ണു ഡേ തുടങ്ങിയവര്‍ക്കെല്ലാം തുടര്‍ വര്‍ഷങ്ങളില്‍ ജ്ഞാനപീഠം ലഭിച്ചു. ജി.ശങ്കരക്കുറുപ്പിനു ശേഷം മലയാളത്തില്‍ നിന്ന് ജ്ഞാനപീഠം ലഭിക്കുന്നത് എസ്.കെ.പൊറ്റക്കാടിനാണ്. പിന്നീട് തകഴിയ്ക്കും ലഭിച്ചു. 1995ല്‍ എം.ടി.വാസുദേവന്‍നായര്‍ക്കു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ ജ്ഞാനപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ചില വാര്‍ത്തകള്‍ പുറത്തു വന്നു. എംടിക്ക് വളരെ നേരത്തെ ജ്ഞാനപീഠം ലഭിക്കേണ്ടതായിരുന്നുവെന്നും പലരും ചരടുവലികള്‍ നടത്തി എംടിക്കു ലഭിക്കേണ്ടിയിരുന്നതിനെ തടഞ്ഞു വയ്ക്കുകയായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. എംടിക്ക് മുമ്പ് ജ്ഞാനപീഠം ലഭിച്ചവരുടെ പട്ടിക നോക്കുമ്പോള്‍ ഇതില്‍ വാസ്തവമുണ്ടെന്ന് വിശ്വസിക്കേണ്ടി വരും.
പിന്നീട് 2007ലെ ജ്ഞാനപീഠ പുരസ്കാരമാണ് മലയാളത്തിനു ലഭിച്ചത്. കവി ഒഎന്‍വിക്ക് ലഭിച്ചു. അപ്പോഴും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. ഒഎന്‍വി ജ്ഞാനപീഠം ചരടുവലിച്ച് നേടിയതാണെന്ന് ആരോപിച്ച് പ്രമുഖ സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള രംഗത്തു വന്നു.
കുറുപ്പ് അത്ര വലിയ കവിയല്ലെന്നും ജ്ഞാനപീഠത്തിനുവേണ്ടി അദ്ദേഹം ഗംഭീരമായി ചരടുവലിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പുരസ്കാരനിര്‍ണയ സമിതി അംഗമായിരുന്ന സച്ചിദാനന്ദന്റെ ഫോണില്‍ നിന്ന്, ജ്ഞാനപീഠം പ്രഖ്യാപിക്കുന്നതിന് ആറുമാസത്തിനിടെ ഒഎന്‍വിയുടെ ഫോണിലേക്കാണ് ഏറ്റവും കൂടുതല്‍ വിളികള്പോയിട്ടുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സച്ചിദാനന്ദന് വഴി കമ്മറ്റിയിലുള്ളവരെ സ്വാധീനിച്ചാകാം ഒഎന്‍വി അവാര്‍ഡ് നേടിയതെന്നും സ്വകാര്യ അവാര്‍ഡ് ആയതിനാല്‍ ഇത്തരം സ്വാധീനങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഒഎന്‍വി ‘ഉജ്ജയിനി’ എഴുതിയത് കാളിദാസ സമ്മാനം ലഭിക്കാന്‍ വേണ്ടിയാണ്. ഒഎന്‍വി നല്ല പദ്യങ്ങളും പാട്ടുകളും എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ ഒരു വരി അറിയാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍, സാഹിത്യത്തില്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. കവിതയില്‍ അഗ്രഗണ്യനായിരുന്നത് അയ്യപ്പപ്പണിക്കരാണ്. സുകുമാര്‍ അഴീക്കോടിനാണ് യഥാര്‍ഥത്തില്‍ ജ്ഞാനപീഠം ലഭിക്കേണ്ടതെന്നും സിപിഎമ്മാണ് ഒഎന്‍വിയെ ചീത്തയാക്കിയതെന്നും പുനത്തില്‍ പറഞ്ഞു.
ഒഎന്‍വിയെ അടുത്തറിയുന്നവര്‍ക്കും അദ്ദേഹത്തിന്റെ കാവ്യബാഹ്യമായ ജീവിതത്തെ മനസ്സിലാക്കിയിട്ടുള്ളവര്‍ക്കും പുനത്തിലിന്റെ വാക്കുകള്‍ വിശ്വസിക്കേണ്ടി വരും. ഒഎന്‍വി നല്ല കവിയാണെന്ന് പുനത്തിലും സമ്മതിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടു മാത്രം അദ്ദേഹം നടത്തിയ ചരടുവലികള്‍ ഇല്ലാതാകുകയില്ലല്ലോ. കേരളത്തില്‍ പലരും ജ്ഞാനപീഠത്തിനായി കാത്തു നില്‍ക്കുന്നുണ്ട്. അവര്‍ക്കും നിരാശപ്പെടാനിടവരാതിരിക്കട്ടെ എന്നാശംസിക്കുന്നു.
മറ്റേതൊരു പുരസ്കാരത്തെയും പോലെ ജ്ഞാനപീഠവും ദുര്‍ഗന്ധപൂരിതമായെന്ന് വായനക്കാരനു മുന്നില്‍ അറിയിക്കാനാണ് ഇതത്രയും എഴുതിയത്. ജനാധിപത്യത്തെ ഇത്രയധികം ആരാധിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അതു സ്വാഭാവികമാണ്. ഇക്കഴിഞ്ഞ ദിവസം 2009, 2010 വര്‍ഷങ്ങളിലെ ജ്ഞാനപീഠ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അതാണ് ജ്ഞാനപീഠത്തിലേക്ക് തൂലിക തിരിക്കാന്‍ കാരണമായത്. വീണ്ടും ജ്ഞാനപീഠം മഹത്വമാര്ജ്ജിക്കുകയാണെന്ന പ്രത്യാശ ജനിപ്പിക്കുന്നതായിരുന്നു പുരസ്കാര പ്രഖ്യാപനം. കന്നട സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ചന്ദ്രശേഖരകമ്പാര്ക്കാണ് 2010ലെ ജ്ഞാനപീഠം ലഭിച്ചത്. കന്നട സാഹിത്യത്തിനു ലഭിക്കുന്ന എട്ടാമത്തെ ജ്ഞാനപീഠമാണ് അത്. എഴുപത്തിനാലാം വയസ്സിലേക്ക് കടന്ന കമ്പാര്‍ക്ക് ജ്ഞാനപീഠം ലഭിക്കാന്‍ കന്നടയിലെ തന്നെ ഏഴുപേര്‍ക്ക് അതു കിട്ടേണ്ടിവന്നുവെന്നതും ഇത്രനാളും അദ്ദേഹം കാത്തിരിക്കേണ്ടിവന്നുവെന്നതും മുമ്പ് പ്രകടിപ്പിച്ച ജ്ഞാനപീഠ പുരസ്കാരത്തില്‍ പതിച്ചിരിക്കുന്ന പുഴുക്കുത്തുകളെക്കുറിച്ചുള്ള ആശങ്കകള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ്.
നോവലിസ്റ്റ്, കവി, ഫോക്ലോറിസ്റ്റ്, നാടകകൃത്ത്, സിനിമസംവിധായകന് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രശേഖര കമ്പാറിന്റെ രചനകള്‍ ഗ്രാമ്യാനുഭവങ്ങളുടെ രേഖപ്പെടുത്തലുകളാണ്. കന്നട സാഹിത്യത്തിന് പരിചിതമില്ലാത്ത പ്രാദേശിക ജീവിതവും ഭാഷയുമായിരുന്നു കമ്പാറിന്റെ എഴുത്തിന്റെ സവിശേഷത. 1996ല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം കന്നട യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാന്‍സലര്‍ ആയിരുന്നു. രാജ്യം പത്മശ്രീ നല്കി കമ്പാറിനെ ആദരിച്ചിട്ടുണ്ട്.
കന്നടയിലെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ദത്താത്രേയ രാമചന്ദ്ര ബേന്ദ്രേയുടെ പാതപിന്തുടര്ന്ന് കവിതയില്‍ നാടന്‍ മിത്തുകള്‍ വിളക്കിച്ചേര്‍ത്ത പ്രതിഭയാണ് കമ്പാര്‍. കമ്പാര്‍ കൈവയ്ക്കാത്ത മേഖലകളില്ല. കവിത, കഥ, നാടകം, നോവല്‍, സാഹിത്യ ഗവേഷണം, സിനിമ, സംഗീതം എന്നിവയിലെല്ലാം തൊട്ടത് പൊന്നാക്കിയ കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നാടകങ്ങളില്‍ പലതും കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് സ്റ്റേജുകളില്‍ അരങ്ങേറിയിട്ടുണ്ട്. നാടകാചാര്യന് എന്ന നിലയിലാണ് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.
സ്വന്തമായി രചിച്ച് സംവിധാനം ചെയ്ത പല നാടകങ്ങളിലും അദ്ദേഹം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ചു സിനിമകളും നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കരിമയി, സംഗീത, കാടുകുടുറെ എന്നീ സിനിമകള്‍ പ്രശസ്തമാണ്. കാടുകുടുറെ 1978ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാടോടിപ്പാട്ടുകളില്‍ വിദഗ്ധനായ കമ്പാര്‍ തന്റെ പല നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുമുണ്ട്. ചന്ദ്രശേഖര കമ്പാറിന്റെ രചനകള്‍ കര്‍ണാടകയില്‍ പ്രൈമറി മുതല്‍ കോളേജ്തലം വരെ പല പാഠപുസ്തകങ്ങളിലുമുണ്ട്. അദ്ദേഹത്തെ പോലെ പ്രതിഭയും ജ്ഞാനവും ഒത്തുചേര്‍ന്ന എഴുത്തുകാരനുള്ളപ്പോള് ചരടുവലികളിലൂടെയും സമ്മര്‍ദ്ദങ്ങളിലൂടെയും മറ്റുപലരും വളരെ നേരത്തെ ജ്ഞാനപീഠം കരസ്ഥമാക്കി.
ജ്ഞാനപീഠ പുരസ്കാര സമിതിക്ക് വൈകി വന്ന വിവേകമാണ് ചന്ദ്രശേഖര കമ്പാര്‍ക്ക് പുരസ്കാരം നല്‍കാനുള്ള തീരുമാനം. മങ്ങിത്തുടങ്ങിയ ജ്ഞാനപീഠത്തിന്റെ പ്രഭയും മഹത്വവും വീണ്ടെടുക്കാന്‍ ഇത് ഉപകരിക്കും. “ഈ പുരസ്കാരം എഴുപത്തിനാലാം വയസ്സിലും എന്നെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നു” എന്ന കമ്പാറുടെ വാക്കുകള്‍ ഇന്ത്യന്‍ സാഹിത്യത്തിന്റെ പ്രതീക്ഷകളെയാണ് പ്രചോദിപ്പിക്കുന്നത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: