2 ജി സ്പെക്ട്രം ലേലം ചെയ്യാതെ ലൈസന്‍സ് നല്കി 1.76 ലക്ഷം രൂപയുടെ നഷ്ടം ഖജനാവിന് വരുത്തിവെച്ചതില്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിനും പങ്കുണ്ടെന്നുള്ള ധനമന്ത്രാലയത്തിന്റെ 11 പേജ് റിപ്പോര്‍ട്ട് ചിദംബരത്തിന്റെ മുഖംമൂടി വലിച്ചുകീറിയിരിക്കുകയാണ്. ധനമന്ത്രിയായിരിക്കെ ചിദംബരം ഉറച്ച നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയപ്രകാരം വിതരണം ചെയ്യുന്നതിന് പകരം 2 ജി ലൈസന്‍സ് ചിദംബരത്തിന്റെ മന്ത്രാലയത്തിന്റെതന്നെ മുന്‍ നിലപാട് പ്രകാരം ലേലത്തില്‍ക്കൂടി മാത്രമേ വിതരണം ചെയ്യുമായിരുന്നുള്ളൂ എന്നാണ് പ്രണബ് മുഖര്‍ജിയും ധനമന്ത്രാലയവും അയച്ച കത്ത് ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിക്ക് ധനമന്ത്രാലയം കൈമാറിയ രേഖകളാണ് വിവരാവകാശ പ്രവര്ത്തകന് വി. വിവേക് ഗാര്‍ഗി പുറത്തുവിട്ടത്. 2 ജി കേസില്‍ ചിദംബരത്തിന്റെ റോളിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി ആവശ്യപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ ഈ കത്തിലൂടെ വെളിപ്പെടുന്നത് ചിദംബരവും എ. രാജയും ഒരുമിച്ചുള്ള ഒത്തുകളിയായിരുന്നു 2 ജി സ്പെക്ട്രം ഇടപാട് എന്നുതന്നെയാണ്. ഈ കേസില്‍ ചിദംബരത്തിന്റെ റോള്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുള്ള സിബിഐ നിലപാട് ഇപ്പോള്‍ സിബിഐയെയും സംശയത്തിന്റെ നിഴലിലാക്കുന്നു.
2 ജി സ്പെക്ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നു എന്ന് ചൂണ്ടിക്കാട്ടിയത് ഭരണസംവിധാനമായ സിഎജി ആയിരുന്നു. വിവാദ കൊടുങ്കാറ്റിനെ ചെറുക്കാന്‍ പ്രധാനമന്ത്രി രംഗത്തിറക്കിയ, എ. രാജയുടെ ഒഴിവില്‍ ടെലികോംമന്ത്രിയായ കപില്‍ സിബലും പറഞ്ഞത് 2 ജി സ്പെക്ട്രം ഇടപാടില്‍ അഴിമതി നടന്നില്ല എന്നായിരുന്നു. സുബ്രഹ്മണ്യന്‍സ്വാമിയുടെ കേസിനോടനുബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യും പറഞ്ഞത് ഈ ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ല എന്നായിരുന്നു. സുപ്രീംകോടതി ട്രായ്യുടെ വിശദീകരണവും ചോദിച്ചുകഴിഞ്ഞു. 2001 ല്‍ പ്രാബല്യത്തിലിരുന്ന അതേ പ്രവേശനഫീസ് ഈടാക്കിയാണ് 2008 ലും ലൈസന്‍സുകള്‍ അനുവദിച്ചിരുന്നതെന്നും 4.4 മെഗാഹെര്‍ട്സിന് താഴെയുള്ള സ്പെക്ട്രം ലൈസന്‍സുകള്‍ക്കും കൂടുതല്‍ ചാര്‍ജ് ഈടാക്കേണ്ടതില്ലെന്നുമുള്ള എ. രാജയുടെ നിലപാടിനെ ചിദംബരം പിന്താങ്ങിയിരുന്നു. ഇതിലെ അസ്വാഭാവികത അന്നത്തെ ധനകാര്യ സെക്രട്ടറി ചിദംബരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും രാജ അനുവദിച്ച റദ്ദുചെയ്യാമായിരുന്ന ലൈസന്‍സുകള്‍ റദ്ദുചെയ്യാനും ധനമന്ത്രാലയം തയ്യാറായില്ല. ഇങ്ങനെ ടെലികോം കമ്പനികളെ വഴിവിട്ട് സഹായിച്ച രാജയുടെ നടപടിയെ ചിദംബരം തടയാതിരുന്നതാണ് അഴിമതിക്ക് വഴിവെച്ചതെന്നാണ് ഇപ്പോഴത്തെ ധനമന്ത്രാലയ റിപ്പോര്‍ട്ട്.
ഈ അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ട മുന്‍ ടെലികോംമന്ത്രി രാജ, ഡിഎംകെ എംപി കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹ്റ എന്നിവര്‍ തിഹാര്‍ ജയിലില്‍ കഴിയവെ ഈ അഴിമതിക്ക് കൂട്ടുനിന്ന് കണ്ടില്ലെന്ന് നടിച്ച അന്നത്തെ ധനമന്ത്രി ചിദംബരം സര്‍വതന്ത്രസ്വതന്ത്രനായി വിഹരിക്കുന്നു. ചിദംബരം ഇന്ത്യയെ കബളിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം രാജിവെച്ചൊഴിയണമെന്നുമുള്ള ആവശ്യം പ്രതിപക്ഷവും ഇടതുപാര്‍ട്ടികളും ഉയര്‍ത്തിക്കഴിഞ്ഞു. ഈ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ ഓഫീസിലെ ടെലിഫോണ്‍ ചോര്‍ത്തിയ കേസിലും ചിദംബരത്തിന്റെ റോള്‍ ഉണ്ടെന്ന സംശയം ഉയര്‍ന്നിരുന്നതാണ്. എ. രാജ ജയിലിലായി ഒരു മാസത്തിനുശേഷമാണ് ധനമന്ത്രാലയം കത്ത് എഴുതിയിരിക്കുന്നത്. ജയിലില്‍ കഴിയുന്ന എ. രാജക്കൊപ്പം ചിദംബരത്തെയും കേസില്‍ പ്രതിചേര്‍ക്കണം എന്ന ആവശ്യം ഉന്നയിച്ച് സുബ്രഹ്മണ്യന്‍സ്വാമി സുപ്രീംകോടതിയിലും കേസ് വിചാരണ നടത്തുന്ന സിബിഐ പ്രത്യേക കോടതിയിലും ആണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കോടതി സുബ്രഹ്മണ്യന്‍സ്വാമിക്ക് അനുമതി നല്‍കിയിരിക്കെ പ്രണബിന്റെ കത്ത് ഈ കേസില്‍ വഴിത്തിരിവാകുക മാത്രമല്ല, ചിദംബരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കുമെന്നും കരുതപ്പെടുന്നു.
‘ട്രായ്’ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കോടതി അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. ഈയിടെയായി ട്രായ് എടുത്തിട്ടുള്ള നിലപാടുകളും ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും കോടതി നിരീക്ഷിക്കുന്നു. മറ്റൊരു ചര്‍ച്ചാ വിഷയം സിബിഐയും സിഎജിയും നിരത്തിയ കണക്കുകളിലെ അന്തരമാണ്. 2 ജി ഇടപാടില്‍ നഷ്ടം 1.76 ലക്ഷം കോടി എന്ന് സിഎജി പറയുമ്പോള്‍ സിബിഐയുടെ കണക്കുകള്‍ പ്രകാരം അത് 30984 കോടി രൂപ മാത്രമാണ്. 2 ജി സ്പെക്ട്രം കുരുക്ക് യുപിഎ സര്‍ക്കാരിനെതിരെ എല്ലാവിധത്തിലും മുറുകുകയാണ്. ഇതില്‍ ചിദംബരത്തിന്റെ റോള്‍ പുറത്തുകൊണ്ടുവരാന്‍ നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന സുബ്രഹ്മണ്യന്‍സ്വാമിക്ക് അനുഗ്രഹമാണ് ധനമന്ത്രാലയത്തിന്റെ കത്ത്. ഇതോടെ 2 ജി സ്പെക്ട്രം അഴിമതിയില്‍ അപമാനിതരായി തമിഴ്നാട്ടിലെ ഭരണവും നഷ്ടപ്പെട്ട ഡിഎംകെയും ചിദംബരത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. ചിദംബരത്തിന്റെ അറിവോടെയും സമ്മതത്തോടെയും കൂടി മാത്രമാണ് 2 ജി ലേലംചെയ്യാതെ ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ വിതരണംചെയ്തതെന്നിരിക്കെ രാജയെ മാത്രം കുറ്റപ്പെടുത്തുന്നതിലെ അനീതിക്കെതിരെയും ചിദംബരത്തിനെതിരെ നടപടിയും ആവശ്യപ്പെട്ടുള്ള ഡിഎംകെയുടെ രംഗപ്രവേശം ചിദംബരത്തെ യഥാര്‍ത്ഥത്തില്‍ കുരുക്കിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: