Categories: Ernakulam

വൈറ്റില ബസ്ടെര്‍മിനലില്‍ സ്വകാര്യബസ്സുകളുടെ ഗുണ്ടായിസം

Published by

കൊച്ചി കെഎസ്‌ആര്‍ടിസിക്ക്‌ അനുവദിച്ചിരിക്കുന്ന ബസ്ബേകള്‍ കൈയ്യേറി വൈറ്റില മൊബിലിറ്റി ഹബ്‌ ബസ്ടെര്‍മിനലില്‍ സ്വകാര്യബസ്സുകളുടെ ഗുണ്ടായിസം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള കെഎസ്‌ആര്‍ടിസിയുടെ ബസ്സുകള്‍ക്കായി പ്രത്യേകം അനുവദിച്ചിരിക്കുന്ന പാര്‍ക്കിംഗ്‌ സ്ഥലമാണ്‌ സ്വകാര്യബസ്സുകള്‍ കയ്യൂക്കുകാട്ടി സ്വന്തമാക്കിയിരിക്കുന്നത്‌.

വൈറ്റിലയില്‍ പുതുതായി നിര്‍മിച്ച ബസെടെര്‍മിനലില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പു കേന്ദ്രത്തിനു മുന്‍പിലായി 13 ബസ്‌ ബേകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇതില്‍ 6 എണ്ണം പ്രത്യേക ബോര്‍ഡ്‌ സ്ഥാപിച്ച്‌ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കായി അനുവദിച്ചവയാണ്‌. നഗരത്തില്‍ പ്രവേശിക്കാതെ വൈറ്റില ബൈപാസ്‌ വഴി സര്‍വീസ്‌ നടത്തുന്ന ദീര്‍ഘദൂര ബസ്സുകള്‍ക്ക്‌ ഉള്‍പ്പെടെയാണ്‌ ഈ 6 ബേകള്‍ അടയാളപ്പെടുത്തിനല്‍കിയിരിക്കുന്നത്‌. ബാക്കി 7 എണ്ണം സ്വകാര്യ ബസ്സുകള്‍ക്കായാണ്‌ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കായി നല്‍കിയിരിക്കുന്ന പാര്‍ക്കിംഗ്‌ ബേകള്‍ മിക്കപ്പോഴും ഗതാഗത തടസ്സം പോലും സൃഷ്ടിച്ചുകൊണ്ട്‌ സ്വകാര്യ ബസ്സുകള്‍ കൈയ്യടക്കി വെക്കുന്ന കാഴ്ചയാണ്‌ ബസ്‌ ടെര്‍മിനലില്‍ കാണാന്‍ കഴിയുന്നത്‌. യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നവിധത്തില്‍ സ്വകാര്യബസ്‌ ജീവനക്കാര്‍ ബസ്ബേ തര്‍ക്കത്തില്‍ പലപ്പോഴും കെഎസ്‌ആര്‍ടിസി ജീവനക്കാരുമായി വഴക്കിടുന്നതും പതിവായിട്ടുണ്ട്‌ എന്ന്‌ ബസ്‌ സ്റ്റാന്റിലെ ജീവനക്കാരും സ്ഥിരം യാത്രക്കാരും പരാതി പറയുന്നു.

തങ്ങള്‍ക്കായി അനുവദിച്ച സ്ഥലത്തുമാത്രം ഒതുങ്ങി നിന്നുകൊണ്ട്‌ ബസ്സുകള്‍ നിര്‍ത്തിയിട്ട്‌ യാത്രക്കാരെ കയറ്റിയിറക്കാന്‍ തയാറാണെന്ന്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പറയുമ്പോള്‍, നാമമാത്രമായ സര്‍വീസുകള്‍ നടത്തുന്ന സര്‍ക്കാര്‍ ബസ്സുകള്‍ക്ക്‌ ബസ്ബേയില്‍ പാര്‍ക്കുചെയ്യാന്‍ അനുവാദം നല്‍കരുതെന്നാണ്‌ സ്വകാര്യ ബസ്‌ ഉടമകളുടേയും ജീവനക്കാരുടേയും ആവശ്യം. സ്വകാര്യ ബസ്‌ ലോബിക്ക്‌ ബസ്സ്റ്റാന്റിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ഗൂഡാലോചനയാണ്‌ ബസ്ബേതര്‍ക്കത്തിനു പിന്നിലെന്നും, കെഎസ്‌ആര്‍ടിസിയെ ബസ്റ്റാന്റിനു പുറത്താക്കാനുള്ള ശ്രമത്തിനെതിരെ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നുമാണ്‌ ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by