Categories: Ernakulam

മൂവാറ്റുപുഴ ബ്ലോക്ക്‌ ക്ഷീരസംഗമം നടത്തി

Published by

മൂവാറ്റുപുഴ: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവില്‍ പാല്‍ ഉത്പാദന രംഗത്ത്‌ സ്വയം പര്യാപ്തമാകാനുള്ള കര്‍മ്മ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചുവരികയാണെന്ന്‌ ഗ്രാമവികസന ക്ഷീരവകുപ്പ്‌ മന്ത്രി കെ. സി. ജോസഫ്‌ പറഞ്ഞു. കേരളത്തിലെ ക്ഷീരകര്‍ഷകരെ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍പ്പെടുത്തുന്നതിന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവാറ്റുപുഴ ബ്ലോക്ക്‌ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനചെലവിന്റെ അടിസ്ഥാനത്തില്‍ ക്ഷീരകര്‍ഷകന്‌ വരുമാനം ഉറപ്പ്‌ വരുത്തും സര്‍ക്കാര്‍ ആനുകൂല്യം യഥാര്‍ത്ഥ കര്‍ഷകന്‌ ലഭിക്കുന്നതിന്‌ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാല്‍ വില കൂട്ടിയെങ്കിലും കാലിത്തീറ്റ വില വര്‍ദ്ധിപ്പിക്കരുതെന്ന്‌ കേരള ഫീഡ്സിനും മില്‍മയ്‌ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ പായിപ്ര ആപ്കോസ്‌ പ്രസി. ടോമി പി. മത്തായി, എറണാകുളം ക്ഷീര വികസന വകുപ്പ്‌ ഡെ. ഡയറക്ടര്‍ വി. ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച്‌ മൂവാറ്റുപുഴ ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടആവോലി കാരിമലയില്‍ സിജി മാത്യുവിനെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയും ഏറ്റവും പ്രായം കൂടിയ കര്‍ഷകനായി തെരഞ്ഞെടുത്ത പണ്ടപ്പിള്ളില്‍ കണ്ണോലില്‍ എം. യു. പത്രോസിനെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസി. ജോസ്‌ പെരുമ്പള്ളികുന്നേലും, മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ട പണ്ടപ്പിള്ളി ക്ഷീരസഹകരണ സംഘത്തിനെ ഇആര്‍സി എംപിയു ചെയര്‍മാന്‍ എം.ടി. ജയനും ആദരിച്ചു. മൂവാറ്റുപുഴ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു. രാവിലെ നടന്ന കന്നുകാലി പ്രദര്‍ശനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസി. ജോസ്‌ പെരുമ്പിള്ള കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു ജോര്‍ജ്ജ്‌, അസീസ്‌ പണ്ട്യാരപ്പിള്ളി, റെയ്ച്ചല്‍ ജോര്‍ജ്ജ്‌, നിസ ഷാഹുല്‍ ഹമീദ്‌, സില്‍വി മാത്യു, പി. എ. ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by