കോട്ടയം: താഴത്തങ്ങാടി തളിക്കോട്ട ശ്രീകൃഷ്ണ നിവാസില്‍ രാമകൃഷ്ണക്കുറുപ്പിനെ കാണാതായിട്ട് ഇന്ന് നാല് വര്‍ഷമാകുന്നു. അച്ഛന് മടങ്ങിവരുമെന്ന ശുഭാപ്തി വിശ്വാസത്തിലുള്ള മക്കളുടെ കത്തിരുപ്പ് തുടരുകയാണ്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി പരാതികള്‍ നിരവധി നല്കപ്പെട്ടെങ്കിലും കാര്യമായ തുടര്‍ നടപടികളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല. കാണാതാകുന്ന വ്യക്തികളെക്കുറിച്ചുള്ള പോലീസിന്റെ വെബ് സൈറ്റില്‍ പോലും രാമകൃഷ്ണക്കുറുപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തിട്ടില്ല. മാറിമാറി വരുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ പരാതിയെക്കുറിച്ച് ഒാര്മ്മപ്പെടുത്തിയാലും തുടരന്വേഷണത്തിന് താല്പര്യം കാണിക്കാറില്ലെന്നും, പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടതായിട്ടാണ് അറിയുന്നതെന്നും അച്ഛന്റെ തിരോധാനത്തെക്കുറിച്ച് പരാതി നല്കിയ ജന്മഭൂമി കോട്ടയം യൂണിറ്റിലെ ജീവനക്കാരനായ മകന് ആര്. രാധാകൃഷ്ണന് പറയുന്നു. രാമകൃഷ്ണക്കുറുപ്പിനെ 2007 സപ്തംബര്‍ 22നാണ് കോട്ടയത്തുനിന്നും കാണാതാകുന്നത്. സിന്‍ഡിക്കേറ്റ് ബാങ്കിലെ റിട്ട. ഉദ്യോഗസ്ഥനായ രാമകൃഷ്ണക്കുറുപ്പ് അന്ന് രാവിലെ തളീക്കോട്ടയിലെ വീട്ടില്‍ നിന്നും ടൗണിലെത്തുകയുണ്ടായി.
ഏകദേശം പതിനൊന്നരയോടെ തിരുനക്കര ക്ഷേത്രത്തിന്റെ കിഴക്കേനടയില്വച്ച് മകന് രാധാകൃഷ്ണന്റെ പക്കല്‍ ഏല്‍പ്പിക്കാന്‍ 4500 രൂപ രാമകൃഷ്ണക്കുറുപ്പ് സമീപവാസിയായ ഓട്ടോഡ്രൈവര്‍ അജയനെ ഏല്‍പ്പിക്കുകയുണ്ടായി. ഇതിനു ശേഷമാണ് രാമകൃഷ്ണക്കുറുപ്പിെന്റ തിരോധാനം. ഇത്തരമൊരു തുക ഏല്‍പ്പിക്കാനുള്ള സാഹചര്യമെന്തെന്ന് ഇപ്പോഴും തനിക്ക് മനസിലാവുന്നില്ലെന്ന് രാധാകൃഷ്ണന് പറയുന്നു. അന്ന് നാലുമണിയായിട്ടും അച്ഛന് വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അമ്മ ഫോണില്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വിവരം അറിയുന്നത്. പെട്ടെന്ന് തന്നെ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തി.
ഇതിനു ശേഷം പിറ്റേന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്കി. സംസ്ഥാനത്തിനകത്തെ ചില സ്റ്റേഷനുകളിലേക്ക് സന്ദേശമയച്ച് പരാതിയെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കപ്പെട്ടു. പിന്നീട് കേരളത്തിനുള്ളിലും പുറത്തും സ്വന്തമായും, സംഘടനാപരമായും അന്വേഷിച്ചെങ്കിലും നാളിതുവരെ ഒരു വിവരവും ലഭിച്ചില്ലെന്ന് രാധാകൃഷ്ണന് പറയുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ വരവും പ്രതീക്ഷിച്ച് മനംനൊന്ത് കഴിഞ്ഞിരുന്ന രാധാകൃഷ്ണന്റെ അമ്മ പി.കെ. രാജമ്മ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അന്തരിച്ചു.
അഞ്ചരയടിയോളം ഉയരമുള്ള രാമകൃഷ്ണ കുറുപ്പിനെ കാണാതാകുന്ന സമയം നീല ഫുള്‍കൈ ഷര്‍ട്ടും വെള്ളമുണ്ടുമാണ് ധരിച്ചിരുന്നത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 695/07 ആയി രജിസ്റ്റര്‍ ചെയ്ത കേസ്സിപ്പോള്‍ തെളിയപ്പെടാത്ത കേസ്സുകളുടെ പട്ടികയിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞു. ഇതിനിടെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതികള്‍ നല്‍കിയെങ്കിലും കൂടുതല്‍ നടപടികളൊന്നും ഉണ്ടായില്ല. അച്ഛന് മടങ്ങിവരുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് രാധാകൃഷ്ണനും സഹോദരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: