ന്യൂദല്‍ഹി: ഗാന്ധിയനായ അണ്ണാ ഹസാരെ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് വക്താവും പാര്‍ലമെന്റംഗവുമായ മനീഷ് തിവാരി രേഖാമൂലം മാപ്പിരന്നു. മാനനഷ്ടക്കേസില്‍ ഹസാരെയുടെ പൂനെയിലെ അഭിഭാഷകനായ മിലിന്ദ് പവാറാണ് 2011 സപ്തംബര്‍ 8 ന് തിവാരിക്ക് നോട്ടീസയച്ചത്. ഇതിനുള്ള മറുപടിയായിരുന്നു എഴുതിത്തയ്യാറാക്കിയ ക്ഷമാപണം. രാംലീലാ മൈതാനത്തെ സത്യഗ്രഹത്തില്‍നിന്ന് പിന്തിരിയാന് ഹസാരെയോട് ആവശ്യപ്പെടുമ്പോഴായിരുന്നു തിവാരി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
എന്നേക്കാള്‍ പ്രായാധിക്യമുള്ളവരെ ബഹുമാനിക്കേണ്ടി വരുമ്പോള്‍ എന്റെ അന്തസ്സോ വ്യക്തിത്വമോ ബാധകമാക്കാറില്ല. ആത്മാര്‍ത്ഥമായും ഞാന്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയുന്നു. ഇതിനെതിരെ നിയമപരമായി മറുപടി നല്‍കാനോ സംഭവം നീട്ടിക്കൊണ്ടുപോകാനോ ഞാനാഗ്രഹിക്കുന്നില്ല. അങ്ങ് ഇതവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഹസാരെക്കെഴുതിയ കത്തില്‍ തിവാരി പറഞ്ഞു. ഹസാരെയുടെ അഭിഭാഷകന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 500 പ്രകാരമാണ് മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ മാപ്പപേക്ഷ ലഭിച്ചതോടെ ഹസാരെ കേസ് അവസാനിപ്പിച്ചതായി അഭിഭാഷകന് അറിയിച്ചു.
ആഗസ്റ്റ് 16 ന് ഹസാരെ സത്യഗ്രഹം ആരംഭിക്കുന്നതിന് മുമ്പ് അടിമുതല്‍ മുടിവരെ അഴിമതിയില്‍ കുളിച്ച ആളാണ് അദ്ദേഹം എന്നായിരുന്നു തിവാരിയുടെ അപകീര്‍ത്തികരമായ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: