ടോക്കിയോ: പ്രകൃതിക്ഷോഭങ്ങള്‍ നിരന്തരം അനുഭവപ്പെടുന്ന ജപ്പാനിലുണ്ടായ കൊടുങ്കാറ്റില്‍ നാലുപേരെങ്കിലും കൊല്ലപ്പെട്ടു. ഒരുമാസം മുമ്പുണ്ടായ തലാസ് കൊടുങ്കാറ്റില്‍ 100 പേരോളം കൊല്ലപ്പെട്ടിരുന്നു. ലക്ഷക്കണക്കിനാളുകളോട് സ്വഭവനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്ക്കാനാവശ്യപ്പെട്ടിരുന്നു. കനത്ത കാറ്റില്‍ വെള്ളപ്പൊക്ക സാധ്യതയെത്തുടര്ന്നായിരുന്നു ഈ കരുതല്‍ നടപടി. ജപ്പാന്റെ മധ്യഭാഗത്തും പടിഞ്ഞാറും നാലുപേര്‍ കൊല്ലപ്പെട്ടു. ജിഫുവില് സ്കൂളില്‍നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായ ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയടക്കം രണ്ടുപേരെ കാണാതായിട്ടുണ്ട്. 1.14 മില്യണ്‍ ജനങ്ങളോട് തങ്ങളുടെ ഭവനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്ക്കാന് ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ട്. വാഹനനിര്‍മാണരംഗത്തെ പ്രമുഖനായ ടൊയോട്ട അവരുടെ 15 പ്ലാന്റുകളില്‍ 11 എണ്ണവും കാറ്റിനെതിരെയുള്ള മുന്‍കരുതലെന്ന നിലയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. മധ്യാഹ്ന ഷിഫ്റ്റുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അത് തുടരുന്നില്ലെന്നും കമ്പനി അറിയിച്ചു. അടുത്തദിവസത്തെ നടപടികള്‍ തീരുമാനിച്ചിട്ടില്ല. ഈ പ്ലാന്റുകളെല്ലാം മധ്യജപ്പാനിലെ അയ്ച്ചിയിലാണ് സ്ഥിതിചെയ്യുന്നത്.
ജപ്പാനില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ സുനാമിയിലും ഭൂചലനത്തിലും 20,000പേര് മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ ദുരന്തം മൂലമുണ്ടായത്. ഇതുമൂലം ഫുക്കഷിവോ ആണവനിലയം തകരാറിലായി അന്തരീക്ഷത്തിലേക്ക് അണുവികിരണമുണ്ടായി. ഭൂമിയില്‍ റഷ്യയിലെ ചെര്ണോസിന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ഈമാസം ആദ്യമാണ് തലാസ് കൊടുങ്കാറ്റ് മധ്യജപ്പാനില്‍ വീശിയടിച്ച് നൂറുപേരുടെ മരണത്തിനിടയാക്കിയത്. മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ കാറ്റായിരുന്നു തലാസ്.
ഇത്തവണത്തെ കൊടുങ്കാറ്റ് വെള്ളപ്പൊക്കമുണ്ടാക്കുകയും പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു. കഴിഞ്ഞദിവസത്തോടെയാണ് കാറ്റിന്റെ ശക്തി കുറഞ്ഞത്. കാന്റോ പ്രദേശത്ത് കാറ്റിലും മഴയിലും മണ്ണിടിച്ചിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. കാറ്റിന്റെ ഗതി ജോലിക്കാര്‍ ഇപ്പോഴും അണുവികിരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഫുക്കുഷിമോ ആണവനിലയത്തിനടുത്തേക്കാണ്. ഇനിയും കാറ്റ് ശക്തിയാര്‍ജിച്ച് വടക്കന്‍ ദിശയിലേക്ക് നീങ്ങുമെന്നും ഗതാഗത സംവിധാനത്തെ താറുമാറാക്കുമെന്നും ജപ്പാന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇപ്പോള്‍ കാറ്റുമൂലം വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ ആളുകള്‍ വെള്ളത്തിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ കാണിക്കുന്നുണ്ട്. പല എക്സ്പ്രസ് പാതകളും അടച്ചു. വിമാനസര്‍വീസുകള്‍ റദ്ദാക്കി. നഗോയ നഗരത്തില്‍ മാത്രം 380000 വീട്ടുകാര്‍ ഒഴിപ്പിക്കല്‍ നടപടിക്ക് വിധേയരായതായി മാധ്യമങ്ങള്‍ അറിയിച്ചു. ഒഴിയാനുള്ള ഉത്തരവുകള്‍ ഉടനടി പ്രാബല്യത്തിലെത്തിക്കണമെന്ന് നഗോയ മേയര്‍ തകാഷി കവമുറ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: