Categories: India

ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി

Published by

ഗാങ്ടോക്: സിക്കിമിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി. ബീഹാറില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന മൂവായിരത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി.

ഭുകമ്പത്തില്‍ സിക്കിമില്‍ മാത്രം മരണ സംഖ്യ 61 ആയി ഉയര്‍ന്നു. ഗതാഗത, വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണ്ണമായി തകരാറിലായ മിക്ക ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. തുടര്‍ ചലനങ്ങളെ ഭയന്ന് വീടുകളില്‍ കയറാനാവാതെ പൊതു നിരത്തുകളിലും അമ്പലങ്ങളിലും തമ്പടിച്ചിരിക്കുകയാണ് തദ്ദേശവാസികള്‍.

സൈന്യത്തിന്റെ പതിമൂന്ന് ഹെലികോപറ്ററുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയിലുണ്ട്. വ്യോമസേനയുടെ 500 സംഘങ്ങള്‍, പത്ത് മെഡിക്കല്‍ സംഘങ്ങള്‍ എന്നിവയേയും സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ദേശീയപാതയിലെ ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. എന്നാല്‍ 95 കിലോമീറ്റര്‍ ദൂരമുള്ള ഗാങ്ടോക്- മന്‍ഗന്‍ പാത ഗതാഗതത്തിനായി തുറന്നു.

ഗാങ്ടോക്കില്‍ മാത്രമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. സൈന്യം ഭൂകമ്പ മേഖലയില്‍ നിന്നും ഒഴിപ്പിച്ച മൂവായിരത്തോളം പേരെ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ പുനരധിവസിപ്പിച്ചു. ഇവര്‍ക്കായി ദല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണ പൊതികള്‍ എത്തിക്കുന്നുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by