ഒടുവില്‍ സിപിഎം അവരുടെ യഥാര്‍ഥ സ്വഭാവം വ്യക്തമാക്കിയിരിക്കുന്നു. ഇതിനകം വിവാദവും ചര്‍ച്ചാവിഷയവും ആയിട്ടുള്ള തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുമായി ബന്ധപ്പെട്ടാണ് ആ പാര്‍ട്ടിയുടെ നിലപാട് വെളിപ്പെട്ടിരിക്കുന്നത്. വാസ്തവത്തില്‍ ഇതില്‍ അത്ഭുതമൊന്നും ഇല്ല. അവരുടെ ഭാഗത്തുനിന്ന് മറ്റൊരു സമീപനം ഉണ്ടാവുന്നെങ്കില്‍ മാത്രമേ അല്‍ഭുതം കൂറേണ്ട ആവശ്യമുള്ളു. ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായിവിജയനാണ് ഇതുസംബന്ധിച്ച പാര്‍ട്ടി നിലപാട് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്ത് പൊതുസ്വത്താണെന്നാണ് സിപിഎമ്മിന്റെ കാഴ്ചപ്പാട്. അവരുടെ സംസ്ഥാന സമിതിഅംഗീകരിച്ച പ്രമേയത്തില്‍ അങ്ങനെയാണ് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. ആ സ്വത്ത് നാടിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ പാര്‍ട്ടി ഇനി അതൊക്കെ ചെലവഴിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശചെയ്യുന്നു. ഇതുവരെ ഇക്കാര്യത്തില്‍ കണിശമായ നിലപാട് സ്വീകരിക്കാതിരുന്ന പാര്‍ട്ടി പൊടുന്നനെ തങ്ങളുടെ കാഴ്ചപ്പാടുമായി രംഗത്തുവരികയാണെന്നു പറഞ്ഞാല്‍ ശരിയാവില്ല.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തുക്കള്‍ വന്ന വഴിയെക്കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ വിവരമുള്ളതുപോലെയാണ് പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചത്. ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ട സ്വത്തില്‍ ഭക്തജനങ്ങളുടെ കാണിക്കയും രാജ്യവ്യാപനകാലത്ത് പിടിച്ചെടുത്തവയും ഉണ്ടത്രെ. ജനങ്ങളില്‍ നിന്ന് പലതരത്തില്‍ സമ്പാദിച്ചതും ഇതില്‍ പെടുമെന്നാണ് പാര്‍ട്ടി പറയുന്നത്. ഇനിയും മൂല്യം നിര്‍ണയിക്കാന്‍ പറ്റാത്തത്ര അളവില്‍ അവിടെയുള്ള സ്വത്തുക്കള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരസ്വസ്ഥത ഉണ്ടാക്കുന്നു എന്നുവേണം കരുതാന്‍. അതിന്റെ സുചനകള്‍ സെക്രട്ടറിയില്‍ നിന്ന് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ക്ഷേത്രസ്വത്തുക്കളുടെ വിവരം പുറത്തായതോടെ പത്മനാഭസ്വാമിക്ഷേത്രം അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ്. ഭക്തികൊണ്ടും കൗതുകംകൊണ്ടും ക്ഷേത്രത്തിലേക്കെത്തുന്ന ജനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഭക്തജനങ്ങളുടെ ആധിക്യത്താല്‍ ബന്ധപ്പെട്ടവര്‍ പലപ്പോഴും നിസ്സഹായരായിപ്പോകാറുണ്ട്. ഒരുഹൈന്ദവ തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള അഭൂതപൂര്‍വമായ തിരക്ക് അവിശ്വാസികളുടെ സംഘാതമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അലോസരപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടിയുടെ വരുതിയില്‍ നില്‍ക്കാതെ ശബരിമലയുള്‍പ്പെടെയുള്ള ഹൈന്ദവതീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് അണികള്‍ ഒഴുകിപ്പോകുന്നതില്‍ നേരത്തെ തന്നെ അസ്വസ്ഥമാണല്ലോ ആ പാര്‍ട്ടി. കോടികള്‍ മതിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ സ്വത്തില്‍ കണ്ണുനട്ടുകൊണ്ടുള്ള പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് വാസ്തവത്തില്‍ ഹൈന്ദവജനതയുടെ മുഖത്തേക്ക് കാര്‍ക്കിച്ചുള്ള തുപ്പായി വേണം കണക്കാക്കാന്‍. ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ സ്വത്തും മറ്റും കൈകാര്യം ചെയ്യണം എന്ന നിലപാടിന്റെ ഉള്ളില്‍ എന്താണെന്ന് ഏതൊരാള്‍ക്കും മനസ്സിലാവും. രാഷ്ട്രീയ വൈതാളികര്‍ക്ക് ഇഷ്ടംപോലെ കയ്യിട്ട് വാരാനും തലമുറകളോളം അതിനുള്ള സൗകര്യമൊരുക്കാനും മേപ്പടി സംവിധാനം വഴി കഴിയും. ഏതാണ്ടൊക്കെ നല്ലനിലയില്‍ തന്നെ കാര്യങ്ങള്‍ നടന്നുപോവുന്ന പത്മനാഭസ്വാമിക്ഷേത്രത്തെ കുളംതോണ്ടാനുള്ള അണിയറ നീക്കങ്ങള്‍ ശക്തിപ്പെടുത്താനാണ് സിപിഎമ്മിന്റെ നീക്കം. പൂതനാവേഷം കെട്ടി ഇറങ്ങിയിരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ പത്മനാഭസ്വാമി സ്നേഹം ആര്‍ക്കാണ് തിരിച്ചറിയാനാവാത്തത്.
ശതകോടികളുടെ അധിപനായി പത്മനാഭസ്വാമി അറിയപ്പെട്ടതു മുതല്‍ അസ്വസ്ഥരായ പല വിഭാഗങ്ങളുമുണ്ട്. നേരെ ചൊവ്വേ അവര്‍ക്ക് ഇടപെടാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. അത്തരക്കാരെ ഒന്നിച്ചുകൂട്ടി ഒരു മുന്നേറ്റമുണ്ടാക്കാനുള്ള അജണ്ടയാണ് സിപിഎം സംസ്ഥാന സമിതി ഏകെജി സെന്ററില്‍ നിന്ന് പരുവപ്പെടുത്തിയത്. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ക്ഷേത്രവും വിശ്വാസവും പൂജയും ചടങ്ങുകളും മറ്റും പ്രാകൃതമായ സംഗതികളാണ്. വിശ്വാസികളുടെ എല്ലാവിധത്തിലുള്ള ഭക്തിയും സ്നേഹവും തകര്‍ക്കുകയെന്നതത്രേ അവരുടെ രീതി. കാരണം സംഘര്‍ഷത്തില്‍ കൂടി മാത്രമേ അവര്‍ക്ക് അവരുടെ പാര്‍ട്ടി വളര്‍ത്താനാവൂ. അല്ലെങ്കിലും, ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും രക്ഷപ്പെട്ടു എന്നു പ്രചരിപ്പിച്ചു നടന്നവരുടെ പുതുതലമുറയില്‍ നിന്ന് മേറ്റ്ന്തെങ്കിലും പ്രതീക്ഷിക്കുക വയ്യല്ലോ. ഹൈന്ദവതീര്‍ഥാടന കേന്ദ്രത്തിന്റെ കാര്യമായതിനാല്‍ പാര്‍ട്ടിക്ക് മറ്റൊന്നും നോക്കേണ്ടതില്ല. അന്യമതസ്ഥരുടെ ആരാധനാകേന്ദ്രത്തിന്റെ അവസ്ഥയായിരുന്നെങ്കില്‍ പാര്‍ട്ടി പഞ്ചപുച്ഛമടക്കി നില്ക്കുമായിരുന്നു. ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളിലില്ലാ ക്രൈസ്തവരക്തം, ഞങ്ങളിലില്ലാ ഇസ്ലാം രക്തം എന്ന് മുദ്രാവാക്യം വിളിച്ച് നടക്കുമെങ്കിലും മറ്റ് രണ്ട് രക്തക്കാരോടും കാണിക്കുന്ന താല്പര്യം സുവിദിതമാണ്. ഹൈന്ദവവിരോധം മുഖമുദ്രയാക്കിയ ആ കക്ഷി മതേതരലേബലില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി വേണം പത്മനാഭ സ്വാമിക്ഷേത്ര സ്വത്തിനെക്കുറിച്ചുള്ള നിലപാട് കാണാന്‍.
ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളുടെ മേലുള്ള കുതിരകയറ്റമാണ് സിപിഎമ്മിന്റെ നിലപാട് എന്ന് ഹൈന്ദവര്‍ തിരിച്ചറിയേണ്ടതാണ്. പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടി സ്ഫോടനാത്മകമായി നില്ക്കുന്ന വസ്തുതകളെ വഴിതിരിച്ചുവിടാനുള്ള അജണ്ടയും ഇതിന്റെ പിന്നിലുണ്ടാവാം. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നില പരിതാപകരമായിരിക്കുകയാണല്ലോ. ഒദ്യോഗികമെന്നും അല്ലാത്തതെന്നുമുള്ള തരത്തില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നു. തല്ക്കാലം അതില്‍നിന്നൊക്കെ പാര്‍ട്ടിയെ രക്ഷിച്ചെടുക്കേണ്ട ചുമതലയും പാര്‍ട്ടി സെക്രട്ടറിക്കുണ്ട്. അതിനുള്ള എളുപ്പവഴിയായാണ് ക്ഷേത്രസ്വത്തില്‍ കൈവെച്ചിരിക്കുന്നത്. മറ്റ് മതങ്ങളിലെ തീവ്രനിലപാടുകാര്‍ക്കും വര്‍ഗീയ കോമരങ്ങള്‍ക്കും ആഹ്ലാദമുണ്ടാക്കുന്നതുമാണ് പാര്‍ട്ടി നിലപാട്. ഹൈന്ദവരെ സംബന്ധിച്ചിടത്തോളം എന്തായാലും അതവരെ ബാധിക്കുന്നില്ല എന്ന നിസ്സംഗ മനോഭാവവുമാണ്. അപകടകരമായ ഈ നിലപാടില്‍ നിന്ന് വ്യതിചലിച്ചില്ലെങ്കില്‍ ഒന്നൊന്നായി ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകും. പത്മനാഭസ്വാമിക്ഷേത്രത്തില്‍ കാലങ്ങളായി വന്നു ചേര്‍ന്നിട്ടുള്ള വസ്തുവകകളും സ്വത്തും മൊത്തം സമൂഹത്തിന്റേതാണെന്ന് പറയുന്ന സിപിഎം അവരുടെ സ്വത്തും മറ്റു മതസ്ഥരുടെ സ്വത്തും അങ്ങനെയാണെന്ന് പറയുമോ ? ഹൈന്ദവ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെ എന്നും അരിവാളും ചുറ്റികയുമായി ഇറങ്ങാറുള്ള സിപിഎം ശ്രീപത്മനാഭസ്വാമിയുടെ സ്വത്ത്കണ്ട് നാവില്‍ വെള്ളമൂറി നില്‍ക്കേണ്ട എന്നാണ് പറയാനുള്ളത്. ആ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമന്നും ബന്ധപ്പെട്ടവര്‍ക്കറിയാം. പാര്‍ട്ടി സെക്രട്ടറി ഇക്കാര്യത്തില്‍ ഉത്കണ്ഠപ്പടേണ്ടതില്ല. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കി നേട്ടം കൊയ്യാനും കാത്തിരിക്കേണ്ട. ഓരോരുത്തര്‍ക്കും ഓരോപണി പറഞ്ഞിട്ടുണ്ട്; അത് ചെയ്യുന്നതാവും ഭംഗി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: