Categories: Ernakulam

തട്ടുകടകള്‍ക്ക്‌ നിരോധനം: പ്രതിഷേധം വ്യാപകം

Published by

കൊച്ചി: മഞ്ഞപ്പിത്തം പടരുന്നത്‌ തടയുന്നതിന്റെ പേരില്‍ ജില്ലയില്‍ ഇന്ന്‌ മുതല്‍ തട്ടുകടകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌ സാധാരണക്കാര്‍ക്ക്‌ തിരിച്ചടിയായി. ജില്ലയിലെ 84 പഞ്ചായത്തുകളിലും കോര്‍പ്പറേഷനിലെയും തട്ടുകടകള്‍ക്കാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. രണ്ട്‌ മാസത്തേക്കാണ്‌ നിരോധനം. മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച പല സ്ഥലങ്ങളിലും രോഗികള്‍ തട്ടുകടകളില്‍നിന്നും ഭക്ഷണം കഴിച്ചവരാണെന്ന്‌ പകര്‍ച്ചവ്യാധി നിയന്ത്രണവിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ തട്ടുകടകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്‌. തട്ടുകടകള്‍ മിക്കവയും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

കൊച്ചി നഗരത്തില്‍ മാത്രം അഞ്ഞൂറില്‍പ്പരം തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാധാരണക്കാരാണ്‌ ഇവിടങ്ങളില്‍നിന്നും കൂടുതലായി ഭക്ഷണം കഴിക്കുന്നത്‌. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കളും കൂടുതലായി ആശ്രയിക്കുന്നത്‌ തട്ടുകടകളെയാണ്‌. ഹോട്ടലുകളിലെ വിലവര്‍ധനവ്‌ ആളുകളെ തട്ടുകടകളിലേക്ക്‌ ആകര്‍ഷിക്കുന്നു. നഗരത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹോട്ടലുകളിലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്‌ ആഹാരം പാകം ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടാണ്‌ അധികൃതര്‍ തട്ടുകടകള്‍ക്ക്‌ നേരെ തിരിഞ്ഞിരിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍നിന്നും ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ആഴ്ചകള്‍ പഴകിയ ഭക്ഷണപദാര്‍ത്ഥകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by