Categories: Ernakulam

ഫിഷറീസ്‌ യൂണി. വിസിക്കെതിരെ ധനകാര്യവകുപ്പ്‌ അന്വേഷണത്തിന്‌

Published by

കൊച്ചി: സാമ്പത്തിക ദുര്‍വിനിയോഗം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ കേരളാ ഫിഷറീസ്‌ സര്‍വകലാശാല വിസി മധുസൂദനക്കുറുപ്പിനെതിരെ ഉയര്‍ന്ന പരാതിയില്‍ അന്വേഷണനടപടികള്‍ തുടങ്ങി. പുതുതായി രൂപീകരിച്ച സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലറായാണ്‌ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഡോ. കുറുപ്പിനെ നിയോഗിച്ചത്‌. ജനറല്‍ കൗണ്‍സില്‍ നിലവില്‍ വരാത്ത യൂണിവേഴ്സിറ്റിയില്‍ വിസി ഏകാധിപത്യ ഭരണം നടത്തുകയാണെന്നും, പ്രാഥമികാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്‌ ദുര്‍വിനിയോഗം ചെയ്യുകയാണെന്നുമാണ്‌ ആക്ഷേപമുയര്‍ന്നത്‌. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്‌ കഴിഞ്ഞ ആഗസ്റ്റ്‌ രണ്ടിന്‌ മുന്‍ രജിസ്ട്രാറായിരുന്ന ട്രീസാ രാധാകൃഷ്ണന്‍ വൈസ്ചാന്‍സലര്‍ക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ഇതിന്റെ പകര്‍പ്പ്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറിക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

സര്‍വകലാശാലയ്‌ക്ക്‌ പ്രാരംഭഘട്ടത്തില്‍ അത്യാവശ്യ ചെലവുകള്‍ക്കായി സര്‍ക്കാര്‍ അഞ്ച്‌ കോടി രൂപ അനുവദിച്ചിരുന്നു. യൂണിവേഴ്സിറ്റിയുടെ ഭരണകാര്യങ്ങളില്‍ അധികാരച്ചുമതലയുള്ള ജനറല്‍ കൗണ്‍സില്‍ ഫിഷറീസ്‌ സര്‍വകലാശാലയില്‍ ഇതുവരെയായി നിലവില്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ രജിസ്ട്രാറും വിസിയും പ്രൊ-വൈസ്‌ ചാന്‍സലറും സംയുക്തമായാണ്‌ ഭരണകാര്യങ്ങളും സാമ്പത്തിക ഇടപാടുകളും സുതാര്യതയോടെ കൈകാര്യം ചെയ്യേണ്ടത്‌ എന്നാണ്‌ വ്യവസ്ഥ. എന്നാല്‍ ഇതിന്‌ വിരുദ്ധമായി വൈസ്‌ ചാന്‍സലര്‍ ഡോ. മധുസൂദനക്കുറുപ്പ്‌ സാമ്പത്തിക ദുര്‍വ്യയം നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ കാണിച്ചാണ്‌ രജിസ്ട്രാര്‍ വിസിക്ക്‌ കത്ത്‌ നല്‍കിയത്‌.

വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി ഔദ്യോഗിക വാഹനം, കമ്പ്യൂട്ടര്‍, മൊബെയില്‍ ഫോണ്‍ എന്നിവ വാങ്ങുന്നതിനായി വിസി നേരിട്ട്‌ പണം കൈപ്പറ്റിയതായും യാത്രാ ബത്തയായും വിമാനയാത്രാക്കൂലി ഇനത്തിലും മറ്റും വന്‍ തുക കൈപ്പറ്റിയതായും അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ച്‌ ഉദ്യോഗാര്‍ത്ഥികളെ നേരിട്ട്‌ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി തന്നിഷ്ടപ്രകാരം നിയമനം നടത്തുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. വൈസ്‌ ചാന്‍സലര്‍ക്ക്‌ നേരിട്ട്‌ നല്‍കിയ കത്തിലും മുന്‍ രജിസ്ട്രാര്‍ ഇത്തരം കാര്യങ്ങള്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. രജിസ്ട്രാര്‍ ട്രീസാ രാധാകൃഷ്ണന്‍ അയച്ച കത്തിന്റെ പകര്‍പ്പിലെ ഉള്ളടക്കം ഗൗരവമുള്ളതായി കണ്ടതിനെത്തുടര്‍ന്നാണ്‌ ധനകാര്യവകുപ്പ്‌ ഇക്കാര്യത്തില്‍ അന്വേഷണവുമായി രംഗത്തെത്തിയത്‌.

ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന ധനകാര്യവകുപ്പിന്റെ പരിശോധനാ വിഭാഗം കഴിഞ്ഞദിവസം പനങ്ങാടുള്ള സര്‍വകലാശാല ആസ്ഥാനത്തെത്തി രേഖകളും മറ്റും പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ 15 ന്‌ സര്‍വകലാശാലാ ആസ്ഥാനത്ത്‌ പരിശോധനകള്‍ നടന്നതായി വിസി മധുസൂദനക്കുറുപ്പും സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയ ചോദ്യങ്ങള്‍ക്ക്‌ താന്‍ തൃപ്തികരമായ മറുപടി നല്‍കുമെന്നും വിസി എന്ന നിലയില്‍ നിയപരമായ കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നുമാണ്‌ ഇതു സംബന്ധിച്ച്‌ വിസി ഡോ. കുറുപ്പിന്റെ വിശദീകരണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by