Categories: Ernakulam

എണ്ണക്കമ്പനികളെ കെട്ടഴിച്ചുവിടരുത്‌: ജനകീയ പ്രതിരോധ സമിതി

Published by

കൊച്ചി: അടിക്കടി പെട്രോളിന്റെ വില വര്‍ധിപ്പിച്ചുകൊണ്ട്‌ ജനങ്ങളുടെ ജീവിതത്തിന്റെ താളംതെറ്റിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന്‌ ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ.കെ. അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. എറണാകുളം മേനക ജംഗ്ഷനില്‍ സമിതി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധൂര്‍ത്തിന്റെയും അഴിമതിയുടേയും പര്യായമായി മാറിയിരിക്കുന്ന എണ്ണക്കമ്പനികളെ കെട്ടഴിച്ചുവിട്ടതുകൊണ്ട്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ മാത്രമാണ്‌ നേട്ടമുണ്ടാകുന്നത്‌. രാജ്യത്ത്‌ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയ്‌ക്കും വര്‍ഷങ്ങളുടെ കരാറുകളിലൂടെ സ്ഥിരമായി ലഭ്യമാകുന്ന എണ്ണയ്‌ക്കും അന്തര്‍ദ്ദേശീയ വിപണിയിലെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ബാധകമല്ലെന്നിരിക്കേ അതിന്റെ പേരില്‍ വില വര്‍ധിപ്പിക്കാനാവില്ല. രൂപയുടെ വിനിമയമൂല്യം കുറഞ്ഞുവെന്നതിന്റെ പേരില്‍ എണ്ണക്കമ്പനികളുടെ ലാഭത്തിലുണ്ടാകുന്ന കുറവ്‌ പരിഹരിക്കാനായി ഭീമമായി വില വര്‍ധിപ്പിക്കാന്‍ അനുവദിക്കരുത്‌. ഓരോ വര്‍ഷവും പരസ്യത്തിനും മറ്റും വേണ്ടി ചെലവഴിക്കുന്നതുള്‍പ്പെടെ ഈ കമ്പനികളുടെ സാമ്പത്തിക ദുര്‍വ്യയം അവസാനിപ്പിക്കണം. സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായി വരുന്ന ബാധ്യതകള്‍ ജനങ്ങളുടെ ചുമലില്‍ കെട്ടിവയ്‌ക്കാന്‍ ഭരണാധികാരികള്‍ മുതിരരുതെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എബ്രഹാംപുതുശ്ശേരി, അഡ്വ.ജോസ്‌ വിതയത്തില്‍ (കെസിബിസി), അഡ്വ.ഐ.എം.ആന്റണി (കെസിവൈഎം), ഏലൂര്‍ഗോപിനാഥ്‌ (ബിജെപി, പരിസ്ഥിതിസെല്‍), വി.കെ.അബ്ദുള്‍ഖാദര്‍, കെ.കെ.ഗോപിനായര്‍, പി.ജെ.സെലസ്റ്റിന്‍മാസ്റ്റര്‍, അഡ്വ.ഫ്രാന്‍സിസ്‌ നിക്സണ്‍, സ്റ്റാന്‍ലി മുളവുകാട്‌, സി.കെ.ബാബു, ജോര്‍ജ്‌ ചെറായി, കെ.കെ.ശോഭ(എസ്‌യുസിഐ-കമ്യൂണിസ്റ്റ്‌), ജോണി ജോസഫ്‌, മൈക്കല്‍ കോതാട്‌ എന്നിവരും സംസാരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by