അങ്കമാലി: മൂക്കന്നൂര്‍ കര്‍ഷക കോണ്‍ഗ്രസ് നേതാവ് തോമസിന്റെ കൊലപാതകത്തില്‍ പങ്കാളികളായ അഞ്ച് പ്രതികളെ അങ്കമാലി സിഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 28-ാം തീയതി രാവിലെ 6.15ന് ആണ് തോമസിന്റെ കൊലപാതകം നടന്നത്. തോമസിനെ കൊലചെയ്യുന്നതിന് ക്വട്ടേഷന്‍കൊടുത്ത വില്സന് ഉള്‍പ്പെടെ ആറ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആര്.സലിമന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തോമസ്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ എടുത്ത എടലക്കാട് കരയില്‍ കരിമ്പനക്കല്‍ വീട്ടില്‍ നാരായണന് മകന് ബിജു എന്ന തൊപ്പിക്കിളി, ചാവക്കാട് പൂവാലിക്കോട്ടില്‍ അലിമകന് അഫ്സല്, വാലിപ്പറമ്പില്‍ വീട്ടില്‍ അച്ചുതന് മകന് സബീഷ്, ചൊവ്വര ശ്രീമൂലനഗരം പുത്തന്‍വേലി രാമന് മകന് സുരേഷ്, പാലക്കാട് കൊഴിഞ്ഞമ്പാറ നല്ലേപ്പിള്ളി വാരിയത്ത് ബാലകൃഷ്ണന് നായര്‍ മകന് സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ തോമസിനെ കൊലചെയ്യുന്നതിനായി ആഗസ്റ്റ് 27 രാത്രിയില്‍ തീരുമാനം എടുത്ത് സ്ഥലത്ത് എത്തിയെങ്കിലും അന്ന് തോമസ്സിനെ കാണാന്‍ കഴിയാഞ്ഞതിനാല്‍ കൃത്യം നടന്നില്ല. തുടര്‍ന്ന് പ്രതികള്‍ ആയുധവുമായി എടലക്കാടുള്ള ഒരു പൈനാപ്പിള്‍ തോട്ടത്തില്‍ വിശ്രമിച്ചുവെങ്കിലും നാട്ടുകാരും മറ്റും ആയുധങ്ങള്‍ കാണാന്‍ സാധ്യതയുള്ളതിനാല്‍ സിജു മാരുതി സ്വിഫ്റ്റ് കാറില്‍ 2-ാം പ്രതിയുടെ ബസ്സുകള്‍ ഇട്ടിരിക്കുന്ന സ്ഥലത്ത് ചെന്ന് അങ്കമാലി മുന്നൂര്‍പ്പിള്ളി ചാലക്കുടി ഓടുന്ന സെന്റ് മേരീസ് ബസ് ടൂള്‍ബോക്സില്‍ ഒളിപ്പിച്ച ശേഷം ബസ്സില്‍ ഇരുന്ന 2-ാം പ്രതിയും മറ്റ് പ്രതികളും ചേര്‍ന്ന് കൃത്യം നടത്തുന്നതിനെക്കുറിച്ച് അവസാനതീരുമാനം എടുത്ത് പിരിയുകയും ചെയ്തു.
വെളുപ്പിന് സ്വിഫ്റ്റ് കാറില്‍ ബസ്സില്‍ ഒളിപ്പിച്ച ആയുധങ്ങള്‍ എടുത്ത് സതീശന് കൈമാറുകയും സതീശനും ജബിനും ബൈക്കില്‍ ചുമന്ന കാറിലിരുന്ന പ്രതികള്‍ക്ക് കൈമാറി. തുടര്‍ന്ന് ജബിനും സതീശനും ഫാമില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിയശേഷം തൊപ്പിക്കിളിയെ അറിയിച്ചതനുസരിച്ച് തൊപ്പിക്കിളി ചുമന്നകാറിലെ പ്രതികളെ അറിയിച്ചത് അനുസരിച്ച് ഇവര്‍ 6.15ന് കൃത്യം നിര്‍വഹിക്കുകയായിരുന്നു.
തൊപ്പിക്കിളി തൃശൂര്‍, എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. അഫ്സലും, സബീഷും എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. അഫ്സല് കുന്നംകുളം എടലക്കാട് ഉത്സവസമയത്ത് ഒരു ക്ഷേത്രത്തിന്റെ പാടം കത്തിച്ച കേസ്സിലെയും, സ്പിരിറ്റ് കേസ് ഉള്‍പ്പെടെനിരവധി കേസുകളില്‍ പ്രതിയാണ്. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്ഐ പി.എം.കെഴ്സണ്‍, പി.സി.സൂരജ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: