ബീജിംഗ്: പരിസ്ഥിതിക്ക് വിനാശകരമാവുമെന്ന തദ്ദേശീയരുടെ പരാതിയില്‍ ചൈനയിലെ ഒരു സോളാര്‍ പാനല്‍ ഫാക്ടറി പൂട്ടുന്നു. അടുത്ത നദിയില്‍ ധാരാളം മത്സ്യങ്ങള്‍ ചത്തടിഞ്ഞതിനെത്തുടര്‍ന്ന് 500 ലേറെ വരുന്ന തദ്ദേശവാസികള്‍ മൂന്ന് ദിവസമായി ഫാക്ടറിക്കെതിരെ പ്രതിഷേധത്തിലായിരുന്നു. സെജിയാങ്ങ് പ്രവിശ്യയിലുള്ള കമ്പനിയിലേക്ക് ചില പ്രകടനക്കാര്‍ അതിക്രമിച്ചു കടക്കുകയും ഓഫീസുകള്‍ തകര്‍ക്കുകയും കമ്പനി കാറുകള്‍ മറിച്ചിടുകയുമുണ്ടായി. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. നദിയില്‍ നിന്നെടുത്ത ജലസാമ്പിളുകളില്‍ ധാരാളം ഫ്ലൂറൈഡിന്റെ അംശം കണ്ടതായും കൂടിയ അളവില്‍ അത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫാക്ടറി അടച്ചശേഷം ഇത് നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളുമെന്ന് ജിംകോ സോളാര്‍ കമ്പനിയിലെ തോ മസ്ജിങ്ങ് വാര്‍ത്താലേഖകരെ അറിയിച്ചു. ആഗസ്റ്റ് മാസം അവസാനം പെയ്ത കനത്ത മഴയില്‍ യാദൃച്ഛികമായി കമ്പനിയിലെ ഈ രാസപദാര്‍ത്ഥം നദിയിലെത്തിയതാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാക്ടറിയിലേക്കാവശ്യമായ രാസപദാര്‍ത്ഥങ്ങള്‍ തുറസ്സായ സ്ഥലത്താണ് സൂക്ഷിക്കാറെന്നും മഴയില്‍ അതിന്റെ മൂടി ഇളകിപ്പോയതാകാം അപകടത്തിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. രാസപദാര്‍ത്ഥത്തിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതോടൊപ്പം നദിയില്‍ മത്സ്യങ്ങള്‍ ചാകാന്‍ ഇടയായ സാഹചര്യങ്ങളും അന്വേഷണ വിധേയമാക്കുമെന്ന് ജിങ്ങ് അറിയിച്ചു. ഫാക്ടറിയില്‍നിന്ന് പുറന്തള്ളുന്ന വാതകങ്ങളുടേയും ദ്രാവകങ്ങളുടേയും അവസ്ഥ പരിശോധിക്കുകയും അതനുസരിച്ചുള്ള മാറ്റങ്ങള്‍ നിര്‍മാണപ്രക്രിയയില്‍ വരുത്തുകയും ചെയ്യുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഈ സംഭവത്തില്‍ കുറ്റക്കാരെന്ന് കാണുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. തദ്ദേശവാസികള്‍ക്ക് രക്താര്‍ബുദവും മറ്റുമുണ്ടാകുന്നുവെന്ന് ഇന്റര്‍നെറ്റിലൂടെ ചൂണ്ടിക്കാട്ടിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഫാക്ടറിയിലെ മാലിന്യം പുറന്തള്ളല്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ അനുവദിക്കുന്നതില്‍ കൂടുതലായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ കാര്യാലയ വക്താവ് വെളിപ്പെടുത്തി. ഞങ്ങള്‍ ഫാക്ടറിയെ ഇക്കാര്യം അറിയിച്ചിരുന്നതായും വേണ്ട മുന്‍കരുതല്‍ അവരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്തേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചൈനയുടെ കിഴക്കു വടക്കന്‍ നഗരമായ ദാലിയനില്‍ പ്രശ്നങ്ങള്‍മൂലം ഒരു ഫാക്ടറി മാസങ്ങള്‍ക്ക് മുമ്പേ പൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: