Categories: Ernakulam

മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നു

Published by

കൊച്ചി: ജില്ലയില്‍ മഞ്ഞപ്പിത്തവും, പകര്‍ച്ചപനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ഫലപ്രദമാകുന്നില്ലെന്ന്‌ പരക്കെ ആരോപണം ഉയര്‍ന്നു. പകര്‍ച്ചവ്യാധിയെ സംബന്ധിച്ച്‌ സമഗ്രറിപ്പോര്‍ട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്നലെ ആരോഗ്യ മന്ത്രിക്ക്‌ സമര്‍പ്പിച്ചു. കോതമംഗലത്ത്‌ നിന്നുമാണ്‌ ആദ്യം മഞ്ഞപ്പിത്തരോഗം റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഇപ്പോള്‍ പെരുമ്പാവൂര്‍, ചോറ്റാനിക്കര, അങ്കമാലി, വരാപ്പുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ആയവന, രായമംഗലം, കല്ലൂര്‍ക്കാട്‌, തിരുമാറാടി, വാഴക്കുളം, മലയിടംതുരുത്ത്‌ എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം പെരുകിയിരിക്കുകയാണ്‌. രോഗബാധിത പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരോഗ്യ വിഭാഗം രംഗത്തുണ്ടെങ്കിലും, രോഗം പടരുന്നത്‌ തടയാന്‍ കഴിയുന്നില്ല, കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 7 ആയി. നിരവധി പേര്‍ രോഗബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്‌. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികളില്‍ മലമ്പനിയും കണ്ടെത്തിയത്‌ പ്രദേശവാസികളില്‍ ആശങ്കക്ക്‌ കാരണമായി.

മഞ്ഞപ്പിത്തവും, പകര്‍ച്ചപ്പനിയും പടരുന്നത്‌ ഭക്ഷണത്തിലൂടെയും, വെള്ളത്തിലുടെയുമാണെന്ന്‌ ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്‌. പകര്‍ച്ചരോഗങ്ങള്‍ വ്യാപിക്കുന്നതിനു ഭക്ഷണശാലകളിലെ ശുചിത്വം ഇല്ലായ്മയും മുഖ്യകാരണമായി കണ്ടെത്തിയിട്ടുണ്ട്‌. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും, ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നതും രോഗ പടരുന്നതിന്‌ കാരണമായിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by