കൊച്ചി: 187 കോടി രൂപയുടെ നഷ്ടം പരിഹരിക്കാന്‍ ഉപഭോക്താക്കളില്‍നിന്നും സര്‍ചാര്‍ജ് ഈടാക്കാനൊരുങ്ങുന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കുടിശിക 1200 കോടി കവിയുന്നു. കഴിഞ്ഞ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ചുതന്നെ കെഎസ്ഇബിയുടെ കിട്ടാക്കടം1191.01 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ആറുമാസത്തെ നഷ്ടം നികത്തുന്നതിനായി യൂണിറ്റിന് 25 പൈസ വീതം ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാനൊരുങ്ങുന്ന വൈദ്യൂതി ബോര്‍ഡാണ് കാലങ്ങളായള്ള കോടികളുടെ കിട്ടാക്കടത്തിന്റെ മുകളില്‍ അടയിരിക്കുന്നത് എന്നാണ് ആക്ഷേപം.
കെഎഎസ്ഇബിക്ക് കുടിശിക വരുത്തിയിരിക്കുന്നവരില്‍ വലിയൊരു പങ്കും വാട്ടര്‍ അതോറിറ്റി പോലുള്ള സര്‍ക്കാര്‍ സ്ഥപാനങ്ങളും സഹകരണ സ്ഥാപനങ്ങളുമാണ്. വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയിരിക്കുന്ന ഹൈടെന്‍ഷന്‍ എക്സ്ട്രാ ടെന്‍ഷന്‍ വിഭാഗങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണം 560 ആണ്. ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയുള്ള ബില്ലുകള്‍ കുടിശിക വരുത്തിയിരിക്കുന്നവരാണ് മുഴുവന്‍ പേരും. ഇതേ വിഭാഗത്തില്‍തന്നെ ഒരു കോടി മുതല്‍ 100 കോടി വരെ ബില്ലടക്കാത്തവരുമുണ്ട്. ഇവരുടെ എണ്ണം 439 ആണ്. 100 കോടിക്ക് മുകളില്‍ ബാധ്യത വരുത്തിയിരിക്കുന്ന സര്ക്കാര്സ്ഥാപനങ്ങള്വേറെയും കുടിശികക്കാരായുണ്ട്.
വൈദ്യൂതി നല്‍കിയതിന് പണം ലഭിക്കാതെ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചവയും പണം നല്‍കാതെ ഉപഭോക്താക്കള്‍ കോടതിയില്‍ നിയമനടപടികള്‍ക്കായി നീങ്ങിയതും 619 കോടി രൂപ കുരുങ്ങിക്കിടക്കാന്‍ കാരണമായിട്ടുണ്ട്. കെഎസ്ഇബിക്ക് 270 കോടി ബാധ്യത വരുത്തിയിരിക്കുന്ന മറ്റൊരു വിഭാഗം ഉപഭോക്താക്കളും വൈദ്യുതിചാര്‍ജ് അടക്കാത്തവരുടെ പട്ടികയില്‍പ്പെടും. വൈദ്യുതി ബോര്‍ഡിന്റെ കോടികളുടെ നഷ്ടത്തിന് കാരണം കണ്ടെത്തുന്നതിനായി രണ്ട് പതിറ്റാണ്ടുകള്‍ക്കിടയിലെ ഒട്ടേറെ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താവിന് എത്തിക്കുന്നതിനിടയിലെ പ്രസരണ നഷ്ടമാണ് പ്രധാന കാരണമായി പലപ്പോഴും കണ്ടെത്തിയിരിക്കുന്നത്. ഇതൊഴിവാക്കുന്നതിനും വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഫലം കണ്ടുതുടങ്ങിയിട്ടില്ല.
വേനല്‍ക്കാലത്ത് ഉല്പാദനം കുറയുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്രപൂളില്‍നിന്നും മറ്റും കൂടിയ വിലക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്താണ് ലോഡ്ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കാറ്. ഇത്തരത്തില്‍ വാങ്ങുന്ന വൈദ്യൂതിയുടെ അധികവിലയും കെഎസ്ഇബിക്ക് സാമ്പത്തികബാധ്യത വരുത്തിവെക്കാറുണ്ട്. ഇത് പരിഹരിക്കാനാണ് സര്‍ച്ചാര്‍ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍നിന്നും അധികതുക ഈടാക്കിവരുന്നത്. എന്നാല്‍ വൈദ്യുതി ബോര്‍ഡിന് കാലകാലങ്ങളില്‍ കുടിശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള തുക ഇതിലും കൂടുതലാണെങ്കിലും പിരിച്ചെടുക്കുന്നതിന് ഫലവത്തായ നടപടികളൊന്നും പലപ്പോഴും സ്വീകരിക്കാറില്ല. ബോര്‍ഡിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചുള്ള കുടിശിക 1200 കോടി കവിയുമ്പോഴും കഴിഞ്ഞ ഒക്ടോബറില്‍ രൂപം നല്കി മെയ് 30 ന് പ്രഖ്യാപിച്ച 2011-12 വര്‍ഷത്തേക്കായുള്ള വാര്‍ഷിക പദ്ധതിയിലും വന്‍ കുടിശികയും കിട്ടാക്കടവും സമയബന്ധിതമായി തിരിച്ചുപിടിക്കാനുള്ള കര്‍മപരിപാടികളൊന്നും രൂപം നല്‍കിയിട്ടില്ല.
ഇതിനിടെ ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ ഉണ്ടായ സാമ്പത്തികനഷ്ടം സര്‍ച്ചാര്‍ജായി ഉപഭോക്താക്കളില്‍നിന്നും പിരിച്ചെടുക്കുവാന്‍ കെഎസ്ഇബി നല്കിയ അപേക്ഷ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് അംഗീകരിച്ചിരുന്നു. ഇതുപ്രകാരം യൂണിറ്റ് ഒന്നിന് 25 പൈസ നിരക്കില്‍ സപ്തംബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കളില്‍നിന്നും ഈടാക്കുമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ കെഎസ്ഇബിയുടെ ഈ തീരുമാനത്തിന് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അടുത്ത രണ്ട് മന്ത്രിസഭാ യോഗത്തില്‍ ഏതിലെങ്കിലും അനുമതി ലഭിച്ചാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ സര്‍ച്ചാര്‍ജ് പ്രാബല്യത്തിലാക്കാനാണ് ബോര്‍ഡിന്റെ ആലോചന.
എം.കെ. സുരേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: