Categories: Ernakulam

ആധാര്‍ തിരിച്ചറിയല്‍ രേഖ: വൈറ്റിലയില്‍ 23 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

Published by

കൊച്ചി: വൈറ്റില 49-ാ‍ം വാര്‍ഡ്‌ നിവാസികള്‍ക്ക്‌ ആധാര്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കാന്‍ സെപ്തംബര്‍ 23 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. തൈക്കുടം സ്മിത ക്ലബ്ബിലാണ്‌ രജിസ്ട്രേഷന്‍. രജിസ്ട്രേഷന്‌ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാസ്പോര്‍ട്ട്‌ തുടങ്ങിയവയിലേതെങ്കിലും ഒന്നിന്റെ പകര്‍പ്പു ഹാജരാക്കണം.

അഞ്ച്‌ വയസ്സിന്‌ മുകളിലുള്ള കുട്ടികള്‍ക്കും തിരിച്ചറിയല്‍ രേഖയ്‌ക്കായ്‌ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കുന്നതിനായി സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ മതിയാവും. തിരിച്ചറിയല്‍ രേഖ ഇല്ലാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ മേധാവിയില്‍ നിന്ന്‌ ഫോട്ടോ പതിച്ച സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാല്‍ മതി. കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ്‌ വൈറ്റിലയില്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്‌.

ഒരു വ്യക്തിയുടെ വിവരങ്ങള്‍ എന്റോള്‍ ചെയ്യുന്നതിന്‌ 15 മിനുട്ടിലേറെ സമയമെടുക്കുന്നതിനാല്‍ ഒരു ദിവസത്തില്‍ 200 മുതല്‍ 250 വരെ എന്‍റോള്‍മെന്റ്‌ മാത്രമേ നടക്കൂ. ജനങ്ങളുടെ തിരക്കിനനുസരിച്ച്‌ ടോക്കണ്‍ സൗകര്യം ഏര്‍പ്പെടുത്തും. എന്‍റോള്‍മെന്റ്‌ നടത്തി 60 മുതല്‍ 90 ദിവസത്തിനകം ആധാര്‍ നമ്പര്‍ തപാലില്‍ ലഭിക്കും. രജിസ്റ്റര്‍ സമയത്ത്‌ ലഭിക്കുന്ന രശീതില്‍ രേഖപ്പെടുത്തിയിട്ടുള്ള ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച്‌ കാര്‍ഡിന്റെ നിജസ്ഥിതി അറിയാനാവും. നഗര, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ കെല്‍ട്രോണും ഗ്രാമ പ്രദേശങ്ങളില്‍ അക്ഷയയുടേയും നേതൃത്വത്തിലാണ്‌ നടപ്പിലാക്കുന്നത്‌.

ആധാര്‍ നമ്പര്‍ ലിഭിക്കുന്നതിന്‌ എന്‍റോള്‍മെന്റ്‌ സമയത്ത്‌ ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖ (ഇലക്ഷന്‍ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാസ്പോര്‍ട്ട്‌ എന്നിവയില്‍ ഏതെങ്കിലും ഒന്ന്‌) വിലാസം തെളിയിക്കുന്നതിനുളള രേഖ (ഇലക്ഷന്‍ കാര്‍ഡ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാസ്പോര്‍ട്ട്‌, റേഷന്‍കാര്‍ഡ്‌, ബാങ്ക്‌ പാസ്ബുക്ക്‌ എന്നിവയില്‍ ഏതെങ്കിലും ഒന്ന്‌) എന്നിവയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by