കണ്ണൂര്‍: ഗിന്നസ് ബുക്കിലിടം നേടാന്‍ കണ്ണൂരിന്റെ സ്വന്തം ഒത്തൊരുമ പൂക്കളം ഒരുങ്ങി. ലോകത്തിലിന്നേവരെ ആരും ഒരുക്കിയിട്ടില്ലാത്തത്രയും വലിപ്പമുള്ള പൂക്കളം എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ കളക്ട്രേറ്റ് മൈതാനിയില്‍ ഒരുക്കിയ പൂക്കളം രേഖപ്പെടുത്തപ്പെടും എന്നാണ് സംഘാടകര്‍ കരുതുന്നത്. 21,264 സ്ക്വയര്‍ ഫീറ്റാണ് പൂക്കളത്തിന്റെ വിസ്തീര്‍ണമെന്ന് ആധികാരികമായി കണക്കാക്കിയിട്ടുണ്ട്. 20,000 സ്ക്വയര്‍ ഫീറ്റ് എന്നതായിരുന്നു സംഘാടകരുടെ ലക്ഷ്യമെങ്കിലും 40,000 സ്ക്വയര്‍ ഫീറ്റുള്ള പന്തലില്‍ പൂക്കളം തീര്‍ത്തപ്പോള്‍ അത് ലക്ഷ്യവും കവിയുകയായിരുന്നു. ഇത്രയും വലിയ പന്തലും പൂക്കളമൊരുക്കാന് എടുത്ത സമയമായ 43 മിനുട്ടും മറ്റ് റിക്കാര്‍ഡുകളായി. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടക്കം ആയിരത്തിലേറെ പേര് ചേര്‍ന്നാണ് പൂക്കളമൊരുക്കിയത്.
ആര്‍ട്ടിസ്റ്റ് ശശികല തയ്യാറാക്കിയ രൂപരേഖയനുസരിച്ച് കാര്‍പ്പറ്റ് വിരിച്ച് അതിന് മുകളില്‍ പൂക്കളം വരച്ച് ഏഴ് വന്‍കരകളുടെ പ്രതീകമായി വയലറ്റ് സീനി, വാടാമല്ലി, ചിന്താമണി, ചുവപ്പ് സീനി, മഞ്ഞചെട്ടി, വെള്ള ജമന്തി, ഓറഞ്ച് ചെട്ടി എന്നീ ഏഴുതരം പൂക്കളുപയോഗിച്ചാണ് മഴവില്‍ ശോഭയില്‍ അതീവ ചാരുതയാര്‍ന്ന പൂക്കളം തീര്‍ത്തത്. 25 ലക്ഷം രൂപ ചിലവില്‍ 20 ടണ്‍ പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. പൂക്കളം ഇന്നും നാളെയും സൗജന്യമായി പ്രദര്‍ശിപ്പിക്കും.
ചിറക്കല്‍ രാജാവ് രവീന്ദ്രവര്‍മ്മ രാജ, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, കേണല്‍ വി.പി.സുരേഷ്കുമാര്‍, ഡിടിപിസി സെക്രട്ടറി എം.പി.കുഞ്ഞിരാമന്, ഗ്ലോബേര്‍സ് എംഡി അബ്ദുള്‍ സലാം, ആര്‍ട്ടിസ്റ്റ് ശശികല എന്നിവരുടെ സാന്നിധ്യത്തില്‍ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തിയാണ് പൂക്കളമൊരുക്കിയത്. പൂക്കളം കാണാന്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത കലാകാരന്മാരൊരുക്കുന്ന വിവിധ പരിപാടികളും പൂക്കള പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ഗ്ലോബേര്‍സ് എന്റര്‍ടൈന്‍മെന്റ്, എല്‍മെക്സ് വെഡ്ഡിംഗ് കാസില്‍, നിക്ഷാന്‍ ഇലക്ട്രോണിക്സ്, ഷെര്‍ലോണ്‍, അല്‍ഫാവണ്‍, വെല്‍ഗേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഗിന്നസ് ബുക്കിലിടം നേടാന്‍ വിസ്മയ പൂക്കളം തീര്‍ത്തിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: