തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സമരം ചെയ്ത ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ സമാധാനപരമായിരുന്നതിനാല്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് വ്യാപകമായ കല്ലേറും അക്രമവും ഉണ്ടായത്.
ശ്രീകാര്യം, കേശവദാസപുരം, തൈക്കാട്, പാപ്പനംകോട്, വട്ടിയൂര്‍ക്കാവ്, വെഞ്ഞാറമൂട്, നേമം, മരുതംകുഴി, പാങ്ങപ്പാറ, പുലയനാര്‍കോട്ട എന്നിവിടങ്ങളിലായാണ് പതിന്നാലോളം കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തത്. വട്ടിയൂര്‍ക്കാവിന് സമീപം കൊടുങ്ങാനൂരില്‍ ഇന്നലെ രാവിലെ 7.45ന് സര്‍വീസ് നടത്തുകയായിരുന്ന ബസിന് നേരെ ഒരു സംഘം കല്ലേറ് നടത്തി. വെഞ്ഞാറമൂട്ടില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയും കളിയിക്കാവിളക്ക് സമീപം കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകള്‍ക്ക് നേരെയും തമിഴ്നാടിന്റെ ഒരു ബസിന് നേരെയും ആക്രമണമുണ്ടായി.
പതിവിന് വിപരീതമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കാതിരുന്നതിനാല്‍ കാലത്ത് ആറുമണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ തുടക്കത്തില്‍ ഭാഗിക പ്രതികരണമേ സൃഷ്ടിച്ചിരുന്നുള്ളൂ. തുടര്‍ന്ന് ഒമ്പതുമണിയോടെയാണ് അങ്ങിങ്ങായി അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഇതോടെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.
ഉള്ളൂരില്‍ മൂന്ന് കെ എസ് ആര് ടി സി ബസുകള്‍ സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെ ബസുകള്‍ പിന്നീട് സര്‍വീസ് നടത്തിയിരുന്നു. കേശവദാസപുരത്ത് ഒരു കെഎസ്ആര്‍ടിസി ബസ്സിന്റെ ടയറുകള്‍ സമരക്കാര്‍ കുത്തിക്കീറി. കല്ലേറില്‍ മൂന്ന് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പന്ത്രണ്ടോളം യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സമരത്തോടനുബന്ധിച്ച് എല്‍ഡിഎഫ് ജില്ലാകമ്മറ്റിയുടെയും, ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. എല്‍ഡിഎഫ് മാര്‍ച്ച് മുന്‍മന്ത്രി എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം പോലീസും സമരാനുകൂലികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിരുന്നു. എസ്എഫ്ഐ യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും ഡിവൈഎഫ്ഐ ജിപിഒ യിലേക്കും നടത്തിയ മാര്‍ച്ചുകളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ റെയില്‍വേ ഡിവിഷണല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായിരുന്നു.
നഗരത്തില്‍ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. നഗരത്തില്‍ ചുരുക്കം ഓട്ടോറിക്ഷകളും ടാക്സികളും സര്‍വീസ് നടത്തി. അതേസമയം ചാലയിലെ ചില കടകള്‍ തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ അക്രമമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഓഫീസുകള്‍ക്കും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, ബസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ ഓട്ടോറിക്ഷകളും ടാക്സികളും സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. നഗരത്തിന് പുറമെ ജില്ലയിലെ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ മിക്ക കടകളും തുറന്നില്ല.അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ പോലീസ് സന്നാഹത്തെ ജില്ലയില്‍ വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: