ഗുരുവായൂര്‍ : ഭഗവാന്റെ കൃപാകടാക്ഷം ഒന്നുകൊണ്ടുമാത്രമാണ് തനിക്ക് ഈ പരമഭാഗ്യം ലഭിച്ചതെന്ന് നിയുക്ത ഗുരുവായൂര്‍ മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന് നമ്പൂതിരി ജന്മഭൂമിയോട് പറഞ്ഞു. ഇന്നലെ മുതല്‍ ഭജന ഇരുന്ന് തുടങ്ങിയ അദ്ദേഹം 30ന് വൈകീട്ടാണ് ഗുരുവായൂരപ്പനെ സേവിക്കാനുള്ള ചുമതലയേല്‍ക്കുക.
ദിവസവും ഗുരുവായൂരപ്പനെ ഓതിക്കാനെന്ന നിലയില്‍ പൂജിക്കാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും മേല്‍ശാന്തിയാകുന്നത് ഗുരുവായൂരപ്പന്റെ അമ്മയാകുന്നതിന് തുല്യമാണ്. ഗുരുവായൂരപ്പന്റെ അമ്മയുടെ സ്ഥാനമാണ് മേല്‍ശാന്തിയുടേത്. തന്റെ പേര് വിളിച്ചുപറഞ്ഞപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പന്ത്രണ്ട് വര്‍ഷമായി ഗുരുവായൂരില്‍ പൂജാകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അദ്ദേഹം ബാംഗ്ലൂരില്‍ നെറ്റിക്കര വിഷ്ണുക്ഷേത്രത്തിലും മേല്‍ശാന്തിയായിരുന്നു. തന്റെ രണ്ടാമത്തെ മകള്‍ പിറന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളുവെന്നും ആ കുട്ടിയുടെ ജനനം എന്റെ ഭാഗ്യമാണെന്നും നിയുക്തമേല്‍ശാന്തി പറഞ്ഞു.
മേല്‍ശാന്തി നിയമനത്തിന് മുമ്പ് മകള്‍ക്ക് പേരിടണമെന്നാണ് ആഗ്രഹം. മൂന്നാം തവണയാണ് താന്‍ അപേക്ഷ നല്‍കിയത്. കൂറ്റനാട് വാവന്നൂര്‍ പൊട്ടക്കുഴി മനയിലെ ഓതിക്കന് നീലകണ്ഠന് നമ്പൂതിരിയുടേയും ദേവകി അന്തര്‍ജനത്തിന്റേയും മകനാണ്. ശുഭയാണ് ഭാര്യ. ദേവികയാണ് മൂത്തമകള്‍.
അച്ഛന് നീലകണ്ഠന് നമ്പൂതിരിയും സഹോദരങ്ങളായ നാരായണന് നമ്പൂതിരിയും, ദിവാകരന് നമ്പൂതിരിയും ഇതിന് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 12 വര്‍ഷമായി കൃഷ്ണന് നമ്പൂതിരി പൂജകള്‍ തുടങ്ങിയിട്ട്. അച്ചനില്‍ നിന്നാണ് പൂജാവിധികള്‍ പഠിച്ചത്.
ഒക്ടോബര്‍ ഒന്നുമുതല്‍ 6മാസത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ആറുമാസക്കാലം പുറപ്പെടാ ശാന്തിയായിട്ടാണ് കഴിഞ്ഞുകൂടുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: