ഗുജറാത്തിലെ ആറ് കോടി ജനങ്ങള്‍ മാത്രമല്ല രാജ്യമാസകലമുള്ള സമസ്ത ജനവിഭാഗങ്ങളും നീതിപൂര്‍വ്വമായ വിലയിരുത്തിയാല്‍ വര്‍ത്തമാന ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധേയനായ ജനനേതാക്കളുടെ മുന്‍നിരയില്‍ നരേന്ദ്രമോഡിയാണുണ്ടാവുക. എന്നാല്‍ ഈ നൂറ്റാണ്ടില്‍ ചെയ്യാത്ത കുറ്റത്തിന് ഏറ്റവുമധികം ക്രൂശിക്കപ്പെട്ട പൊതുരംഗത്തെ പീഡിതന് കൂടിയാണ് അദ്ദേഹം. കുപ്രചരണങ്ങള്‍ തലങ്ങും വിലങ്ങും തച്ചുതകര്‍ത്തുകൊണ്ടിരിക്കുമ്പോഴും ഇച്ഛാശക്തിയോടെ ജനസേവനം നടത്തി ജനമനസ്സുകളില്‍ സന്നിവേശിച്ച് തന്റെയും പ്രസ്ഥാനത്തിന്റെയും സ്ഥാനമുറപ്പിച്ച് വിജയശ്രീലാളിതനാകുന്നു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത!
അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സ്വതന്ത്ര പഠന സംവിധാനം ഇന്ത്യയെകുറിച്ച് നടത്തിയ പഠനത്തിന്റെ 84 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണകൂടമായി നരേന്ദ്രമോഡി സര്‍ക്കാരിനെ കണ്ടെത്തിയിരിക്കയാണ്. യഥാര്‍ത്ഥ ജനസേവനവും സമര്‍പ്പണവും തെളിയിക്കുന്ന വികസനോന്മുഖ ഭരണമാണ് ഗുജറാത്തിലുള്ളതെന്ന് റിപ്പോര്‍ട്ട് അടിവരയിട്ടുപറയുന്നു! അഴിമതിരഹിതവും ചുവപ്പുനാടയില്ലാത്തതുമായ മാതൃകാഭരണമാണ് ഗുജറാത്തില്‍ ദൃശ്യമായിട്ടുള്ളതെന്ന് അന്താരാഷ്ട്ര സമൂഹംതന്നെ കണ്ടെത്തിയിരിക്കയാണ്. ഇത്തരം യോഗ്യതകളുടെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ബീഹാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമേരിക്കയിലെ ശാസ്ത്രസമൂഹം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ബിജെപിയ്ക്കും എന്‍ഡിഎയിലെ ഘടകകക്ഷികള്‍ക്കും അഭിമാനിക്കാവുന്ന മികച്ച നേട്ടമാണുള്ളത്. സംശുദ്ധവും സുതാര്യവും വികസനം ഉറപ്പുവരുത്തുന്നതുമായ ഭരണം ഉറപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയുമെന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നു.
2010 ല്‍ ഐക്യരാഷ്ട്ര സംഘടന ഏറ്റവും നല്ല സേവനോന്മുഖഭരണം കാഴ്ചവെച്ചതിന്റെ പേരില്‍ ഗുജറാത്ത് ഭരണകൂടത്തിന് ബഹുമതിപത്രം നല്‍കിയിരുന്നു. ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച അപമാനകരമാംവിധം 8 ശതമാനത്തിന് ചുറ്റും കറങ്ങി ഊര്‍ധ്വശ്വാസം വലിക്കുമ്പോള്‍ 11 ശതമാനത്തിനപ്പുറം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഗുജറാത്തിന് കഴിഞ്ഞിരിക്കയാണ്. കാര്‍ഷിക വ്യാവസായിക രംഗങ്ങളുള്‍പ്പെടെ സമസ്ത രംഗങ്ങളിലും വികസനത്തിന്റെ വിജയവിളംബരമാണ് അവിടെ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. വൈദ്യുതിയും റോഡുകളുമുള്‍പ്പെടെ ആന്തരിക ഘടനാരംഗത്ത് ഗുജറാത്ത് കൈവരിച്ച നേട്ടം അഭൂതപൂര്‍വ്വമാണ്.വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും സത്യമാണീശ്വരന്‍ എന്നുപഠിപ്പിച്ച ഗാന്ധിജിയുടെ നാട്ടില്‍ അന്ധമായ നരേന്ദ്രമോഡി വിരോധത്താല്‍ സമനിലതെറ്റിയ അവസ്ഥയിലാണ് പ്രചരണരംഗത്തുളളവര്‍ പലപ്പോഴും പെരുമാറുന്നത്.
ഗുജറാത്തില്‍ ശാന്തിയും സമാധാനവും ശക്തിപ്പെടുത്തുന്നതിനും തുല്യനീതി കൂടുതല്‍ നിഷ്ഠയോടെ ഉറപ്പുവരുത്തുന്നതിനും നരേന്ദ്രമോഡി ജനപങ്കാളിത്തത്തോടെ തന്റെ ഉപവാസം നടത്തിവരുന്ന നാളുകളാണിത്. അക്രമമല്ല അഹിംസയും ഉപവാസവുമൊക്കെയാണ് നമുക്ക് വേണ്ടതെന്ന് പഠിപ്പിച്ച ഗാന്ധിജിയുടെ നാട്ടില്‍ നീതിയ്ക്കും സത്യത്തിനും വേണ്ടി രാജ്യത്തെ ഏറ്റവും കൂടിയ ജനപിന്തുണയുള്ള മുഖ്യമന്ത്രി ഉപവാസത്തിലേര്‍പ്പെട്ടിരിക്കയാണ്. ഈ മഹാസംരംഭത്തിന് കൂറും പിന്തുണയും പ്രഖ്യാപിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരേണ്ടതാണ്. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. 2002 നുശേഷം വര്‍ഗ്ഗീയ സംഘട്ടനം തീരെ നടക്കാത്ത നാടെന്ന അപൂര്‍വ്വ ബഹുമതിയും ഗുജറാത്തിനിപ്പോള്‍ അവകാശപ്പെടാവുന്നതാണ്.
കഴിഞ്ഞ ഒരുപതിറ്റാണ്ടായി നിയമയുദ്ധത്തില്‍ നരേന്ദ്രമോഡിയെ കുടുക്കാന്‍ എതിരാളികള്‍ നടത്തിയ എല്ലാ ശ്രമങ്ങളും ഉന്നം തെറ്റിയ ഉണ്ടകളായി നിഷ്ഫലമായിരിക്കയാണ്. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കുറ്റപത്രം ഫയലാക്കിയ ഏത് കേസ്സിലും കുറ്റവിചാരണ സമയത്ത്പരാതിക്കാര്‍ക്ക് കൂടുതല്‍ തെളിവുകള്‍ നല്‍കാനോ കൂടുതല്‍ ആളുകളെ കൂട്ടിച്ചേര്‍ക്കാനോ അവസരമുണ്ട്. ഇക്കാര്യത്തില്‍ അതിന്റെ സാധുതയും സാംഗത്യവും പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണ്. എന്നാല്‍ നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും അതുകൊണ്ട് സുപ്രീംകോടതി അതിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നരേന്ദ്രമോഡിയെ പ്രതിയാക്കണമെന്നുമാണ് സാകിയ ആവശ്യപ്പെട്ടത്. സ്പെഷ്യല്‍ അന്വേഷണതലവന്‍ രാഘവന്റെ റിപ്പോര്‍ട്ടും കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയുടെ അഭിപ്രായങ്ങളുമൊക്കെ പരിശോധിച്ചശേഷവും സുപ്രീം കോടതി നരേന്ദ്രമോഡിക്കെതിരെ ഒരു ആനുഷാംഗിക പരാമര്‍ശം പോലും നടത്താതെ കഴിഞ്ഞ ആഴ്ച കേസ് തീര്‍പ്പാക്കുകയാണുണ്ടായത്. ഈ വിധിയിലൂടെ തനിക്ക് ലഭിച്ച അനുകൂല സാഹചര്യം ഉയര്‍ത്തിക്കാട്ടിയാണ് നരേന്ദ്രമോഡി ദൈവത്തിന്റെ മഹത്വം ഉയര്‍ത്തി സ്തുതി പറഞ്ഞത്. ജനവിധിയും കോടതി വിധിയും അനുകൂലമായാലും മോഡിയെ വിടില്ല എന്ന പിടിവാശിയിലാണ് ഒരു കൂട്ടം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ബിജെപി വിരുദ്ധരുമുള്ളത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി നരേന്ദ്രമോഡിക്കെതിരെ ഒരു ക്രിമിനല്‍ കുറ്റാരോപണവും ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നില്ല. സാകിയ ഇപ്പോള്‍ ആക്ഷേപിച്ച നരേന്ദ്രമോഡിയുടെ കൃത്യവിലോപമോ പ്രേരണയോ ഒന്നും തന്നെ പുറമേക്ക് ആദ്യമായി അവര്‍ പറഞ്ഞിരുന്നില്ല. കൊല്ലങ്ങള്‍ കഴിഞ്ഞശേഷം കൂട്ടിചേര്‍ത്ത ആരോപണങ്ങളാണവ. ഒരു ക്രിമിനല്‍ കുറ്റം ബോധ്യപ്പെട്ട് കൊല്ലങ്ങളോളം മൗനം പാലിക്കുന്നവരുടെ മൊഴി മതിയായ കാരണം കാലതാമസത്തിന് വിശദീകരിക്കപ്പെടാത്തിടത്തോളം അംഗീകരിക്കാനാവില്ലെന്ന് നിയമം അനുശാസിക്കുന്നു. അതുകൊണ്ട് നരേന്ദ്രമോഡിക്കെതിരെ ക്രിമിനല്‍ കേസ് നില്ക്കാന് സാധ്യതയില്ല. നരേന്ദ്രമോഡിയെന്ന ഭരണാധിപന് നാട്ടില്‍ നടന്ന കൂട്ടക്കൊലയുടെ പേരില്‍ ധാര്‍മ്മിക ഉത്തരവാദിത്വമോ ക്രിമിനല്‍ നീതിയിലധിഷ്ഠിതമായ ഉത്തരവാദിത്വമോ ഏറ്റെടുക്കേണ്ടിവരിക എന്നതിനര്‍ത്ഥം രാജ്യത്ത് ഒരു ഭരണകൂടത്തിനും ഭരിക്കാനാവില്ല എന്നതായിരിക്കും.
1984 ല്‍ 3000 ല്‍പ്പരം സിക്കുകാര്‍ ദല്‍ഹിയില്‍ നിഷ്ഠുരമായ രീതിയില്‍ കൂട്ടക്കൊലയ്ക്ക് വിധേയരായിരുന്നു. ഏകപക്ഷീയമായ സിക്ക് വംശഹത്യയാണ് തലസ്ഥാനനഗരിയില്‍ അന്ന് അരങ്ങേറിയത്. പോലീസും പട്ടാളവും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ കുറ്റം തടയാന്‍ ആത്മാര്‍ത്ഥശ്രമം നടത്തുകയോ ഉണ്ടായില്ല. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഭംഗ്യന്തരേണ ആ കൊടുംപാതകത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. “ഒരു വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുക സ്വാഭാവികമാണെന്നുള്ള”?ക്രൂരമായ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. 72 മണിക്കൂറിനുള്ളില്‍ പട്ടാളത്തെ വിളിച്ച് ഗുജറാത്ത് കലാപം നിയന്ത്രണവിധേയമാക്കിയ നരേന്ദ്രമോഡിക്കെതിരെ കൊലവിളിയുയര്‍ത്തുന്നവര്‍ ഈ സത്യം ഓര്‍ക്കേണ്ടതുണ്ട്.
സ്വന്തം പൗരന്മാര്ക്കെതിരെ പട്ടാളത്തിനെയും പോലീസിനെയും ഉപയോഗിച്ച് അക്രമങ്ങള്‍ നടത്തുകയും വ്യാജ ഏറ്റുമുട്ടലുകള്‍ വഴി നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തിട്ടുള്ള എത്രയോ സംഭവങ്ങള്‍ രാജ്യത്തുണ്ടായിട്ടുണ്ട്. അതിലൊന്നും ഭരണാധിപന്മാരേ ക്രിമിനല്‍ പ്രതികളാക്കിയ ചരിത്രമില്ല. കേരളത്തില്‍ തിരുനെല്ലി കാട്ടില്‍ വെച്ച് 1970 ജനുവരി 18 ന് വര്‍ഗ്ഗീസിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലം നക്സലൈറ്റ് വിരുദ്ധ നടപടികളുടെതായിരുന്നു. അന്ന് കേരളം ഭരിച്ച മുഖ്യമന്ത്രിയേയോ ആഭ്യന്തരമന്ത്രിയേയോ ഇതിന്റെ പേരില്‍ ഇന്നേവരെ ആരും പ്രോസിക്യൂട്ട്ചെയ്തിട്ടില്ല നരേന്ദ്രമോഡി ജനങ്ങള്‍ക്കിടയിലും ജൂഡീഷ്യറിയുടെ മുമ്പിലും തന്റെ അഗ്നിശുദ്ധിവരുത്തി നിരപരാധിത്വം തെളിയിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടാന്‍ പടയൊരുക്കുന്നവരുടെ പാപപങ്കിലതയില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ട്. ജനങ്ങള്‍ ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: