ന്യൂയോര്‍ക്ക്: 2012 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ തിളക്കമേറിയ വിജയം കാഴ്ചവെക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ അവകാശവാദം പൊളിഞ്ഞേക്കാനിടയുണ്ടെന്ന് അഭിപ്രായ വോട്ടെടുപ്പ് റിപ്പോര്‍ട്ട്. ഒബാമയുടെ ജനപിന്തുണ കുറഞ്ഞുവരികയാണെന്നും ഇക്കാരണത്താല്‍ ഇദ്ദേഹം ഇനിയും പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു.
രാഷ്ട്രീയ പിന്തുണ നേടിയെടുക്കാനായി കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഒബാമ നടത്തുന്ന ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നും സ്വതന്ത്ര വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പില്‍ 43 ശതമാനം വോട്ടാണ് ഒബാമയ്ക്ക് ലഭിച്ചത്. എന്നാല്‍ മറ്റുചില മാധ്യമങ്ങള്‍ നടത്തിയ വോട്ടെടുപ്പില്‍ ഇത് 50 ശതമാനമാണ്. ജമ്മി കാര്ട്ടറിനാകട്ടെ 31 ശതമാനം വോട്ട് ലഭിച്ചു. റൊനാള്സ് റീഗന് 46 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ജോര്‍ജ് ബുഷ് സീനിയറിന് 70 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് ജനപിന്തുണയേറുന്നതായും മാധ്യമങ്ങള്‍ പറയുന്നു. അമേരിക്കയിലെ മൂന്നില്‍ രണ്ട് ആളുകളും ഹിലരിക്കൊപ്പമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുപോലും മത്സരിക്കാന്‍ പര്യാപ്തയായ നേതാവായാണ് ഹിലരിയെ കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: