കൊച്ചി: മധ്യസ്ഥ ശ്രമങ്ങള്‍ തീരും വരെ കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി മീഡിയേഷന് സെല്ലിന്റെ ചുമതലയുള്ള ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് നിര്‍ദ്ദേശിച്ചു.
പ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോടതി നിയോഗിച്ച സെല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. അതേസമയം പ്രശ്നം ഒത്തുതീര്‍ക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇരു സഭാ നേതൃത്വങ്ങളും തമ്മില്‍ നടന്ന ചര്‍ച്ച അവസാനിച്ചു.
ഇരുവിഭാഗവും സമവായത്തിന് ശ്രമിക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും തോട്ടത്തില്‍ ബി.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പോലീസിന് നല്കി. തുടര്‍ന്ന് ഐ.ജി, എസ്.പി എന്നിവരടങ്ങുന്ന സംഘം കോലഞ്ചേരിയിലെത്തി ഇരുവിഭാഗങ്ങളെയും കോടതി തീരുമാനം അറിയിച്ചു. നിരാഹാര സമരം തുടരുന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷനോട് സമരത്തില്‍ നിന്ന് പിന്മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
അതേസമയം തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിന്റെ നേതൃത്വത്തിലാണ് പകല്‍ 11 ന് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് വികാരി ഫാ. തോമസ് അബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോടതിവിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന മുഖ്യമന്ത്രി എങ്ങനെയാണ് നീതിയും നിയമവും അതിന്റെ വഴിക്കുപോകുമെന്ന് പറയുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: