‘അയോദ്ധ്യാ മധുരാ മായാ കാശീ കാഞ്ചീ അവന്തികാ
പുരീ ദ്വാരാവതീ ചൈവ സപ്തൈതേ മോക്ഷദായികാഃ’
അയോദ്ധ്യാ, മധുര, മായാപുരി(ഹരിദ്വാര്‍), കാശി, കാഞ്ചീപുരി,അവന്തിക,ദ്വാരകാപുരി ഇവ ഏഴും ഭാരതത്തിലെ മോക്ഷദായികളായ പുണ്യനഗരികളായി മഹാത്മാക്കളാല്‍ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നു.
ഇതില്‍ മായാ എന്ന് പറഞ്ഞിട്ടുള്ളതാണ് ഹരിദ്വാര്‍. ഉത്തരാഖണ്ഡം എന്ന് പറയപ്പെടുന്ന ഹിമാലയ ഗിരിശൃംഗങ്ങളിലെ പുണ്യഭൂമിയിലേക്കുള്ള പ്രേവശനദ്വാരം കൂടിയാണ് ഹരിദ്വാര്‍. ഇത് ഭഗവാന് വിഷ്ണുവിന്റെ പാദമായി പ്രകീര്‍ത്തിക്കപ്പെടുന്നു.
ഭാരതത്തിലെ സര്‍വശ്രേഷ്ഠ പുണ്യനദിയായ ഗംഗയിലെ ഏറ്റവും പാവനമായ സ്നാനഘട്ടം ഹരിദ്വാറിലെ ബ്രഹ്മകുണ്ഡനെന്നും പറയുന്ന ഹര്കീപൗഡിയാണ്. ഇതിന് വിഷ്ണുപാദമെന്നും പേരുണ്ട്.ബ്രഹ്മകുണ്ഡത്തിലെ കോടിതീര്‍ത്ഥത്തില്‍ ഏകാഗ്രമാനസനായി സ്നാനം ചെയ്യുന്നത് മനുഷ്യജന്മത്തിലെ ഏറ്റവും ശ്രേഷ്ഠമാണ്.
ഹരിദ്വാറില്‍ പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ കുംഭമേളയും ആറുവര്ഷംകൂടുമ്പോള് അര്‍ദ്ധകുംഭമേളയും നടക്കാറുണ്ട്. സൂര്യനും ചന്ദ്രനും വ്യാഴവും കുംഭം രാശിയില്‍ ഒന്നിച്ചുവന്നുചേരുന്ന സമയത്താണ് കുംഭമേള നടക്കുന്നത്. ഈ സമയത്ത് ഗംഗാസ്നാനവും ലോകമംഗളത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ധര്‍മാചാര്യന്മാരുടെ സമ്മേളനവും നടക്കാറുണ്ട്.ഇവിടെ അനേകം ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുണ്ട്. ഇവിടെത്തെ പ്രധാനസ്ഥലങ്ങളും അവയുടെ പ്രധാന്യവും താഴെ കൊടുക്കുന്നു.
ഗംഗാസ്നാത്തിലെ ഏറ്റവും പവിത്രമായ സ്ഥാനമാണ് ബ്രഹ്മകുണ്ഡം. ഇവിടെ ശ്രീഹരിയുടെ ചരണപാദുക, മനസാദേവി മുതലായവരുടെ ക്ഷേത്രങ്ങളുണ്ട്. സന്ധ്യാസമയത്ത് അവിടെ നടക്കുന്ന ഗംഗാആരതി അതിവിശേഷമാണ്. ഇതിന് തെക്കുഭാഗത്തായി ഗഊഘട്ടം. ഇവിടെ സ്നാനം ചെയ്താല്‍ ഗോഹത്യാപാപമോചനം സിദ്ധിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ കുശാവരത്തഘട്ടം, രാമഘട്ടം, വിഷ്ണുഘട്ടവും, കുറേയധികം ക്ഷേത്രങ്ങളും ,നാരായണീശിലയും കാണാം. നാരായണശീലയില് പിതൃക്കള്‍ക്കുവേണ്ടി പിണ്ഡദാനം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: