Categories: Ernakulam

പരുന്തുറാഞ്ചി മണപ്പുറം പദ്ധതി: രണ്ടാംഘട്ട നിര്‍മാണം അവതാളത്തില്‍

Published by

ആലുവ: തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറത്ത്‌ 35 ലക്ഷം രൂപാ ചെലവില്‍ നിര്‍മിക്കുന്ന ഇക്കോ ടൂറിസം പദ്ധതി രണ്ടാംഘട്ട നിര്‍മാണത്തിന്‌ ഭരണാനുമതി ലഭിക്കാത്തതുമൂലം അവതാളത്തിലായി. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത്‌ നിര്‍മാണമാരംഭിച്ച പദ്ധതി മാര്‍ച്ച്‌ 31നകം പൂര്‍ത്തീകരിക്കാനാണ്‌ നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ ഏപ്രില്‍ അവസാനത്തോടെയാണ്‌ ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയായത്‌. മണലൂറ്റുകാര്‍ മണപ്പുറം കയ്യേറിയതിനെത്തുടര്‍ന്നാണ്‌ ഇവിടെ ടൂറിസം വകുപ്പ്‌ പദ്ധതിക്ക്‌ പണം അനുവദിച്ചത്‌.

രണ്ട്‌ ഘട്ടങ്ങളിലായി 70 ലക്ഷം രൂപയാണ്‌ ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നത്‌. ആദ്യഘട്ടത്തിലെ നിര്‍മാണമാണ്‌ പൂര്‍ത്തിയായിട്ടുള്ളത്‌. രണ്ടാംഘട്ട നിര്‍മാണത്തിന്‌ ഇതുവരെയും ഭരണാനുമതി ലഭിച്ചിട്ടില്ലാത്തതാണ്‌ പദ്ധതി അവതാളത്തിലാകാന്‍ കാരണം. ആദ്യഘട്ടനിര്‍മാണ പദ്ധതിയില്‍ സഞ്ചാരികള്‍ക്ക്‌ മണപ്പുറത്തെത്തുന്നതിന്‌ വേണ്ട ഗതാഗത സൗകര്യമില്ലാതെ പദ്ധതി രൂപകല്‍പ്പന ചെയ്തതാണ്‌ വിനയായത്‌. 15 ലക്ഷം രൂപ ചെലവില്‍ മണപ്പുറത്ത്‌ ബോട്ട്ജെട്ടി, ടിക്കറ്റ്‌ കൗണ്ടര്‍, പിക്നിക്‌ പാര്‍ക്കുകള്‍, ഭക്ഷണശാലയ്‌ക്കുള്ള സൗകര്യങ്ങള്‍, 15ലക്ഷം രൂപാ ചെലവില്‍ 500 മീറ്റര്‍ നീളത്തിലും 150 മീറ്റര്‍ വീതിയിലുമായ കരിങ്കല്ല്‌ പാകിയ നടപ്പാത, അഞ്ച്‌ ലക്ഷം രൂപാ ചെലവില്‍ പെരിയാര്‍ തീരസംരക്ഷണത്തിനായി കണ്ടല്‍കാട്‌, മുളകള്‍, പുല്ലുകള്‍ എന്നിവ നടന്നതിനുമാണ്‌ ഫണ്ട്‌ അനുവദിച്ചത്‌.

മണപ്പുറത്ത്‌ ബോട്ട്ജെട്ടി നിര്‍മിക്കുമ്പോള്‍ത്തന്നെ ഇക്കരെ തോട്ടുമുഖത്ത്‌ ജെട്ടി നിര്‍മിക്കുന്നതിന്‌ പദ്ധതിയില്ലാതിരുന്നതാണ്‌ സഞ്ചാരികളെ പരുന്തുറാഞ്ചി മണപ്പുറത്തുനിന്ന്‌ അകറ്റിയത്‌. കീഴ്മാട്‌ പഞ്ചായത്തിലെ ചൊവ്വര ജങ്കാര്‍ കടവിനടുത്ത്‌ ബോട്ട്ജെട്ടി, ടിക്കറ്റ്‌ കൗണ്ടര്‍, കാര്‍ പാര്‍ക്കിംഗ്‌ എന്നിവ നിര്‍മിക്കുന്നതിനാണ്‌ പദ്ധതി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by