Categories: Ernakulam

ബ്രഹ്മാനന്ദോദയം സ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍

Published by

കാലടി: ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ കീഴിലുള്ള ബ്രഹ്മാനന്ദോദയം ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നാളെ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ ഉദ്ഘാടനം ചെയ്യും.

ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ സ്ഥാപനം 1936 ല്‍ നടത്തിയശേഷം ഒരു സംസ്കൃത വിദ്യാലയം വേണമെന്ന ആഗ്രഹത്തിലാണ്‌ 1937 ല്‍ സ്വാമി ആഗമാനന്ദ ബ്രഹ്മാനന്ദോദയം സ്കൂള്‍ ആരംഭിക്കുന്നത്‌. മൂന്ന്‌ വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു ആരംഭം. സ്കൂള്‍ മന്ദിരം 1938 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണ സംഘത്തിന്റെ പ്രഥമ അധ്യക്ഷനും ശ്രീരാമകൃഷ്ണദേവന്റെ മാനസപുത്രനുമായ ബ്രഹ്മാനന്ദസ്വാമിയുടെ നാമമാണ്‌ സ്കൂളിന്‌ നല്‍കിയത്‌. വളരെ പെട്ടെന്നുതന്നെ വളര്‍ന്ന്‌ 1941 ല്‍ ഹൈസ്കൂളായി. അതിനുശേഷം 1947ല്‍ ബ്രഹ്മാനന്ദോദയം ഇംഗ്ലീഷ്‌ ഹൈസ്കൂള്‍ ആരംഭിച്ചു. അതാണ്‌ ഇന്നത്തെ ബിഎച്ച്‌എസ്‌. സംസ്കൃതം പ്രഥമ ഭാഷയായി പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്‌. 1986 ല്‍ സുവര്‍ണജൂബിലി സ്മാരകമായി മൂന്നുനില മന്ദിരം നിര്‍മിച്ചു. നല്ല ഒരു ലബോറട്ടറിയും സുസജ്ജമായ ലൈബ്രറിയുമുണ്ട്‌. പ്രൈമറി സ്കൂളും യുപി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്‌. 2000ത്തില്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തി.

ഈ നാല്‌ സ്കൂളുകളും നാല്‌ പ്രഥമാദ്ധ്യാപകരുടെ കീഴില്‍ ഒരു കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്നു. 1998 മുതല്‍ ശ്രീരാമകൃഷ്ണ ഇംഗ്ലീഷ്‌ മീഡിയം നഴ്സറി സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു. 2000ത്തോളം വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപ-അനദ്ധ്യാപക ജീവനക്കാരുമുണ്ട്‌. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ നാളെ ആരംഭിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by