Categories: Ernakulam

ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കി

Published by

കാലടി: കാഞ്ഞൂര്‍ വിമല ആശുപത്രി അധികൃതര്‍ കയ്യൊടിഞ്ഞതിന്‌ ചികിത്സ തേടിയെത്തിയ രോഗിയെ ചികിത്സിച്ചതില്‍ അനാസ്ഥ കാട്ടിയതായും ഇതിന്‌ നഷ്ടപരിഹാരം നല്‍കുന്നതിനും കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക കമ്മീഷന്‍ ഉത്തരവായി. 2002 മെയ്‌ 9 ന്‌ കയ്യൊടിഞ്ഞതിന്‌ ചികിത്സ തേടി കാഞ്ഞൂര്‍ വിമല ആശുപത്രിയിലെത്തിയ കാലടി മാണിക്യമംഗലം കോലഞ്ചേരി വീട്ടില്‍ മാത്തച്ചന്റെ ഭാര്യ എല്‍സിയുടെ കൈ ഓപ്പറേഷന്‍ നടത്തുന്നതിന്‌ പകരം രണ്ട്‌ പ്രാവശ്യം പ്ലാസ്റ്റര്‍ ഇടുകയും വെട്ടുകയും ചെയ്തശേഷം വീണ്ടും പ്ലാസ്റ്റര്‍ ഇടണമെന്ന്‌ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന്‌ രോഗി ഡിസ്ചാര്‍ജ്‌ വാങ്ങി ചാലക്കുടി സെന്റ്‌ ജെയിംസ്‌ ആശുപത്രിയില്‍നിന്ന്‌ ഉചിതമായ ചികിത്സ നേടുകയും ചെയ്തു.

തുടര്‍ന്ന്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ നഷ്ടപരിഹാരമായി 15,000 രൂപയും ചെലവ്‌ സംഖ്യയായി 1000 രൂപയും രോഗിക്ക്‌ നല്‍കുവാന്‍ 2004 ഏപ്രില്‍ 15 ന്‌ ജില്ല ഫോറം ഉത്തരവായിരുന്നു. തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ നല്‍കിയ അപ്പീല്‍ തള്ളി ഉത്തരവായി. ഉത്തരവ്‌ നടത്തിക്കിട്ടുവാനായി ജില്ല ഉപഭോക്തൃ ഫോറം മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ ആശുപത്രി അധികൃതരോട്‌ സപ്തംബര്‍ 1 ന്‌ ഹാജരാകാന്‍ നോട്ടീസ്‌ അയച്ചതില്‍ ആശുപത്രി അധികൃതര്‍ രോഗിയുടെ ഭര്‍ത്താവിന്‌ നഷ്ടപരിഹാരവും ചെലവും സഹിതം 18,000 രൂപ നല്‍കി നടപടികളില്‍നിന്ന്‌ ഒഴിവായി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by