Categories: Vicharam

വെടിക്കെട്ട്‌

Published by

നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്‌ അഞ്ചു വര്‍ഷത്തെ ഭരണക്കാരെ നിശ്ചയിക്കാനാണ്‌. പലപ്പോഴും അത്‌ പാഴാകാറുണ്ട്‌. അഞ്ചു വര്‍ഷം തികയുന്നതിനു മുമ്പെ ആയുസെത്തിയ സര്‍ക്കാരുകള്‍ കേരളത്തിലും പല കുറി കണ്ടിട്ടുണ്ട്‌. നല്ല ഭൂരിപക്ഷത്തോടെ ജയിക്കുന്ന മുന്നണിക്കു പോലും അല്‍പായുസ്‌ വിധിക്കുമ്പോള്‍ നേരിയ ഭൂരിപക്ഷക്കാരുടെ കാര്യം പറയണോ! ഇന്നത്തെ സര്‍ക്കാരിന്‌ ഒന്നൊന്നര ലക്ഷത്തിന്റെ പിന്‍ബലമേയുള്ളൂ. നിയമസഭയിലെ കക്ഷി നിലയിലും ഒപ്പത്തിനൊപ്പം എന്നു പറയാവുന്ന അവസ്ഥയിലാണ്‌. ഒന്നൊന്നര അംഗത്തിന്റെ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍. നയിക്കുന്നവരാകട്ടെ ‘ഒരു നാഴിയില്‍ മറ്റൊരു നാഴി’ എന്ന പോലെ. ഉള്‍ക്കൊള്ളാന്‍ പറ്റാത്തവിധം ‘വലുപ്പ’മുള്ള നേതാക്കളാകുമ്പോള്‍ ആഘോഷം വാര്‍ഷികമാക്കുന്നത്‌ ബുദ്ധിയല്ല. അതു കൊണ്ട്‌ ഓരോ ദിവസവും ആഘോഷത്തിന്റെ അവസരമാണ്‌ സര്‍ക്കാരിന്‌.

യുഡിഎഫ്‌ സര്‍ക്കാര്‍ നൂറുദിനം തികച്ചതിന്റെ ആഹ്ലാദത്തിലാണ്‌. പൂക്കുറ്റിയും കമ്പിത്തിരിയും മത്താപ്പും മാലപ്പടക്കവുമെല്ലാമുണ്ട്‌. വെടിക്കെട്ടില്ലാതെ മലയാളിക്കെന്താഘോഷം. രാഷ്‌ട്രീയ ചക്രവാളത്തില്‍ വര്‍ണപ്രപഞ്ചം സൃഷ്ടിച്ച വെടിക്കെട്ടിന്‌ തീ കൊടുത്തത്‌ വിജിലന്‍സ്‌ കോടതി ജഡ്ജിയാണോ പി.സി.ജോര്‍ജാണോ എന്നേ സംശയമുള്ളൂ. നല്ല ഗുണ്ടു തന്നെയാണ്‌ ഉയര്‍ന്നു പൊട്ടിയത്‌. അതിന്റെ പ്രകമ്പനം ദിവസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല.

ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ഇറക്കുമതി ചെയ്തതാണ്‌ പാമോയില്‍. ദീപാവലി ആഘോഷത്തിനാണ്‌ തിരക്കിട്ട്‌ പാമോയില്‍ ഇറക്കുമതി ചെയ്തതെന്നാണ്‌ ഔദ്യോഗിക ഭാഷ്യം. ഈ ഇറക്കുമതി സംസ്ഥാന ഖജനാവിന്‌ കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ്‌ കേസ്‌. രണ്ടു പതിറ്റാണ്ടായി കേസ്‌ തുടരുകയാണ്‌. സുപ്രീംകോടതി വരെ എത്തിയിട്ടും കേസ്‌ തീര്‍പ്പാക്കാനായില്ല. പാമോയില്‍ പോലെ കേസും വഴുവഴുപ്പനായി നീളവെയാണ്‌ അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച്‌.മുസ്തഫയ്‌ക്ക്‌ ബുദ്ധി ഉദിച്ചത്‌. ‘അന്നത്തെ ധനകാര്യമന്ത്രിക്കുള്ള പങ്കെ പാമോയില്‍ ഇറക്കുമതിയില്‍ എനിക്കുമുള്ളൂ. എന്നിട്ടും ഞാന്‍ മാത്രം പ്രതി.’ മുസ്തഫ ഈ സംശയം ഉന്നയിച്ചത്‌ കോടതിയിലാകുമ്പോള്‍ കോടതി ബധിരകര്‍ണനാകുമോ ! ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്‌ ഇടതു സര്‍ക്കാര്‍. ഇടതിന്‌ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നുറപ്പായപ്പോള്‍ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌.
ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കത്തക്ക തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട്‌ പക്ഷേ കോടതിയെ തൃപ്തിപ്പെടുത്തിയില്ല. കയ്യോടെ റിപ്പോര്‍ട്ട്‌ തള്ളി. വരുന്നിടത്തു വച്ച്‌ കാണാമെന്ന നിലപാടുമായി ഉമ്മന്‍ചാണ്ടി അതിവേഗം ഭരണകാര്യങ്ങളില്‍ മുഴുകിയപ്പോള്‍ പി.സി.ജോര്‍ജിന്റെ പൗരബോധമാണുണര്‍ന്നത്‌. റിപ്പോര്‍ട്ട്‌ തള്ളിയ ജഡ്ജി കമ്മ്യൂണിസ്റ്റു സഹയാത്രികനാണെന്ന ജോര്‍ജിന്റെ ആക്ഷേപം കോടതി അലക്ഷ്യമായി കോടതിയിലെത്തി. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ചപ്പോള്‍ സര്‍ക്കാരിന്റെ ചീഫ്‌ വിപ്പായ ജോര്‍ജ്‌ ജഡ്ജിക്കെതിരെ രാഷ്‌ട്രപതിക്ക്‌ നല്‍കിയ പരാതിയാണ്‌ കൂട്ടപ്പൊരിച്ചിലില്‍ കലാശിച്ചത്‌.

ജുഡീഷ്യറിക്കെതിരായ ഈ നടപടി ഭരണഘടനാ വിരുദ്ധമെന്നതില്‍ പ്രതിപക്ഷത്തിന്‌ സംശയമേതുമില്ല. കോടതിയെ സംശയത്തിന്റെ നിഴലില്‍ കാണുന്നതു പോലൊരപവാദം ഭൂമി മലയാളത്തില്‍ മേറ്റ്ന്തെങ്കിലുമുണ്ടോ ? ജഡ്ജിയെ കോംഗ്ഞ്ഞാണന്‍ എന്നു വിളിച്ച സുധാകരനൊഴിച്ചുള്ള സിപിഎം നേതാക്കളെല്ലാം ജോര്‍ജിനെതിരെ തിരിയുന്നതു മനസ്സിലാക്കാം. കോണ്‍ഗ്രസ്‌ നേതാക്കള്‍ ചൂലെടുത്തതെന്തിനാണെന്ന സംശയം ബലപ്പെട്ടു. ‘പള്ളിക്കൂടത്തില്‍ പോകാത്ത അച്യുതാനന്ദന്‌ ഇംഗ്ലീഷിലെഴുതിയ കത്തിലെ ഉള്ളടക്കം മനസ്സിലായിക്കാണില്ലെന്ന്‌’ ജോര്‍ജ്‌ പറഞ്ഞെങ്കിലും പള്ളികളും പള്ളിക്കൂടങ്ങളും വര്‍ഷങ്ങളോളം കയറിയിറങ്ങി പരിചയമുള്ള രമേശ്‌ ചെന്നിത്തല പറഞ്ഞതോ ? ഉമ്മന്‍ചാണ്ടിക്കതൊരു ആപ്പാകുമെങ്കില്‍ കിടക്കട്ടെ എന്നു കരുതിക്കാണും. പക്ഷേ വി.ഡി.സതീശനൊഴിച്ചുള്ള കോണ്‍ഗ്രസുകാരെല്ലാം തിരുത്തി. ജോര്‍ജിനെ ചൊടിപ്പിച്ച്‌ ഉമ്മന്‍ചാണ്ടി കുരുങ്ങുമെങ്കില്‍ നടക്കട്ടെ എന്ന്‌ സതീശന്‍ ചിന്തിച്ചെങ്കില്‍ കുറ്റപ്പെടുത്താനാകില്ല. മോഹങ്ങളെല്ലാം വെറുതെയെന്നറിയാമെങ്കിലും വെറുതെ മോഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ. വിഷയം അതല്ല. കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും കോടതികളോടുള്ള ആദരവ്‌ എത്ര പെട്ടെന്നാണ്‌ കൂമ്പാരമായത്‌ എന്നാണാരും ആലോചിച്ചു പോവുക.

കമ്മ്യൂണിസ്റ്റുകാര്‍ കുഞ്ഞുനാളു മുതലെ വിളിച്ചു പഠിക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണ്‌ ‘ബൂര്‍ഷ്വാ കോടതി തുലയട്ടെ’ എന്നത്‌. പഠിച്ചതു മറക്കാന്‍ കഴിയാത്തതു കൊണ്ടാണ്‌ ജഡ്ജിമാരെ ‘ശുംഭന്മാരെന്ന്‌’ വിശേഷിപ്പിക്കാന്‍ എം.വി.ജയരാജനെ പ്രേരിപ്പിച്ചത്‌. കോടതിയെ അധിക്ഷേപിച്ച്‌ ശിക്ഷ വാങ്ങിയ സഖാവാണ്‌ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്‌. ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്താറു പിഴയ്‌ക്കും ശിഷ്യര്‍ക്ക്‌ എന്നല്ലേ. അതൊക്കെ പഴയകാര്യം. ജഡ്ജിക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്താനും പ്രമേയം പാസ്സാക്കാനും ഇടതു മുന്നണി എന്നെങ്കിലും മടിച്ചിട്ടുണ്ടോ ? തലശ്ശേരിയില്‍ സിപിഎം അക്രമികള്‍ക്ക്‌ ശിക്ഷ വിധിച്ച ഒരു ജഡ്ജിക്കും പോലീസ്‌ സംരക്ഷണം ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിയമസഭയില്‍ വന്‍കോലാഹലം സൃഷ്ടിച്ച ഒരു പ്രമേയം വന്നതാണ്‌. ഇന്ന്‌ ജോര്‍ജിനെ പൂട്ടാന്‍ പ്രയത്നിക്കുന്ന വിഎസ്‌ സഭാനേതാവായിരിക്കുമ്പോഴാണത്‌. വൈദ്യുതി മന്ത്രിയായിരുന്ന എ.കെ. ബാലന്‌ അറസ്റ്റു വാറന്റ്‌ അയച്ച ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റിനെതിരെയായിരുന്നു പ്രമേയം.

മന്ത്രിയല്ലാതിരുന്ന കാലത്ത്‌ ഡിവൈഎഫ്‌ഐയുടെ ട്രെയിന്‍ തടയല്‍ ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വാറന്റ്‌. പ്രതിയായിരുന്ന ബാലന്‌ ശിക്ഷ വിധിക്കാന്‍ കോടതി തീരുമാനിച്ച ദിവസം ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നായിരുന്നു വാറന്റ്‌. 2007 മെയ്‌ 26, 27 തീയതികളില്‍ നിയമസഭയെ ഇളക്കിമറിച്ച പ്രശ്നമായിരുന്നു ഇത്‌. 27നായിരുന്നു പ്രമേയം. ഇന്നത്തെ ചീഫ്‌ വിപ്പിനു പകരം കഴിഞ്ഞ സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന എം.വിജയകുമാറാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.

ജുഡീഷ്യറിയുമായുള്ള അനാരോഗ്യകരമായ ഏറ്റുമുട്ടലിലേക്ക്‌ നിയമസഭയെ വലിച്ചിഴയ്‌ക്കുന്നു എന്നായിരുന്നു യുഡിഎഫിന്റെ വിമര്‍ശനം. അന്നത്തെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, ഇപ്പോള്‍ പി.സി.ജോര്‍ജ്ജിന്റെ പരാതിക്കതിരെ രംഗത്തുവന്നിരിക്കുന്ന കോഗ്രസ്‌ എംഎല്‍എ വി.ഡി. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രമേയത്തിനെതിരെ യുഡിഎഫ്‌ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദനും ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പ്രമേയത്തിനു വേണ്ടി ശക്തമായി വാദിച്ചു. ബാലനെക്കൂടാതെ സിപിഎം എംഎല്‍എ എം. ചന്ദ്രനും വാറന്റുണ്ടായിരുന്നു.

അറസ്റ്റ്‌ വാറന്റിന്റെ പശ്ചാത്തലത്തില്‍ ബാലന്‍ മന്ത്രിയായി തുടരുന്നത്‌ ചോദ്യം ചെയ്ത്‌ വി.ഡി.സതീശന്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. അഴിമതിക്കേസിലൊന്നുമല്ല, മറിച്ച്‌ സമരം ചെയ്തതിന്റെ പേരിലാണ്‌ ബാലനും ചന്ദ്രനുമെതിരെ കേസെടുത്തതും വാറന്റായതുമെന്നു വിഎസ്‌ വിശദീകരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്‌.

പ്രതിപക്ഷം ഇറങ്ങിപ്പോവുകയും പിന്നീടു മടങ്ങിവന്ന്‌ വന്‍ ബഹളമുണ്ടാക്കുകയും ചെയ്തു. രണ്ടു മണിക്കൂറോളം സഭ നിര്‍ത്തിവച്ചു. പിന്നീട്‌ സഭ ചേര്‍ന്നു. മറ്റു സര്‍ക്കാര്‍ കാര്യങ്ങള്‍ക്കു ശേഷമാണ്‌ വിജയകുമാര്‍ പ്രമേയം പുറത്തെടുത്തത്‌. അതോടെ സഭ മുമ്പില്ലാത്ത വിധം പ്രക്ഷുബ്ധമാവുകയും ചെയ്തു. ജുഡീഷ്യറിയും ലെജിസ്ലെറ്റീവും തമ്മില്‍ നിലനിര്‍ത്തേണ്ട പരസ്പര ബഹുമാനത്തിനു വിരുദ്ധമായാണ്‌ മന്ത്രിക്കെതിരെ കോടതി അറസ്റ്റു വാറന്റ്‌ പുറപ്പെടുവിച്ചതെന്നായിരുന്നു പ്രമേയത്തിലെ വിമര്‍ശം.

കോടതിയെ പവിത്രമായി കാണുന്ന പാരമ്പര്യമാണ്‌ തങ്ങള്‍ക്കെന്നാണ്‌ കോണ്‍ഗ്രസുകാരുടെ അവകാശവാദം. ആ പാരമ്പര്യത്തില്‍ ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ കാലവും ഉള്‍പ്പെടുമോ എന്തോ? ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ അസാധുവാക്കിയ അലഹാബാദ്‌ ഹൈക്കോടതി ജഡ്ജിയുടെ കോലം നാടാകെ കത്തിച്ച കൂട്ടരാണ്‌ കോണ്‍ഗ്രസുകാര്‍. ഒരിടത്തും അരുതെന്നു പറയാന്‍ ഒരു നേതാവുമുണ്ടായില്ല. കോടതി വിധി അനുകൂലമായാല്‍ കോടതി കൊള്ളാം. എതിരായാല്‍ കോടതി കണ്ണിലെ കരട്‌. ഏതായാലും നൂറു ദിനോത്സവ വെടിക്കെട്ട്‌ പൊലിപ്പിച്ചു. വകതിരിവ്‌ ഉണ്ടാകാന്‍ ഇത്തരം വെടിക്കെട്ടുകള്‍ വഴിവച്ചേക്കും.

-കെ. കുഞ്ഞിക്കണ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by