ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മഴ തുടരുന്നതായി റിപ്പോര്‍ട്ട്. മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം റോഡില്‍ വെള്ളം നിറഞ്ഞതുകൊണ്ട് ഗതാഗതത്തിനും നിയന്ത്രണമുണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ദല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളും വെള്ളത്തിനടിയിലാണെന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍ വെള്ളം കയറിയതുമൂലം ഗതാഗതം ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി. ഐടിഒ, ലക്ഷ്മിനഗര്‍, റിങ്ങ്റോഡ്, ആസാദ് മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇതുമൂലം ഗതാഗതകുരുക്കുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നഗരത്തില്‍ 25.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായും അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: