ഭാരതം ആത്മീയതയുടെ നാടാണ്. ഈ ദിവ്യഭൂമിയുടെ ജീവശ്വാസമാണ് ആത്മീയത. മനുഷ്യമനസ്സിന്റെ തീര്‍ത്ഥയാത്രകള്‍ പരമോന്നതങ്ങളായ ബോധാതീതാവസ്ഥകളിലെത്തി പുഷ്പിച്ചത് ഇവിടെയാണ്. അതിന്റെ സ്പന്ദനങ്ങള്‍ ഇന്നും ജീവസുറ്റവയാണ്. ലോകത്തിന് മാര്‍ഗദര്‍ശകവുമാണ്. പക്ഷേ, സത്യത്തിന്റെ കവാടങ്ങളുടെ താക്കോല്‍ നമുക്ക് കൈമോശം വന്നിരിക്കുന്നു. ആത്മീയതയും ജീവിതവും വേര്‍പിരിച്ച് തത്വശാസ്ത്രങ്ങളിലും സുഖഭോഗതല്പ്പരതയിലും നാം ഒതുങ്ങി നില്ക്കുന്നു. എങ്കിലും മനുഷ്യന്റെ ദിവ്യമായ ജന്മാവകാശം പുനഃപ്രഖ്യാപനം ചെയ്യുന്ന നവോത്ഥാനങ്ങള്‍ ഒരിക്കലും വിരളമല്ല. സമൂലമായ ഒരു നവോത്ഥാനത്തിന് ഇതാ സമയമായിരിക്കുന്നു.
ഈ ആര്യഭൂമിയുടെ ദിവ്യമായ പൈതൃകം വരിഷ്ഠപുരി എന്ന കൊച്ചുഗ്രാമത്തില്‍ മുകുളിതമായിരിക്കുന്നു. ആ ദിവ്യപ്രകതിഭാസം ആരാധകരാല്‍ സ്നേഹപൂര്‍വ്വം ശ്രീതഥാതന് എന്ന് വിളിക്കപ്പെടുന്നു. ആ ദിവ്യജ്യോതിസ്സിനെ കേന്ദ്രമാക്കി നിലകൊള്ളുന്ന തപോരിഷ്ഠാശ്രമം ആത്മീയ ജീവിതത്തിന് പുതിയ മാനങ്ങളും നിര്‍വചനവും നല്കുന്നു. ഇവിടുത്തെ ജീവിതത്തില്‍ പൗരാണിക സങ്കല്പങ്ങളും തത്വദര്‍ശനങ്ങളും അര്‍ത്ഥഗര്‍ഭമായ അനുഷ്ഠാനങ്ങളും യാഥാര്‍ത്ഥ്യമായി സംയോജിക്കുന്നു. ദിവ്യമായ ആത്മീയാഭിലാഷങ്ങള്ക്കുള്ള സാധാരണ മനുഷ്യന്റെ അര്‍ഹത പ്രഖ്യാപിച്ചുകൊണ്ട് ആശ്രമം പലതിനും നാന്ദി കുറിക്കുന്നു.
ആശ്രമം ഒരു സ്ഥാപനം എന്ന നിലയില്‍ ആരംഭിച്ചേതല്ല. കൗമാരത്തില്‍ തന്നെ തപസ്സിന് ഒരുങ്ങിയ ആ ദിവ്യബാലനെ കേന്ദ്രമാക്കി സാവധാനം രൂപമെടുക്കുകയാണുണ്ടായത്. ജീര്‍ണ്ണിച്ചു കിടന്നിരുന്ന ഒരു ദേവീക്ഷേത്ര പരിസരത്ത് ആ തപസ്സ് ഒരു വ്യാഴവട്ടത്തോളം നീണ്ടുനിന്നു. അതിനുശേഷം സാധാരണമെന്ന് തോന്നുന്ന ജീവിതം നയിച്ചുകൊണ്ട് ബന്ധപ്പെടാനിടയാകുന്നവര്ക്കെല്ലാം ആശ്വാസവും സ്നേഹവും പകരുന്നു. യാതൊരു മോടിയും മൂടുപടവും ഇല്ലാതെ എല്ലാ മനോഭാവങ്ങളും പ്രതിധ്വനിപ്പിച്ചുകൊണ്ട്, ദുഃഖിതര്‍ക്ക് ആശ്വാസവും, അന്വേഷകര്‍ക്ക് സംശയനിവൃത്തിയും മാര്‍ഗ്ഗദര്‍ശനവും നല്കി അദ്ദേഹം ആത്മീയ പന്ഥാവിലൂടെ ജീവിപ്പിക്കുന്നു. തുറന്ന സുഹൃദ്ഭാഷണങ്ങളിലൂടെ ആത്മവിശ്വാസം ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് ക്രോഡീകരിച്ചതാണ് ഇതുവരെ വിവരിച്ച ജീവിത ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: