Categories: Ernakulam

നഗരസഭയിലെ പോര്‌: കൗണ്‍സിലര്‍ക്കെതിരെ ഡിസിസി അച്ചടക്ക നടപടിക്ക്‌

Published by

മരട്‌: മരട്‌ നഗരസഭയിലെ കോണ്‍ഗ്രസിലെ ആഭ്യന്തരകലഹത്തിനെതിരെ അച്ചടക്ക നടപടിയുമായി ഡിസിസി രംഗത്ത്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കൗണ്‍സിലറുമായ ടി.പി.ആന്റണി മാസ്റ്ററെ മറ്റൊരു കൗണ്‍സിലറായ സി.ഇ.വിജയന്‍ പരസ്യമായി അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി കഴിഞ്ഞദിവസം ആക്ഷേപമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ നെട്ടൂര്‍ പ്രദേശത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രണ്ട്‌ ചേരിയായി പോസ്റ്റര്‍ പതിക്കുകയും പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

സംഭവത്തെത്തുടര്‍ന്ന്‌ കയ്യേറ്റം നടത്തിയതായി ആരോപിക്കപ്പെടുന്ന കൗണ്‍സിലര്‍ സി.ഇ.വിജയനെതിരായി നഗരസഭയിലെ മുതിര്‍ന്ന കൗണ്‍സിലര്‍ കൂടിയായ ടി.പി.ആന്റണി മാസ്റ്റര്‍ ഡിസിസി പ്രസിഡന്റിന്‌ പരാതി നല്‍കിയിരുന്നു. സ്വന്തം ഡിവിഷനിലെ റെസിഡന്റ്സ്‌ അസോസിയേഷന്‍ യോഗത്തില്‍ ക്ഷണിക്കപ്പെടാതെ നഗരസഭാ ചെയര്‍മാനോടൊപ്പമെത്തിയ 28-ാ‍ം ഡിവിഷനിലെ കൗണ്‍സിലര്‍ സി.ഇ.വിജയന്‍ 25-ാ‍ം ഡിവിഷനിലെ കൗണ്‍സിലറായ തനിക്കെതിരെ പരസ്യവിമര്‍ശനം നടത്തുകയും യോഗം കഴിഞ്ഞശേഷം നഗരസഭാ ചെയര്‍മാന്റെ മുമ്പില്‍വച്ച്‌ തന്നെ അസഭ്യം പറയുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്നുമായിരുന്നു പരാതി.

പാര്‍ട്ടി നേതാവും തൃപ്പൂണിത്തുറ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റുമായ ആന്റണി മാസ്റ്റര്‍ക്കെതിരെയുണ്ടായ തെറ്റായ നടപടികള്‍ക്ക്‌ കൗണ്‍സിലര്‍ സി.ഇ.വിജയനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ്‌ ഡിസിസി തീരുമാനം. പെരുമാറ്റച്ചട്ടം ലംഘിച്ചത്‌ അതീവ ഗുരുതരമാണെന്നാണ്‌ കൗണ്‍സിലര്‍ക്ക്‌ നല്‍കിയ കത്തില്‍ ഡിസിസി പ്രസിഡന്റ്‌ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by