Categories: Kerala

സംവരണാനുകൂല്യം തട്ടിപ്പറിക്കുന്ന മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളണം: കുമ്മനം

Published by

തൃശൂര്‍ : പട്ടികജാതി സമൂഹം ഇന്ന്‌ അനുഭവിക്കുന്ന അവഗണനക്ക്‌ പരിഹാരം കാണണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. സാമൂഹ്യവും സാമ്പത്തികവുമായി പിന്തള്ളപ്പെട്ട ഹിന്ദുക്കള്‍ക്ക്‌ എല്ലാം നഷ്ടപ്പെട്ടു. സംഘടിത മതസമൂഹം എല്ലാം കവര്‍ന്നെടുക്കുകയാണ്‌. എല്ലാമേഖലയിലും അവരുടെ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഹിന്ദു ഐക്യവേദിയുടേയും സാമൂഹ്യനീതി കര്‍മ്മസമിതിയുടേയും നേതൃത്വത്തില്‍ രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയണം എന്നാവശ്യപ്പെട്ട്‌ നടത്തിയ സ്പീഡ്‌ പോസ്റ്റോഫീസ്‌ മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുമ്മനം.

അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കുന്ന രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ തള്ളിക്കളയണം. കോളേജുകള്‍ക്കും മറ്റും ന്യൂനപക്ഷപദവി നല്‍കുമ്പോള്‍ പട്ടികജാതിക്കാര്‍ക്ക്‌ അവിടെ പഠിക്കാന്‍ അവസരം നഷ്ടപ്പെടുകയാണ്‌. സാമൂഹ്യ പ്രതിബദ്ധത എല്ലാ ഹിന്ദുക്കള്‍ക്കും ഉണ്ടാകണം. അതിനുവേണ്ടിയാണ്‌ ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നും പട്ടികജാതിക്കാരുടെ നിലനില്‍പ്പിന്‌ ഭീഷണിയായ ഈ വിഷയത്തില്‍ എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുവായ വിഷയങ്ങളില്‍ ഒന്നിച്ചുനിന്നുകൊണ്ട്‌ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഹിന്ദു സമൂഹം തയ്യാറാകണം. സംവരണം ആവശ്യപ്പെടുന്ന ക്രൈസ്തവസഭയും മുസ്ലീം മതമേധാവികളും മതംമാറിവരുന്നവര്‍ക്ക്‌ അവരുടെ സ്ഥാപനങ്ങളില്‍ എത്രശതമാനം സംവരണം നല്‍കുന്നുണ്ടെന്ന്‌ വ്യക്തമാക്കണം. ഞങ്ങളുടെ മതത്തില്‍ ജാതിയില്ലെന്ന്‌ കോടതിയില്‍ ബോധിപ്പിച്ച മതനേതാക്കള്‍തന്നെ ജാതിയുടെ പേരിലുള്ള ആനുകൂല്യത്തിന്‌ വിടുപണി ചെയ്യുകയാണ്‌.

മതപ്രീണനവും ന്യൂനപക്ഷ പ്രീണനവും നടത്തുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ ഇതെന്ന്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത കെപിഎംഎസ്‌ സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ്‌ പറഞ്ഞു. നൂറ്റാണ്ടുകളായി അവഗണന അനുഭവിക്കുന്ന പട്ടികസമൂഹത്തെ മതേതര പാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്ന്‌ അവഗണിക്കുകയാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ഉള്ളത്‌ മതപ്രീണനം മാത്രമാണ്‌. ഇത്തരം പാര്‍ട്ടികള്‍ ക്രൈസ്തവ കോര്‍പ്പറേറ്റ്‌ മാനേജ്മെന്റുകളുടെ പണം കൈപ്പറ്റി പട്ടികജാതിക്കാരെ അവഗണിക്കുകയാണ്‌. ഹൈന്ദവസമൂഹം സംഘടിത വോട്ടുബാങ്കായി മാറാന്‍ പോവുകയാണെന്നും തുറവൂര്‍ സുരേഷ്‌ കൂട്ടിച്ചേര്‍ത്തു.

പടന്നമഹാസഭ ഏകോപനസമിതി ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍കുട്ടി, എഴുത്തച്ഛന്‍സമാജം സംസ്ഥാന പ്രസിഡണ്ട്‌ കെ.ജി.അരവിന്ദാക്ഷന്‍, കേരള വേട്ടുവമഹാസഭ ജില്ലാപ്രസിഡണ്ട്‌ പി.കെ.കൃഷ്ണന്‍കുട്ടി, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡണ്ട്‌ അഡ്വ.രമേഷ്കൂട്ടാല, പി.കെ.രാജന്‍, പി.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. തെക്കെഗോപുരനടയില്‍ നിന്നുമാണ്‌ പ്രകടനം ആരംഭിച്ചത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by