Categories: Kerala

ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി പുരോഹിതന്മാര്‍ യത്നിക്കണം: കുമ്മനം

Published by

ആലുവ: ലോകത്തിന്റെ സുഖത്തിനും ക്ഷേമത്തിനും വേണ്ടി പുരോഹിതന്മാര്‍ യത്നിക്കണമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മാധവജി മെമ്മോറിയല്‍ താന്ത്രികകേന്ദ്രം ആന്റ്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആലുവ അദ്വൈതാശ്രമത്തില്‍ നടന്നുവന്ന താന്ത്രികപൂജ പഠനശിബിരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനാലയം മാത്രമല്ല.
കാലത്തെ മറികടക്കാന്‍ ക്ഷേത്രങ്ങള്‍ക്ക്‌ കഴിയും. ക്ഷേത്രങ്ങള്‍ നശിപ്പിച്ചാലും വിശ്വാസങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. ജനങ്ങളുടെ ഹൃദയങ്ങളിലാണ്‌ ക്ഷേത്രവിശ്വാസം നിലനില്‍ക്കുന്നത്‌. ക്ഷേത്രങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ വിശ്വാസം ആര്‍ജിക്കണം. ത്യാഗത്തില്‍കൂടി മാധവജിയെപ്പോലുള്ള ആചാര്യന്മാര്‍ മഹത്തായ ദര്‍ശനം അനുഭവത്തില്‍ കൊണ്ടുവരുകയാണുണ്ടായത്‌. ഇവരുടെ ധ്യാനവും തപസും സമൂഹത്തിന്റെ നന്മക്കുവേണ്ടിയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ്‌ ചെയര്‍മാന്‍ എം.ജി. ധര്‍മ്മന്‍ ശാന്തി അധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, തന്ത്രരത്നം അഴകത്ത്‌ ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്‌, ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.പി. സൗമിത്രന്‍ ശാന്തി സ്വാഗതവും എം.സി. സാബു നന്ദിയും പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by